ലോക്ഡൗണിൽ കുടുങ്ങി; നിറഞ്ഞ സഹായം; കായംകുളത്തിന് നന്ദി പറ‍ഞ്ഞ് സർക്കസ് കലാകാരന്മാർ

jumbocircus
SHARE

ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ അതിജീവനത്തിനായി കലയെ മുറുകിപ്പിടിച്ച് സഞ്ചരിക്കുന്നവരാണ് സർക്കസ് കലാകാരന്മാർ. ലോക്ഡൗൺ ഇവരുടെ ജീവിതത്തെ കനത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജംബോ സർക്കസിന്റെ 120 കലാകാരന്മാർ അടങ്ങുന്ന സംഘമാണ് കുടങ്ങിയത്. രോഗഭീതിയെ കുറിച്ചും ഇക്കാലയളവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കർഷങ്ങളെ കുറിച്ചും മനോരമ ന്യൂസ് ഡോട്കോമിനോട് മനസ്സു തുറക്കുകയാണിവര്‍.

'സങ്കടങ്ങളില്ലാത്തവരാരും സർക്കസിൽ വരില്ലല്ലൊ' പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചാൽ ഈ കലാകാരന്മാർ പുഞ്ചിരിയോടെ നൽകുന്ന ആദ്യ മറുപടിയാണിത്.  ഷോ നടക്കാത്തതും. പണം ലഭിക്കാത്തതും നാട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടൂംബവും എല്ലാം അവരുടെ നിറയുന്ന കണ്ണുകളില്‍ വ്യക്തം. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വിവിധ വേഷങ്ങളിൽ അരങ്ങിലെത്തുന്ന ഇവരുടെ വിഷമങ്ങൾ വേദികളോ കാണികളോ കാഴ്ചക്കില്ലാതെ ഉരുകി തീരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 28 നാണ് ജംബോ സര്‍ക്കസ് കായംകുളം കെഎസ് ആർടിസി സ്റ്റാന്‍റിന് സമീപത്തെ ഗോകുലം ഗ്രൗണ്ടിൽ തമ്പടിച്ചത്. ടെന്റും ഒരുക്കങ്ങളുമൊക്കെ പൂർത്തിയാക്കി ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം ഷോ നടത്തി. കോവിഡ് ആശങ്ക എത്തിയതോടെ സുരക്ഷ പരിഗണിച്ച് മാർച്ച് 10 ന് പൂർണമായി കൂടാരത്തിന് ലോക്കിട്ടു. ദിവസങ്ങൾ പിന്നിട്ടതോടെ രാജ്യം സമ്പൂർണ ലോക് ഡൗണിലേക്കും കടന്നു. 

'ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതുവരെ ഉണ്ടായിരുന്ന ചുറ്റുപാടുകളൊക്കെ മാറിമറിഞ്ഞു. പുറത്ത് പോകാനോ ടെൻറിലേക്ക് സാധാനങ്ങൾ വാങ്ങാനോ ഒന്നും സാധിക്കാതെയായി. ഷോയില്ല പണമില്ല ഭക്ഷണമില്ല ആകെ പ്രതീക്ഷയറ്റ ദിവസങ്ങളായിരുന്നു അത്. 120 പോരോളം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

പക്ഷേ ഞങ്ങളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാനും സഹായിക്കാനുമായി കായംകുളത്തെ നിരവധി സംഘടകൾ എത്തി. ഭക്ഷണവും അവശ്യ സാധനങ്ങളുമെല്ലാം എത്തിച്ചു തന്നു. എംഎൽഎ യു പ്രതിഭയുടെ ഭാഗത്ത് നിന്നും നല്ല സഹകരണമുണ്ടായി. സിവിൽ സപ്ലൈസിൽ നിന്ന് ആവശ്യമായ റേഷൻ ലഭിക്കാൻ തുടങ്ങി. ‍ഞങ്ങൾക്ക് ഇവിടുത്തെ ജനങ്ങളോട് പറ‍ഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട് .' തലശ്ശേരി സ്വദേശിയായ ജംബോസർക്കസിൻറെ മാനേജർ വി സേതുമോഹനൻ പറയുന്നു.

ആഫ്രിക്കയിൽ നിന്നും നേപ്പാളിൽ നിന്നും ഉൾപ്പെടെ വിദേശികളും സ്വദേശികളുമായ 120 കാലാകരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കുറച്ചുപേര്‍ അഥിതിത്തൊഴിലാളികൾക്ക് അനുവദിച്ച പ്രത്യേക ട്രെയിനിൽ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇപ്പോൾ 80 പേരുണ്ട്. റേഷൻ ലഭിച്ചിരുന്നത് വലിയൊരു ആശ്വാസമായിരുന്നെന്ന് ഇവർ പറയുന്നു. എന്നാൽ ഈ ആഴ്ചത്തെ വിഹിതം ഇതുവരെയും ലഭിക്കാത്തതിൻറെ ആശങ്കയിലാണ് ഇപ്പോൾ. സർക്കസ് ക്യാംപിലെ നായ്ക്കളും പക്ഷികളുമടക്കം ഈ റേഷന്‍ പ്രതീക്ഷിച്ചാണ് കഴിയുന്നത്. മുൻപ് സഹായവുമായി എത്തിയിരുന്നവരിൽ പലരും ലോക്ഡൗൺ നീളുന്നതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കുന്നു. 

ഷോ നടക്കുന്നില്ലെന്നും വരുമാനം ഇല്ലെന്നും അറിഞ്ഞതോടെ ഗ്രൗണ്ടിൻറെ ഉടമയായ പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ വാടകവേണ്ടെന്ന് അറിയിച്ചിരുന്നു. ഇതും വലിയൊരു ആശ്വാസമായതായി പറയുന്നു. പ്രദർശനം ഇനി എന്ന് പുനരാരംഭിക്കാനാവുമെന്ന് അറിത്തതിനാൽ അവസാന ആശ്രയം സർക്കാരാണ്. സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവർ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷോ അവതരിപ്പിച്ചിട്ടുള്ള തങ്ങൾക്ക് ഇതാദ്യമായുള്ള ഇത്തരമൊരു അനുഭവമെന്ന് ഇവർ ഒന്നടങ്കം പറയുന്നു. ലോകം തന്നെ ഇത്ര വലിയ മഹാമാരിയെ നേരിടുമ്പേൾ ആരും രോഗത്തിൻറെ പിടിയിലകപ്പെടാഞ്ഞതിൻറെ ആശ്വാസവുമുണ്ട്. വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിക്കുന്നതിലും പ്രത്യേക ശ്രദ്ധപുലർത്തുകയും ചെയ്യുന്നുണ്ട്.

1977ൽ ജമിനി സർക്കസ് സ്ഥാപകനായ ജമിനി ശങ്കറാണ് ജംബോ സർക്കസ് സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മക്കളായ അജയ് ശങ്കറും അശോക് ശങ്കറുമാണ് ഇപ്പോൾ സർക്കസിൻറെ ഉടമകൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...