കോവിഡ് ഡ്യൂട്ടിക്കിടെ കുഞ്ഞ് പിറന്നു; കണ്ണ് നിറഞ്ഞ് അച്ഛന്‍; ഹൃദയം തൊടും കുറിപ്പ്

nurse-covid-experience
SHARE

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ നിൽക്കുമ്പോള്‍ ആരോഗ്യപ്രവർത്തകർ തങ്ങളുടെ കുടുംബം പോലും മറന്നാണ് രോഗികളെ ശുശ്രൂഷിക്കുന്നത്. പൂർണ ഗർഭിണിയായ ഭാര്യയെ വീട്ടിലാക്കി കോവിഡ് ഡ്യൂട്ടിക്കായി എത്തിയതും, കോവിഡ് സംശയമുള്ള ഒരു രോഗിക്ക് ഇഞ്ചക്‌ഷൻ നൽകുന്നതിനിടെ ഭാര്യയുടെ പ്രസവ വേദന അറിയിച്ചുള്ള വിളിയെത്തിയതും, ശേഷം പെൺകുഞ്ഞിന്റെ അച്ഛനായി എന്ന വിവരം വിളിച്ച് അറിയിച്ചതുമായ കാര്യങ്ങൾ വിവരിക്കുകയാണ് നോയ്ഡയിലെ ഒരാശുപത്രിയിലെ നഴ്സ്. ഹ്യൂമൻസ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

''ഒരു നഴ്സായ എന്റെ സേവനം, നോയ്ഡയിലെ ശാരദ ഹോസ്പിറ്റലിൽ ആവശ്യമായി വന്നപ്പോൾ എന്റെ ഭാര്യ ഒൻപതു മാസം ഗർഭിണിയായിരുന്നു. ഞാൻ ഭോദോര എന്ന ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ളയാളും ഒരു കർഷകന്റെ മകനുമാണ്. ഞാൻ ചെറിയ ജോലികൾ ചെയ്തും ഫീസ് അടയ്ക്കാൻ കടം വാങ്ങിയുമൊക്കെയാണ് നഴ്സിങ് ഡിഗ്രി പൂർത്തിയാക്കിയത്. ഈ അവസ്ഥയിൽ എന്റെ ഭാര്യയെ വിട്ടുപോരുന്നത് കൊല്ലുന്നതിനു തുല്യമാണെന്നറിയാം, പക്ഷേ എനിക്കതു ചെയ്തേ പറ്റൂ. അതെന്റെ ജോലി കൂടിയാണ്.

15 ദിവസങ്ങൾ കഴിഞ്ഞ് കോവിഡ് സംശയിക്കുന്ന ഒരു രോഗിക്ക് ഇഞ്ചക്‌ഷൻ നൽകുന്നതിനിടെയൊണ് അവൾക്ക് വേദന തുടങ്ങിയെന്നറിയിച്ച് കുടുംബത്തിൽ നിന്ന് ഫോൺ വന്നത്. സമാധാനമായിരിക്കാനും അവളെ ആശുപത്രിയിലെത്തിക്കാനും ഞാൻ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കു ശേഷം എന്നെ ഭാര്യ വിളിച്ചു. ഞാൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായി എന്നറിയിച്ചു. ഞാനാകെ തകർന്നു പോയി, എന്നോടൊപ്പെ എന്റെ ഭാര്യയും കരഞ്ഞു. അവൾ കുഞ്ഞിന്റെ ഫോട്ടോയും അയച്ചുതന്നു. ഓടിച്ചെന്ന് അവളെ എന്റെ കൈകളിൽ വാരിയെടുക്കാൻ ഞാൻ ആഗ്രഹിച്ചു.

എന്നാൽ ആ ചിന്തകൾ എന്നെ ജോലി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചതേയില്ല. ഞാൻ ചിന്തകളെയെല്ലാം ഒതുക്കി എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏതാനും മാസങ്ങളായി ഞാൻ ഏഴു ദിവസവും 24 മണിക്കൂറും ജോലി ചെയ്യുകയാണ്. ദാരുണമായ അവസ്ഥകളെ നേരിടേണ്ടിവന്ന നിരവധി പേരെ ഞാൻ കണ്ടുമുട്ടി.

ഏതാനും ആഴ്ചകൾക്കു മുമ്പ് ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതിൽ മധ്യവയസ്കനായ പിതാവ് കോവിഡ് പോസിറ്റീവ് ആയിരുന്നു. അയാൾക്ക് ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടായിരുന്നു. അയാളുടെ ഭാര്യയെയും ആണ്‍മക്കളെയും രണ്ടാഴ്ച ക്വാറന്റീനിൽ ആക്കി. അവരുടെ വാർഡുകളിൽ ഞാൻ മാറി മാറി ജോലി ചെയ്തു. അയാളുടെ കുടുംബം എപ്പോഴും അയാൾക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. അയാള്‍ക്ക് സുഖമാകുമെന്ന് ഞാൻ അവരോട് ഉറപ്പിച്ചു പറഞ്ഞു. ഭാഗ്യത്തിന് അയാൾ സുഖം പ്രാപിച്ചു.

ഇതുവരെ എന്റെ രോഗികളെല്ലാം കോവിഡിൽ നിന്നും മുക്തരായതിൽ ഞാൻ ഭാഗ്യവാനാണ്. അവർ തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങുന്ന കാഴ്ച വളരെ നല്ല അനുഭവമാണ്. അവർ പുഞ്ചിരിക്കും, ഞങ്ങളോടു നന്ദി പറയും, ചിലപ്പോൾ പോകുമ്പോൾ അവർ കരഞ്ഞെന്നും വരാം. രോഗത്തോടു പൊരുതുകയാണെങ്കിലും രോഗികൾ ഞങ്ങളുടെ വേദന മനസ്സിലാക്കുന്നു.

കോവിഡ് 19 വാർഡിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാനും മാസങ്ങളായി. പ്രോട്ടോക്കോൾ അനുസരിച്ച് ഞങ്ങൾക്ക് രോഗമുണ്ടോ എന്ന ടെസ്റ്റ് നടത്തണം. ഞാൻ ഇപ്പോൾ ഐസലേഷനിൽ 11–ാം ദിസമാണ്. ഭാഗ്യത്തിന് ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. എന്റെ ഭാര്യയ്ക്ക് സങ്കടമുണ്ട്. എന്നാൽ അവൾ ഞങ്ങളുടെ കുഞ്ഞിന്റെ വിഡിയോകൾ എനിക്ക് അയയ്ക്കുന്നു. പല പ്രാവശ്യം അവൾ തന്റെ പപ്പയെ വിഡിയോയിൽ കണ്ട് കരച്ചിൽ നിർത്തി.

ഞങ്ങൾ നഴ്സുമാരെയും ഡോക്ടർമാരെയുമോർത്ത് എനിക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ രോഗികളെപ്പോലെ എല്ലാ ദിവസവും ഞങ്ങൾ പൊരുതുകയാണ്. പെട്ടെന്നുതന്നെ എന്റെ അവസരവും വരും, എനിക്കുറപ്പാണ്. എന്റെ ഗ്രാമത്തിലേക്ക്, കുടുംബത്തിലേക്ക് പോകാൻ, എന്റെ മകളെ കൈകളിൽ വാരിയെടുക്കാൻ ഉടനെ എനിക്കും അവസരം വരും. അവൾ ആദ്യത്തെ വാക്കു പറയുമ്പോൾ, ആദ്യ ചുവടുവയ്ക്കുമ്പോൾ ഞാൻ കൂടെയുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു''.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...