നെഞ്ചിൽ പാൽ നിറഞ്ഞു വേദനിച്ചു, മകന്റെ കരച്ചിലിൽ വിഡിയോ കോളും നിർത്തി

saritha-nurse
SHARE

തിരുവനന്തപുരം: കഴിഞ്ഞ മാസം 26നായിരുന്നു ശ്രീശങ്കറിന്റ ഒന്നാം പിറന്നാൾ. പക്ഷേ, പിറന്നാൾ കേക്ക് മുറിക്കാൻ അവന് ഈ മാസം 10 വരെ കാത്തിരിക്കേണ്ടി വന്നു. കോവിഡ് ഡ്യൂട്ടിയും ക്വാറന്റീനും കഴിഞ്ഞ് അമ്മയെത്തിയത് അന്നാണ്. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സായ ബാലരാമപുരം സ്വദേശി സരിതയാണ് ആ അമ്മ. കോവിഡ് വാർഡിൽ ഡ്യൂട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ അഭിമാനം തോന്നിയതിനൊപ്പം, മക്കളെ എങ്ങനെ പിരിഞ്ഞിരിക്കുമെന്ന ആശങ്ക കൂടി ഉണ്ടായിരുന്നു. മൂത്ത മകൻ 6 വയസ്സുകാരൻ ശിവസന്ദീപിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഇളയകുട്ടിക്കു പാലു കൊടുത്ത് അവനെ അമ്മയുടെ അടുത്താക്കി സരിത ഡ്യൂട്ടിക്കു കയറി.

പിപിഇ കിറ്റ് ധരിച്ചു ജോലിയിൽ മുഴുകുന്നതിനിടെ പലപ്പോഴും നെഞ്ചിൽ പാൽ നിറഞ്ഞു വേദനിച്ചു. ജോലിയുടെ ഇടവേളകളിൽ ചിന്ത മുഴുവൻ കുഞ്ഞുങ്ങളെക്കുറിച്ച്. വിഡിയോ കോൾ തുടങ്ങി പാതിയെത്തുമ്പോഴേ മകന്റെ കരച്ചിൽ പതിവായതോടെ സരിത അതും അവസാനിപ്പിച്ചു. അതീവ ജാഗ്രത വേണ്ട ജോലിക്കിടെ മാനസിക സംഘർഷങ്ങളെ നിയന്ത്രിച്ചു മുന്നോട്ടു പോകാൻ സഹപ്രവർത്തക സുനന്ദയായിരുന്നു ധൈര്യം.

‘കുറേയധികം സങ്കടപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായതിൽ സന്തോഷമേയുള്ളൂ. ചെറിയ കുട്ടിയുള്ളതുകൊണ്ട് മാറ്റി നിർത്തുമോ എന്ന് കരുതിയിരുന്നു. കുഞ്ഞ് വളരുമ്പോൾ അഭിമാനത്തോടെ പറയാം, പാലുകുടി മാറാത്ത അവനെ വിട്ട് അമ്മ കോവിഡ് രോഗികളെ പരിചരിച്ചിരുന്നു എന്ന്– സരിത പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...