ഒരേ ബസിൽ ജോലിക്കെത്തിയത് യാദൃശ്ചികമല്ല; 20 വർഷത്തെ പ്രണയം സഫലം: ആ കഥ

giri-thara-lovestory
SHARE

ജിവിതം പ്രണയത്തിന്റെ ഗിയറിലിട്ട് ഗിരി ഗോപിനാഥനും താര ദാമോദരനും യാത്ര ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷം. ദീർഘകാലം നീണ്ട പ്രണയയാത്ര ദാമ്പത്യത്തിന്റെ ഗിയറിലേക്ക് മാറിയത് പക്ഷെ ഈ ലോക്ഡൗൺ കാലത്താണ്. കെ.എസ്.ആർ.ടി.സി ബസിന്റെ അവസ്ഥ പോലെ തന്നെയായിരുന്നു കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവറായ ഗിരിയുടെയും കണ്ടക്ടറായ താരയുടെയും ജീവിതവും.

ഈ പ്രണയയാത്ര ഇടയ്ക്ക് മുടങ്ങി കട്ടപ്പുറത്താകുമോയെന്ന് പേടിച്ച ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ലോക്ടൗൺ കാലം ഇവർക്ക് കാത്തുവെച്ചത് ദാമ്പത്യത്തിന്റെ ദീർഘദൂര സർവീസിലേക്കുള്ള പ്രമോഷനായിരുന്നു. അതോടെ  ഓച്ചിറ ക്ലാപ്പന കല്ലേശേരിൽ ഭദ്രകാളി ക്ഷേത്രത്തിൽ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഗിരി ഗോപിനാഥും (46) കണ്ടക്ടർ താരാ ദാമോദരനും (44) വിവാഹിതരായി.  20 വർഷമായി തുടർന്ന് ഈ യാത്രയുടെയും ദാമ്പത്യത്തിലേക്ക് എത്തിയ ശുഭാന്ത്യത്തിന്റെയും കഥ ഗിരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവെയ്ക്കുന്നു.

2000ൽ അമ്മാവനെ ബിസിനസിൽ സഹായിക്കാൻ നിൽക്കുന്ന സമയത്താണ് ഞാൻ താരയെ ആദ്യം കാണുന്നത്. വേലഞ്ചിറയിലായിരുന്നു അമ്മാവന്റെ വീടും സ്ഥാപനവും, അവിടെ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്നു താര. അന്ന താരയ്ക്ക് 24 എനിക്ക് 26 വയസും. പരിചയം പ്രണയമാകാൻ അധികം സമയമെടുത്തില്ല. വീട്ടുകാരോട് പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ എതിർപ്പൊന്നുമില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ജീവിതത്തിൽ വില്ലനായി എത്തിയത് ജാതകമാണ്. ജാതകപൊരുത്തം നോക്കിയപ്പോൾ ചേരത്തില്ലെന്ന് മാത്രമല്ല, വിവാഹിതരായാൽ ദോഷമാണെന്നും പറഞ്ഞു. അച്ഛന് ജാതകത്തിൽ വലിയ വിശ്വാസമാണ്. അതോടെ ഈ വിവാഹം നടത്തില്ലെന്ന് പറഞ്ഞു.

അനുവാദമില്ലാതെ തന്നെ വിവാഹം കഴിച്ച് എവിടെയെങ്കിലും പോയി ജീവിക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. പ്രണയം കാരണം അമ്മാവന്റെ സ്ഥലത്ത് നിന്നും പോരേണ്ടിയും വന്നു. ഒരു പെണ്ണിനെ ഇറക്കിക്കൊണ്ടുവന്നാൽ നോക്കാൻ ജോലി വേണ്ടേ? സ്ഥിരവരുമാനുള്ള ഒരു ജോലി പോലുമില്ല. എങ്ങനെയെങ്കിലും ഒരു ജോലി നേടണം, എന്നിട്ട് താരയെ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. അങ്ങനെ ഒരുപാട് പിഎസ്‌സി പരീക്ഷകൾ എഴുതി. എനിക്ക് മാത്രം ജോലി പോര എന്നുള്ള ആഗ്രമുണ്ടായിരുന്നത് കൊണ്ട് താരയേയും പഠിപ്പിക്കാൻ പ്രേരിപ്പിച്ചു. കത്തുകളേക്കാൾ കൂടുതൽ ഞങ്ങൾ കൈമാറിയത് പഠനസാമിഗ്രികളാണ്. ഏതായാലും പഠിച്ചതിന് പ്രയോജനമുണ്ടായി. 

2007ൽ എനിക്ക് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവറായി ജോലി കിട്ടി. 2010ൽ താര കണ്ടക്ടറുമായി. എനിക്ക് ഡ്രൈവറായി ജോലി കിട്ടിയപ്പോൾ താരയുടെ ഏറ്റവും വലിയ ആ ആഗ്രഹം ആ ബസിലെ കണ്ടക്ടറാകണമെന്നുള്ളതായിരുന്നു. എനിക്ക് പക്ഷെ അവൾക്ക് കുറച്ചുകൂടി നല്ല ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ജാതകം ചതിച്ചെങ്കിലും പിഎസ്എസി ഞങ്ങളുടെ പ്രണയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. രണ്ടുപേർക്കും ഹരിപ്പാട് ഡിപ്പോയിൽ തന്നെ ജോലി കിട്ടി. താര ഞാൻ വളയം പിടിക്കുന്ന ബസിന്റെ ഡ്രൈവറായതോടെ പ്രണയം വീണ്ടും ഡബ്ബിൾ സ്പീഡിൽ മുന്നോട്ട് പാഞ്ഞു. 2012ലാണ് പലരും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയുന്നത്. അതോടെ കെ.എസ്.ആർ.ടി.സിയിലെ മൊയ്തീനും കാഞ്ചനമാലയുമാണെന്നൊക്കെ കൂട്ടുകാർ കളിയാക്കി വിളിക്കാൻ തുടങ്ങി. ഇതിനിടയ്ക്ക് ഞങ്ങളുടെ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞു. ഞങ്ങളുടെ കാര്യം വീണ്ടും അവതരിപ്പിക്കാം എന്ന് കരുതിയിരുന്ന സമയത്ത് അച്ഛൻ സുഖമില്ലാതായി. വീണ്ടും പ്രതിസന്ധിയായതോടെ ആരോടും ഒന്നും പറയാൻ പോയില്ല. അതോടെ വിവാഹം വീണ്ടും നീണ്ടു. ഒരു പുരുഷനെ സംബന്ധിച്ച് വിവാഹിതനല്ലാതെ തുടരുന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. പക്ഷെ ഞങ്ങളുടെ പോലെയൊരു ഗ്രാമത്തിൽ ഇത്രയും കാലം എനിക്ക് വേണ്ടി താര കാത്തിരുന്നത് ചില്ലറകാര്യമല്ല. കുറ്റപ്പെടുത്താനും കുത്തിനോവിക്കാനുമൊക്കെ ഒരുപാട് പേരുണ്ടായിരുന്നു. 

കഴിഞ്ഞവർഷം അച്ഛൻ മരിച്ചു. അതിനുശേഷമാണ് വീണ്ടും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ ഞാനും അമ്മയും വീട്ടിൽ തനിച്ചായി. അച്ഛന്റെ മരണശേഷം അമ്മയുടെ ഒറ്റപ്പെടലും കൂടി. എന്നാലും ഇനിയും എന്തെങ്കിലും എതിർപ്പ് പറയുന്നത് ഒഴിവാക്കാനായി വിവാഹകാര്യം അമ്മയോട് പറഞ്ഞില്ല. ഈ ഞായറാഴ്ച (ഏപ്രിൽ 5) ആയിരുന്നു വിവാഹം. ഒരു കൂട്ടുകാരനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. കുറച്ചുനേരം കഴിഞ്ഞും എന്നെ കാണാതായപ്പോൾ അമ്മ വിളിച്ചു. ഞങ്ങളുടെ വിവാഹം അപ്പോഴേ കഴിഞ്ഞിരുന്നു. ഞാനിപ്പോൾ വരാമെന്ന് പറഞ്ഞ് ഫോൺവെച്ചു. പിന്നെ വീട്ടിൽ ചെല്ലുന്നത് താരയുമൊത്താണ്.  ലോക്ഡൗൺ ആയതുകൊണ്ട് അമ്മ 'ഇറങ്ങിപോടാ' എന്ന് പറയില്ലെന്ന് ഉറപ്പായിരുന്നു. തമാശയ്ക്ക് പറഞ്ഞതാണേ! അമ്മ എതിർപ്പ് കാണിച്ചില്ലെന്ന് മാത്രമല്ല മരുമകളെ നിറഞ്ഞ മനസോടെ നിലവിളക്കുകൊളുത്തി സ്വീകരിക്കുകയാണ് ചെയ്തത്. വിവാഹം കഴിഞ്ഞ് ഫോട്ടോ സമൂഹമാധ്യമത്തിലൂടെ വൈറലായതോടെ ഒരുപാട് പേര് വിളിച്ചു. എന്റെ പഴയൊരു അധ്യാപിക നമ്പർ തപ്പിയെടുത്ത് വിളിച്ച് ആശിർവദിച്ചത് ഒരുപാട് സന്തോഷം തോന്നിയ സംഭവമായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...