കോവിഡ് ബാധിച്ച ആ പെൺകുട്ടി പറയുന്നു: അയ്യപ്പൻ–കോശി കഥയല്ല, ഇത് കേരളമാണ്

recovered-patient
പ്രതീകാത്മക ചിത്രം
SHARE

വെല്ലുവിളിയുമായി വന്ന കോവിഡ് 19 രോഗത്തോട് ‘കൂട്ടുകാരാ, നിനക്കു സ്ഥലം മാറിപ്പോയി’ എന്നു പറയുകയാണ് ഈ ആരോഗ്യപ്രവർത്തക. രോഗികളെ പരിചരിച്ചതിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച ഇവരുടെ വാക്കുകകളിൽ നിറയെ ആത്മവിശ്വാസമാണ്. സഹപ്രവർത്തകർക്ക് ഇവർ എഴുതിയ കുറിപ്പ് ഒരോ ആരോഗ്യ പ്രവർത്തകർക്കും പ്രചോദനമാവുകയാണ്. കുറിപ്പിന്റെ പൂർണരൂപം:

 

വിളിക്കാതെ വന്ന കൂട്ടുകാരൻ

വിളിക്കാതെ വന്ന ഈ കൂട്ടുകാരൻ എന്റെ കൂടെക്കൂടി എന്ന് ഉറപ്പു വരുത്തിയിട്ട് മാർച്ച് 27നു നാലു ദിവസമാകുന്നു. എന്നെ ഈ റൂമിൽ അടച്ചിട്ട്, പതുക്കെ പുറത്തിറങ്ങി ബാക്കി ആളുകളെ കാണാം എന്നാണു പുള്ളി വിചാരിച്ചിരിക്കുന്നത്, അതുപക്ഷേ നൈസായിട്ട് ആദ്യമേ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പുതിയ കൂട്ടുകാരനെ എന്റെ കൂടെ കണ്ടാൽ എല്ലാവരും പേടിച്ചു മാറും എന്ന ധാരണ തിരുത്തി, എന്റെ ചങ്ക് ഫ്രണ്ട്‌സും, പിന്നെ ഈ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും അവരുടെ പ്രാർഥനയും കരുതലും എപ്പോഴും കൂടെത്തന്നെയുണ്ട്. അത് ഞാൻ ഇവിടത്തെ സ്റ്റാഫ് ആണെന്നുള്ള പരിഗണന ആണെന്നു വിചാരിച്ചാൽ തെറ്റി, ഞാനടക്കമുള്ള ഓരോ ആരോഗ്യപ്രവർത്തകരും ഇവിടെ വരുന്നവർക്ക് നൽകുന്ന കരുതലാണത്. 

കാര്യം എന്റെ പുതിയ കൂട്ടുകാരൻ കുറച്ചൊന്നുമല്ല എന്നെ മാനസികമായി തളർത്താൻ  ശ്രമിക്കുന്നത് എങ്കിലും എന്റെ സഹ പ്രവർത്തകർ, സീനിയർ  സ്റ്റാഫ് അംഗങ്ങൾ, ഡോക്ടർമാർ, നഴ്സിങ് ഹെഡ്സ്, സൂപ്രണ്ട് തൊട്ട് നമ്മുടെ ഗവണ്മെന്റിന്റെയും അകമഴിഞ്ഞ കരുതൽ, ഈ മുറിയിൽ നിന്നോട് ഒറ്റയ്ക്ക് ‘ഫൈറ്റ്’ ചെയ്യാനുള്ള കരുത്ത് എനിക്കു തരുന്നുണ്ട്. ഈ റൂമിൽ കയറിയപ്പോൾ അയ്യപ്പനോ കോശിയോ ആരെങ്കിലും ഒരാളേ പുറത്തിറങ്ങുകയുള്ളു എന്നാണ്  വിചാരിച്ചിരുന്നത്. എന്നാൽ പാവം കൂട്ടുകാരന് തെറ്റി. അവൻ വെല്ലുവിളിയുമായി വന്ന സ്ഥലം മാറിപ്പോയി. ഇത് ആരോഗ്യ സുരക്ഷയ്ക്ക് പേരുകേട്ട കേരളമാണ്. 

എണ്ണം വച്ചോ  കലണ്ടറിൽ ഒരു വാരം കഴിയും മുന്‍പ് നിന്നെ മലർത്തിയടിച്ച് ഞാനും മുറി വിടും. പിന്നെ എന്റെ കൂട്ടുകാരാ, നിന്നോടുള്ള സഹതാപം കൊണ്ട് പറയുവാ... നീയും നിന്റെ കൂട്ടാളികളും അധികം ഇവിടെക്കിടന്നു കറങ്ങാൻ നിൽക്കണ്ട. നിനക്കറിയില്ല കേരളത്തിലെ ആളുകളെയും ആരോഗ്യപ്രവർത്തകരെയും. അവർ നിന്നെ ഉറക്കും, നല്ല ആരാരീരോ പാടി ഉറക്കും....                 

നിയോഗം പോലെ വന്ന ഡ്യൂട്ടി

സ്വയം സന്നദ്ധമായാണ് കോവിഡ് വാർഡിലെ ഡ്യൂട്ടി എറ്റെടുത്തത്. മുന്നിൽ എത്തിയത് നിർമല മനസ്സുള്ള കുട്ടികളെപ്പോലുള്ള മുതിർന്ന ദമ്പതികൾ. 90 വയസ്സുള്ള അച്ഛനും 88 വയസുള്ള അമ്മയും. രോഗം എന്താണെന്നു  പോലും അറിയാത്ത ഇവർ വീട്ടിൽ പോകണമെന്ന് വാശി പിടിച്ചു. വീട്ടിലെ വിശേഷങ്ങളും വിദേശത്തു നിന്നു വന്ന മകൻ കെട്ടിപ്പിടിച്ച കാര്യങ്ങളും എല്ലാം പറഞ്ഞു. ടിവിയിൽ വാർത്തയിൽ തങ്ങളെപ്പറ്റി പറഞ്ഞതും ഇടയ്ക്ക് ചോദിച്ചു. ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗത്തെപ്പറ്റിയും അതിന്റെ ഗൗരവവും ബോധ്യപ്പെടുത്തി. അതോടെ ഇരുവരും അനുസരണയുള്ള കുട്ടികളായി.

രോഗം വന്ന വഴി

അവശത കുടിയതോടെ ഇരുവരുടെയും എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കെണ്ടി വന്നു. പല്ലു തേപ്പിക്കുന്നതു മുതൽ ശരീരം വൃത്തിയാക്കുന്നതും വിസർജ്യം നീക്കുന്നതുമെല്ലാം ചെയ്തു. പ്രായമായ അമ്മയ്ക്ക് ചെവിക്ക് കേൾവിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ അടുത്തു നിന്ന് സംസാരിക്കേണ്ടി വന്നു.  ഇടുങ്ങിയ തീവ്രപരിചരണ മുറിക്കുള്ളിൽ വായു സഞ്ചാരം തീരേ കുറവായിരുന്നു. ശരീരം മുഴുവൻ മൂടുന്ന അതീവ സുരക്ഷയുള്ള പഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് ഉൾപ്പടെ എല്ലാ സുരക്ഷാ മാർഗങ്ങളും സ്വീകരിച്ചിരുന്നു. എന്നിട്ടും രോഗം ബാധിച്ചു.

ചെറിയ സംശയം തോന്നി

ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ എത്തിയപ്പോൾ ചെറിയ പനിയും തൊണ്ട വേദനയും. ഉടൻ ആശുപത്രി വാർഡിൽ തിരികെ എത്തി. പരിശോധനാ ഫലം പോസിറ്റീവായി രണ്ടാം ദിവസം എത്തി. ഒട്ടും പേടിക്കാതെ കോവിഡ് വാർഡിലേക്കു കയറി.

 

തോൽപിക്കാനാവില്ല മക്കളേ...

അദ്യം പനിയും തൊണ്ടവേദനയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം മാറി. കോവിഡ് വാർഡിലെ മുറിക്കുള്ളിൽ ആശുപത്രി അധികൃതർ എത്തിച്ചു നൽകിയ പുസ്തകങ്ങൾ വായിച്ച് സമയം കളയുന്നു. ബന്ധുക്കളും സഹപ്രവത്തകരും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...