മുംബൈയിൽ കോവിഡിനെ തോൽപ്പിച്ച് അവൾ ഇന്ന് വീണ്ടും വാർഡിൽ ജോലിക്ക്; സഹോദരന്റെ കുറിപ്പ്

covid-mumbai-nurse
SHARE

കോവിഡിനെ തോൽപ്പിച്ച നഴ്സായ സഹോദരിയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഈ യുവാവ്. മുംബൈയിലെ ആശുപത്രിയിൽ ജോലിക്കിടയിലാണ് സഹോദരിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് അതേ ആശുപത്രിയിൽ അവൾ വീണ്ടും ജോലിക്ക് കയറി എന്ന് അഭിമാനത്തോടെ പറഞ്ഞാണ് ആൽബിൻ രാജ് എന്ന യുവാവ് അതിജീവനത്തിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

കുറിപ്പ് വായിക്കാം: 

പോ മോനെ കോവിഡെ,

ഞങ്ങളുടെ കുഞ്ഞൂട്ടി ഇന്ന് വീണ്ടും ഡ്യൂട്ടിക്ക് വാർഡിലെത്തി...

മൂന്നാഴ്ച മുൻപാണ്, കൃത്യമായി പറഞ്ഞാൻ ഏപ്രിൽ 20ന് രാത്രി ഒരു മണിക്കാണ് അവളുടെ മെസേജ് വന്നത്– ‘ റിസൾട്ട് വന്നു, പോസിറ്റീവ്’. പോടീ ചുമ്മാ കളിക്കാതെ, എന്റെ ചങ്കിടിപ്പ് കൂടുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. ‘അല്ലട സത്യായിട്ടും. ഞാൻ ഇപ്പോൾ ഐസലേഷൻ വാർഡിലാ..’ ഞങ്ങളുടെ കുഞ്ഞുവീട്ടിലെ സന്തോഷത്തിന്റെ തട്ടുകൾ ഓരോന്നായി അടർന്നുവീഴുന്നത് ഞാനറിഞ്ഞു. 

രാത്രി പത്തോടെ റിസൾട്ട് വന്നതാണ്. അവളത് ഉൾക്കൊള്ളാൻ എടുത്ത സമയത്തിന് ശേഷമാണ് എനിക്ക് മെസേജ്. ഫോൺ വിളിക്കല്ലേ, ഞാൻ കരഞ്ഞുപോകും എന്ന് പറഞ്ഞ് അവൾ ഐസലേഷൻ വാർഡിലെ മുറിയിൽ ഒറ്റയ്ക്ക് കിടന്നു. കോവി‍ഡ് ഒന്നും അത്രവല്യ രോഗമല്ല, ഇവിടെ എല്ലാ രോഗികളും രോഗം മാറി ആശുപത്രി വിട്ടന്നെ.. ഇന്നുകൂടെ ഞാനൊരു കോവിഡ് രോഗിയെ വിളിച്ചിരുന്നു, അവർക്ക് ഒരു ടെൻഷനുമില്ല... നീ പേടിക്കണ്ട, ഒരു മൂന്ന് ദിവസം ആദ്യ ടെസ്റ്റ് തന്നെ നെഗറ്റീവ് ആയിക്കോളും. – എന്തൊക്കെയോ അവളോട് ഞാൻ പറഞ്ഞുകൊണ്ടേ ഇരുന്നു. 

മുംബൈയിലെ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയിട്ട് ഒരു വർഷം കഴിഞ്ഞു. കൊതിച്ച് കൊതിച്ച് കഴിഞ്ഞ മാസം വീട്ടിലേക്ക് വരാൻ ഫ്ലൈറ്റ് ടിക്കറ്റ് വരെ ബുക്ക് ചെയ്തതാണ്. പക്ഷേ ഒരു കുഞ്ഞ് വൈറസ് എല്ലാം തകിടം മറിച്ചു. അവളുടെ ഹോസ്പിറ്റലിൽ വന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അറിഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് നിങ്ങൾ എല്ലാരും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന്. മാനേജ്മെന്റുമായി കുറേ പ്രശ്നം ഉണ്ടാക്കിയാണ് കുഞ്ഞൂട്ടി അടക്കം 15 നഴ്സുമാരുടെ സ്വാബ് ടെസ്റ്റ് ചെയ്തത്. റിസൾട്ട് വന്നപ്പോൾ അവളടക്കം 3 പേർക്ക് പോസിറ്റീവ്. മറ്റ് രണ്ടുപേർ മുംബൈക്കാരാണ്.

റിസൾട്ട് അറിഞ്ഞപ്പോൾ എന്ത് ചെയ്യുമെന്ന് ഒരുപിടിയും ഇല്ലായിരുന്നു. പ്രധാന പ്രശ്നം ഇതല്ല, അപ്പയോട് എങ്ങനെ പറയും 

മുൻപ് നിരീക്ഷണത്തിലാക്കി എന്നറിഞ്ഞപ്പോൾ എനിക്കിപ്പം എന്റെ കൊച്ചിനെ കാണണം എന്ന് പറഞ്ഞ് ബഹളം വച്ച കക്ഷിയാണ്. ആ കൊച്ചിന് കോവിഡ് ആണെന്ന് അറിഞ്ഞാലോ.. എനിക്ക് കണ്ണിൽ ഇരുട്ടും കയറുപോലൊക്കെ തോന്നി. രണ്ടുംകൽപിച്ച് അവള് തന്നെ രാവിലെ അപ്പയെ വിളിച്ച് പറഞ്ഞു. ഭാഗ്യം, അപ്പയും അമ്മയും ഭയങ്കര പോസ്റ്റീവ് വൈബ്. സാരമില്ലന്നെ... പെട്ടന്ന് മാറിക്കോളും അത്രവല്യ രോഗമെന്നും അല്ലല്ലോ ഇത്. എനിക്ക് ഭയങ്കര അത്ഭുതം തോന്നി.

സത്യത്തിൽ കുഞ്ഞൂട്ടിക്ക് ടെൻഷൻ അടിക്കാതിരിക്കാൻ അപ്പയും അമ്മയും അവർക്ക് ടെൻഷൻ ആവാണ്ടിരിക്കാൻ അവളും നല്ല അഭിനയം ആരുന്നു.എനിക്കറിയാം അപ്പയും അമ്മയും അതുകഴിഞ്ഞ് ഉറങ്ങിയിട്ടുണ്ടാവില്ല.മുംബൈയിലെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. വാർത്ത ഒന്നും കാണണ്ട എന്ന് വീട്ടിലും കൂഞ്ഞൂട്ടിയോടും ഞാൻ തറപ്പിച്ച് പറഞ്ഞു. എല്ലാ പ്രതീക്ഷയും തകിടം മറിച്ച് രണ്ടാം റിസൾട്ട് വന്നു, വീണ്ടും പോസിറ്റീവ്. അതോടൊപ്പം വർഷങ്ങൾക്ക് മുൻപ് ടാറ്റാ പറഞ്ഞുപോയ ആസ്തമയും പയ്യെ തലപൊക്കിതുടങ്ങിയതോടെ ഓരോ സെക്കൻഡും അത്രയ്ക്ക് കനപ്പെട്ടതായി.

വിഡിയോ കോളിലൂടെ അപ്പ അവളുടെ റൂമി‍ൽ തന്നെയായിരുന്നു 24 മണിക്കൂറും. പിറ്റേന്ന് കുഞ്ഞൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന റൂംമേറ്റുകളുടെ പരിശോധനാ ഫലം വന്നു, നെഗറ്റീവ്. ഭാഗ്യം ഞാൻ ആർക്കും രോഗം കൊടുത്തില്ലല്ലോ’ അവൾ പറഞ്ഞു.

മൂന്നാമതും സാംപിൾ എടുത്തു. ‘ വല്യ പ്രതീക്ഷ ഒന്നും വേണ്ടട, എനിക്ക് നല്ല ക്ഷീണവും തൊണ്ടവേദനയും ഉണ്ട്. ആ വൈറസ് എന്റെ ഉള്ളീന്ന് പോയിട്ടില്ലെന്നുറപ്പാ’. മൂന്നാമത്തെ പോസിറ്റീവ് റിസൾട്ടിനായി ഞങ്ങളെല്ലാം മനസ്സുകൊണ്ട് തയാറായിരുന്നു. അപ്പച്ചനും അമ്മയും ഇനി അധികം പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് തോന്നുന്നു. വേറെ ആരോടും പറ‍ഞ്ഞിട്ടില്ല. ഇടുക്കി കോവിഡ് നോഡൽ ഓഫിസറെക്കൊണ്ട് അവളെ ഒന്ന് വിളിപ്പിച്ച് ഇച്ചിരി ധൈര്യം കൊടുക്കാനും അതിനിടയിൽ ഞാൻ ശ്രമിച്ചു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 10 പേരും രോഗം ഭേദമായി വീട്ടിൽ പോയിരുന്നു.

ഇപ്പോഴും ഓർമയുണ്ട്, ‘‘ഉണ്ണീ... ഡാ എനിക്ക് നെഗറ്റീവ് ആടാ...’’ ഹിമാലയം കീഴടക്കിയ ആവേശത്തോടെയാണ് അവൾ അന്ന് രാത്രി ഫോൺ വിളിച്ചത്. ചങ്കിന്റെ മുകളീന്ന് ഒരു കല്ല് മാറ്റിയ പോലെ.. അപ്പച്ചനും വിളിച്ചു, അത്ര സന്തോഷിച്ച് അപ്പയുടെ ശബ്ദം ഞാൻ കേട്ടിട്ടില്ല. പാതിവഴിയിൽ ആയ വീടുപണിപോലും ഉപേക്ഷിച്ച് അവളെക്കുറിച്ച് ഓർത്ത് ഓരോ നിമിഷവും കടന്നുപോയ ഒരു കുടുംബത്തിന് ശ്വാസം നേരെകിട്ടിയ നിമിഷമായിരുന്നു അത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഐസലേഷൻ വാർഡിൽ നിന്ന് മാറി വേറൊരു മുറിയിൽ 14 ദിവസത്തെ നിരീക്ഷണം. ഐസലേഷൻ വാർഡിലെ പരിപ്പും ചപ്പാത്തിയും കഴിച്ച് മടുത്ത് വീണ്ടും ഫ്രൈഡ് റൈസ് കിട്ടിയതിന്റെ ആഹ്ളാദം അവൾ വിളിച്ചുപറഞ്ഞു.

അങ്ങനെ 14 ദിവസത്തെ നിരീക്ഷണവും പൂർത്തിയായി ഇന്ന് ഉച്ചയ്ക്ക് എന്റെ അനിയത്തി വീണ്ടും വാർഡിലെത്തി. പേരുപോലും അറിയാത്ത ഏതോ രോഗി അവൾക്ക് കോവിഡ് പകർന്നു നൽകിയ അതേ വാർഡിൽ... ഒരു മാസം ഒന്ന് വീട്ടിൽ പോയി വന്നതാണെന്ന് കരുതിയാൽ മതിയെന്നേ... അടുത്ത രോഗിയുടെ അടുത്തേക്ക് അവൾ ഒരു പേടിയും ഇല്ലാതെ നഴ്സിങ് കിറ്റുമായി നടന്നുപോകുകയാണ്.

അതെ, അവളാണ് എന്റെ ഹീറോ.. നീ പോ മോനെ കോവിഡെ എന്നും പറഞ്ഞ് പൊരുതി ജയിച്ചവൾ.ഇന്നും മുബൈയിൽ അഞ്ഞൂറിലേറെ പുതിയ കോവിഡ് രോഗികളുണ്ട്. അതെ അവൾക്ക് വിശ്രമിക്കാൻ സമയമില്ല. കെട്ടിപ്പിടിച്ചൊരുമ്മ, എന്റെ നഴ്സൂട്ടിക്ക്...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...