ഇലകൾ കൊണ്ട് മൂടി മുട്ടയിട്ട് അടയിരിക്കുന്ന രാജവെമ്പാല; കാവലായി മറ്റൊന്നും

kingcobra
SHARE

റാണിപുരം ∙ മുട്ടയിട്ട് അടയിരിക്കുന്ന രാജവെമ്പാലയ്ക്കു സംരക്ഷണമൊരുക്കി വനംവകുപ്പും നാട്ടുകാരും. കുണ്ടുപ്പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ ഞായറാഴ്ചയാണ് 2 രാജവെമ്പാലകളെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിലും ഇതിനെ കണ്ടതിനാൽ പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.പ്രഭാകരൻ പാമ്പ് പിടിത്തക്കാരൻ രാജേഷ് പനയാലുമായി സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇലകൾ കൊണ്ട് കൂടുണ്ടാക്കി അതിൽ മുട്ടകൾക്ക് അടയിരിക്കുന്ന നിലയിൽ രാജവെമ്പാലയെ കണ്ടത്. 20 മുട്ടകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. 

പാമ്പിനെ പിടികൂടിയാൽ മുട്ടകൾ നശിക്കുമെന്നതിനാൽ മുട്ട വിരിയുന്നത് വരെ സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അതുവരെ നിരീക്ഷണം നടത്തും. അടയിരിക്കുന്ന രാജവെമ്പാലക്ക് കാവലായി മറ്റൊരു രാജവെമ്പാല ഉള്ളതായി സംശയിക്കുന്നതിനാൽ നാട്ടുകാർ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. ഫോറസ്റ്റർ കെ.എ.ബാബു, ബിഎഫ്ഒ എസ്.പുഷ്പവതി, വിജേഷ്, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, എം.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണു സംരക്ഷണമൊരുക്കിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...