തെറ്റാണെന്നറിയാം, സൈക്കിളെടുക്കുന്നു; വയ്യാത്ത മകനെ വീട്ടിലെത്തിക്കണം; കത്തിനൊപ്പം കണ്ണീർ

cycle-letter
SHARE

‘നമസ്തേ,

ഞാൻ ഒരു അതിഥി തൊഴിലാളിയാണ്, നിസ്സഹായനും. ഞാനാണ് നിങ്ങളുടെ സൈക്കിൾ മോഷ്ടിച്ചത്. ചെയ്യുന്നത് തെറ്റാണെന്നറിയാം, കുറ്റബോധമുണ്ട് പക്ഷേ എന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ല. നിങ്ങൾ എന്നോട് പൊറുക്കണം. വയ്യാത്ത കുഞ്ഞിനെയും കൊണ്ട് ബറേലിയിലേക്ക് പോകാൻ വേറെ വഴിയില്ല. മാപ്പ്. 

ഒപ്പ്

(മുഹമ്മദ് ഇക്ബാൽ)’

വീട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ കാത്തിരുന്നു. പലരോടും അഭ്യർഥിച്ചു. വിശപ്പടക്കാനാവാതെ കുഞ്ഞുങ്ങൾ നിലവിളിക്കുന്നത് നിസ്സഹായനായി നോക്കി നിന്നു. ഭിന്നശേഷിയുള്ള കുഞ്ഞിനെയും കൊണ്ട് ഇത്രയും ദൂരം എങ്ങനെ നടക്കുമെന്ന ചോദ്യത്തിന് മുഹമ്മദിന് മുന്നിൽ ഉത്തരമില്ലായിരുന്നു. ഒടുവിൽ എല്ലാ വഴികളും അടഞ്ഞപ്പോൾ മനസില്ലാ മനസോടെ അത് ചെയ്യേണ്ടി വന്നു. മോഷണം തെറ്റാണെന്ന് അറിയാം, പക്ഷേ കുഞ്ഞിനെ വീട്ടിലെത്തിക്കാൻ മറ്റെന്താണ് മാർഗം?

രാജസ്ഥാനിലെ ഭാരത്പൂരിൽ നിന്ന് യുപിയിലെ ബറേലിയിലേക്കുള്ള മുഹമ്മദ് ഇക്ബാലിന്റെ 250 കി.മീ യാത്ര അയാൾ ഒരിക്കലും മറക്കില്ല. വറ്റിയ തൊണ്ടയും വിശന്ന് വിശന്ന് വിശപ്പറിയാതായ വയറും കത്തിയെരിയുന്ന വെയിലും അയാളെ തളർത്തിയില്ല. പക്ഷേ തന്നെ ജീവിതത്തിലാദ്യമായി മോഷ്ടാവാക്കിയ ആ സൈക്കിളിന്റെ ഒരോ പെഡൽ ചവിട്ടുമ്പോഴും അയാളുടെ ഉള്ളിലെ കുറ്റബോധം അണപ്പൊട്ടിയൊഴുകി. ഒരു തുണ്ട് കടലാസിൽ എഴുതിവച്ച ക്ഷമാപണം സൈക്കിളിന്റെ ഉടമസ്ഥന് കിട്ടിക്കാണണെയെന്ന് ഉള്ളുരുകി പ്രാർഥിച്ചു. 

ആ പ്രാർഥന ദൈവം കേട്ടു. വീടിന്റെ വരാന്ത വൃത്തിയാക്കുന്നതിനിടെ സഹാബ് സിങ്ങിന് ആ കത്ത് കിട്ടി. ജീവിതം പോലെ, മുറിഞ്ഞുപോയ ആ അക്ഷരങ്ങൾ ചേർത്തു വായിച്ചപ്പോൾ സഹാബിന്റെ മനസിൽ ഒരു നിസ്സഹായനായ മനുഷ്യന്റെ മുഖം തെളിഞ്ഞുവന്നു. വിശന്നു കരയുന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അതുകൊണ്ടായിരിക്കണം സ്കൂൾക്കാലം മുതൽ സ്വരുക്കൂട്ടിവച്ച പണം കൊണ്ട് സ്വന്തമാക്കിയ സൈക്കിൾ മോഷണം പോയിട്ടും അയാൾക്ക് പരാതിയില്ലാത്തത്. 

(ഒരു പക്ഷേ ലോക്ഡൗൺ കഴിയുമ്പോൾ മുഹമ്മദ് ഇക്ബാൽ ആ സൈക്കിളുമായി തിരികെ വന്നേക്കും.സൈക്കിൾ മടക്കി നൽകി സഹാബ് സിങ്ങിനോട് നേരിട്ട് മാപ്പുചോദിച്ചേക്കും.)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...