അംഗരക്ഷകനെയും ചാരത്തലവനെയും മാറ്റി കിം; സഹോദരിയുടെ വഴിതടയാനെന്ന് അഭ്യൂഹം

kim-john-unn
SHARE

 തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കിട്ടാണ് കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച വാർത്തകൾക്കു ഉത്തര കൊറിയ മറുപടി നൽകിയത്. കിം ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന വാദം ചില രാജ്യാന്തര മാധ്യമങ്ങൾ തലക്കെട്ട് നിരത്തുന്നതിനിടെ വോന്‍സാനിലെ റിസോര്‍ട്ടിന്റെ തീരത്ത് വീണ്ടും ആഢംബര കപ്പല്‍ പ്രത്യക്ഷപ്പെട്ടത് അഭ്യൂഹങ്ങൾ പരക്കാൻ കാരണമായി.

ഉത്തരകൊറിയൻ ഏകാധിപതിയുടെ ആരോഗ്യസ്ഥിതികളെ കുറിച്ച് സംശയങ്ങൾ ബാക്കി നിൽക്കെ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനെയും, സുപ്രീം ഗാർഡ് കമാൻഡറെയും കിം മാറ്റി നിയമിച്ചതായാണ് റിപ്പോർട്ട്. കിമ്മിന്റെയും കുടുംബത്തിന്റെയും സംരക്ഷണച്ചുമതല സുപ്രീം ഗാര്‍ഡ് കമാൻഡര്‍ക്കാണ്.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഇംഗ്ലിഷ് ദിനപത്രം ‘കൊറിയ ഹെറാൾഡിന്റെ’ റിപ്പോർട്ട് പ്രകാരം, 2019 ഡിസംബറിൽ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസി ഡയറക്ടറായിരുന്ന ജാം കിൽ-സോങ്ങിനു പകരം ലഫ്റ്റനന്റ് ജനറൽ റിം ക്വാങ്-ഇല്ലിനെ നിയമിച്ചു. കൂടാതെ ഭരണകക്ഷി വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ അംഗമായും റിം ക്വാങ്-ഇൽ നിയമിതനായി. കൂടാതെ 2010 മുതൽ കിമ്മിന്റെ മുഖ്യ അംഗരക്ഷകനായിരുന്ന ആർമി ജനറൽ യുൻ ജോങ്-റിന് പകരം ക്വാക്ക് ചാങ്-സിക്കിനെ പുതിയ സുപ്രീം ഗാർഡ് കമാൻഡറായി നിയമിച്ചു. ഭരണകക്ഷിയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണെന്നും റിപ്പോർട്ടുകൾ.

ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ് എന്നിവയ്‌ക്കെതിരെ ഉത്തര കൊറിയ നടത്തിയ ആക്രമണങ്ങൾ, ചാരവൃത്തി, രഹസ്യ പ്രവർത്തനങ്ങൾ, സൈബർ യുദ്ധം എന്നിവയിൽ രഹസ്യാന്വേഷണ ഏജൻസി പങ്കാളിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 2010ൽ ദക്ഷിണ കൊറിയൻ നാവിക കപ്പലായ ചിയോനനെ ആക്രമിച്ചതും ഇവരാണെന്ന് ദക്ഷിണ കൊറിയ വിശ്വസിക്കുന്നു. ആക്രമണത്തിൽ 46 നാവികരാണു കൊല്ലപ്പെട്ടത്. അപ്പോൾ സൈനിക ജനറലും മുൻ എൻ‌കെ ന്യൂക്ലിയർ പ്രതിനിധിയുമായ കിം യോങ്-ചോൽ 2009ൽ ഏജൻസി നിലവിൽ വന്നപ്പോൾ അതിന്റെ തലവനായിരുന്നു.

അതേസമയം, മുൻ മുൻനിരയിലുള്ള രണ്ടു ഉദ്യോഗസ്ഥരെ മാറ്റിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രധാന സഹായികളെ സുപ്രധാന തസ്തികകളിൽ ഉൾപ്പെടുത്തി കിം അധികാരത്തിൽ പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ വർഷം 80 ശതമാനം പോളിറ്റ് ബ്യൂറോ അംഗങ്ങളെ പുനഃസ്ഥാപിച്ചിരുന്നു. ‌സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷന്റെ 82 ശതമാനം പേരെ മാറ്റി. കിം ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ വന്ന സമയത്ത് സഹോദരി കിം യോ-ജോങ് പിൻഗാമിയാകാമെന്നും രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കിമ്മിനൊപ്പം ഉത്തരകൊറിയയുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് അതിനുള്ള കാരണമായി വിലയിരുത്തിയത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ‍് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുമായി കിം ചർച്ച നടത്തിയപ്പോൾ സഹോദരിയാണ് കൂടെയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ നടപടി തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കാണിക്കാനോ, ഉത്തര കൊറിയയുടെ ആക്രമണോത്സുകത അവസാനിച്ചിട്ടില്ലെന്ന് ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനോ, സഹോദരിയെക്കാൾ താനാണ് സമർഥനെന്ന് തെളിയിക്കാനുള്ളതാണോ ഉള്ളതാണെന്നു രാജ്യാന്തര മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...