ലോക്ഡൗണൊക്കെ എന്ത്? ഓടി മറയുന്ന ആൾരൂപത്തെ കാണാൻ ആൾക്കൂട്ടം

invisible-man
SHARE

ഓടി മറയുന്ന ആൾരൂപത്തിന്റെ പേരിൽ ലോക്ഡൗൺ ലംഘിച്ച് രാത്രി കാലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നു.  ഏതാനും ദിവസങ്ങളായി കോക്കൂർ, പാവിട്ടപ്പുറം, കല്ലൂർമ, കാഞ്ഞിയൂർ, ചേലക്കടവ്, നരണിപ്പുഴ ഭാഗങ്ങളിൽ ഓടി മറയുന്ന അദൃശ്യമനുഷ്യനെ കാണുന്നതായാണ് നാട്ടുകാർക്കിടയിലെ സംസാരം.  വീടുകളുടെ വാതിലിൽ മുട്ടുക, പുറത്തെ ടാപ്പുകൾ തുറന്നിടുക തുടങ്ങിയവയാണത്രെ അജ്ഞാതന്റെ വികൃതികൾ. 

ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ അസാധാരണ ഉയരമുള്ള ആൾ രൂപം ഓടി മറയുന്നതാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.  ആളുകൾ സംഘടിച്ചെത്തി പരിശോധിക്കുകയും പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായില്ല. നേരത്തേ, തൃശൂർ ജില്ലയിലെ പഴഞ്ഞി, കാട്ടകാമ്പാൽ കുന്നംകുളം, ചമ്മന്നൂർ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി പറയുന്നു. സാമൂഹിക വിരുദ്ധരുടെ നടപടിയാണിതെന്നും എവിടെയും മോഷണം നടന്നതായും ആക്രമിച്ചതായും പരാതികൾ ഇല്ലെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു.

വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ പേരിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് ചങ്ങരംകുളം എസ്ഐ ടി.ഡി.മനോജ് കുമാർ അറിയിച്ചു.  യുവാക്കളിൽ പലരും ‘അദൃശ്യ മനുഷ്യനെ’ പിടികൂടാൻ കൂട്ടമായി പുറത്തിറങ്ങുകയാണ്.  ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സാമൂഹിക വിരുദ്ധർ രംഗത്തിറങ്ങി ഭീതി പരത്തുന്നുണ്ടോ എന്നത് പെ‍ാലീസ് പരിശോധിച്ചു വരികയാണ്. പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഐ മുന്നറിയിപ്പ് നൽകി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...