സമർപ്പണം; കണ്ണീർ, നോവ്: കോവിഡ് രോഗിയെ ചികിത്സിക്കുന്ന ഒരു ഡോക്ടറുടെ ജീവിതം

doctor
SHARE

ആശുപത്രിയിലെ ജോലി കഴിഞ്ഞ് ഫ്ലാറ്റിന്റെ ചുവട്ടിലെത്തി കയ്യും കാലും സോപ്പിട്ടു കഴുകിയിട്ടാണ് ആ ഡോക്ടർ വീടിന്റെ വാതിൽക്കലെത്തിയത്. കോളിങ് ബെൽ കേട്ടു വാതിൽ തുറന്നയുടൻ മക്കൾ അപ്പാ എന്നു വിളിച്ച് ഓടിയെത്തി.

സ്കൂളില്ലാതെ വീട്ടിലിരിക്കെ അപ്പനെ കെട്ടിപ്പിടിച്ചു സ്വീകരിക്കാനുള്ള ഓട്ടം. വാതിൽപടിയുടെ ഒരു മീറ്റർ അകലത്തിൽ ആ ഓട്ടം നിന്നു. കുട്ടികളുടെ മുഖത്തെ ചിരി മാഞ്ഞു; ഡോക്ടറുടെയും... അപ്പനും മക്കളും തമ്മിലുള്ള ആ അകലത്തിന് മെഡിക്കൽ ഭാഷയിൽ പറയും: ‘സോഷ്യൽ ഡിസ്റ്റൻസിങ്’ – കൈവിട്ടുപോകുന്ന സ്നേഹാലിംഗനം എന്നു മലയാളം! 

അപ്പോഴൊന്നും ഡോക്ടറുടെ മനസ്സു നൊന്തില്ല. പിറ്റേന്നു ജോലിക്കു പോകാനിറങ്ങുമ്പോൾ കുട്ടികൾ പറഞ്ഞു: അപ്പാ, ഫ്ലാറ്റിലെ മറ്റു കുട്ടികളൊന്നും ഞങ്ങളെ കളിക്കാൻ കൂട്ടുന്നില്ല. അപ്പ ആശുപത്രിയിലായതിനാൽ, രോഗം വരാൻ സാധ്യതയുണ്ടത്രെ..

കാറിലേക്കു നടക്കുമ്പോൾ മനസ്സു നൊന്തു. ചെന്നയുടൻ ഓപ്പറേഷൻ തിയറ്ററിനരികിൽ കയറി. കൈകൾ നന്നായി കഴുകി. കണ്ണിലപ്പോഴും ഒരു നൊമ്പരം തിക്കിത്തിരക്കുന്നുണ്ടായിരുന്നു. പിന്നെ പിപിടി (പഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) എന്ന് ഓമനപ്പേരുള്ള വസ്ത്രത്തിനകത്തേക്ക് ഒരു കയറ്റം. രണ്ടു കയ്യുറകൾ, ഷൂസ് മറച്ച് പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു പൊതിക്കെട്ട്. തലമൂടിയ ശേഷം കണ്ണാടിയിൽ നോക്കി. നനവാർന്ന കണ്ണിനു മീതേ  ഒരു കണ്ണട (ഗോഗൾസ്) വച്ചുകെട്ടി. കണ്ണു നിറയുന്നത് ആരും കാണില്ല.

ആദ്യത്തെ കോവിഡ് രോഗിയുടെ അടുത്തെത്തി. അയാളുടെ കണ്ണിലൊരു തിളക്കം. ഡോക്ടർ എന്ന വിളി.. ദേഹം മുഴുവൻ മറച്ച്, തലയടക്കം മൂടി അന്യഗ്രഹ സഞ്ചാരിയെപ്പോലെ വന്നുനി‍ൽക്കുന്ന തന്നെ ഈ രോഗി തിരിച്ചറിഞ്ഞതെങ്ങനെ. അവളുടെ കണ്ണിൽ പ്രതീക്ഷയുടെ പ്രകാശം തിളങ്ങിയതെങ്ങനെ? ആ ഒറ്റച്ചിന്തയിൽ കണ്ണീർ മാഞ്ഞു. അതാണ് ഡോക്ടർ. ഈ കൊറോണക്കാലത്തെ ഓരോ ഡോക്ടറും അങ്ങനെയാണ്. ഐസലേഷൻ വാർഡുകളിൽ അവർക്ക് എല്ലാവർക്കും ഒരേ രൂപം. ഡോക്ടറാണോ നഴ്സാണോ എന്ന് അറിയാൻ വയ്യ.

ഓരോ രോഗിയുടെയും അടുത്തെത്തിയാൽ തൊടുന്നതിനു മുൻപ് ഗ്ലൗസ് മാറ്റണം. 20 രോഗികളുണ്ടെങ്കിൽ 20 തവണ. അഥവാ 20 ‘റിസ്ക്’.  ഐസലേഷൻ വാർഡിലുള്ളവരെല്ലാം രോഗം സ്ഥിരീകരിച്ചവരാകണമെന്നില്ല. ശ്രദ്ധയൊന്നു തെറ്റിയാൽ തനിക്കു രോഗം വരുമോ എന്ന പേടിയുണ്ടോ എന്നു ഡോക്ടർമാരോടു ചോദിച്ചു. മറുപടി ഇങ്ങനെ:

ഞങ്ങൾക്കു വരുമോയെന്ന പേടിയല്ല പ്രധാനം. രോഗമില്ലാതെ കിടക്കുന്ന രോഗികളെയും ഞങ്ങൾക്കു കണ്ടേ തീരൂ. അവർക്കു ഞാൻ മൂലം പടരുമോ എന്ന ആശങ്ക. എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മാത്രമാണ് കുടുംബത്തെയും മക്കളെയും കുറിച്ച് ആലോചിക്കുക.

ഒരു ഡോക്ടറുടെ വാക്കുകൾ കേൾക്കുക: ‘‘ 6 മണിക്കൂർ വീതം 4 ഷിഫ്റ്റുകളിലായാണ് ഞങ്ങൾ കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നത്. സുരക്ഷാവസ്ത്രമണിഞ്ഞ് 6 മണിക്കൂറിൽ കൂടുതൽ ഒരാൾക്കു കഴിയാനാവില്ല. അത്രമേൽ ചൂടാണ് അതിനുള്ളിൽ. നിങ്ങൾ 35 ഡിഗ്രി ചൂട് അനുഭവിക്കുന്നെങ്കിൽ അതിനുള്ളിൽ കുറഞ്ഞതു 45 ഉണ്ടാവും. വെള്ളം കുടിക്കാനോ മൂത്രം ഒഴിക്കാനോ ഈ 6 മണിക്കൂറിൽ സാധ്യമല്ല. ശരിക്കും ശ്വാസം മുട്ടും. അധികം കഴിയുംമുൻപേ കണ്ണടയിൽ ഈർപ്പം പരക്കുന്നതോടെ കാഴ്ചയും മങ്ങും. ഇതെല്ലാം സഹിച്ചുവേണം 6 മണിക്കൂർ താണ്ടാൻ. ഈ വസ്ത്രമണിഞ്ഞു തൊടുന്ന പേനയോ, കടലാസോ ഒന്നും പുറത്തേക്ക് എത്താതിരിക്കുകയും വേണം. പുറത്തേക്കു വിളിക്കാൻ വാർഡിനകത്തെ ലാൻഡ് ഫോൺ മാത്രം ഉപയോഗിക്കാം. 

ശ്വാസംമുട്ടുന്ന വസ്ത്രത്തിനകത്തു നിന്നു പുറത്തിറങ്ങുന്നതാണ് ഏറ്റവും നിർണായകം. 5 ഘട്ടങ്ങളായി പ്രത്യേകം പരിശീലനം ലഭിച്ച രീതിയിൽ ഈ വസ്ത്രം അഴിച്ചുമാറ്റിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ഏറെ മാനസികസംഘർഷം അനുഭവിക്കുന്ന സമയം ഇതാണ്. ഗ്ലൗസ് എങ്ങാനും ആദ്യമഴിച്ചാൽ എല്ലാം തീർന്നു. പരിശീലനം ലഭിച്ചിട്ടുപോലും പലർക്കും തെറ്റിയിട്ടുണ്ട്. ചികിത്സിക്കുന്നവരിൽ ചിലർക്കു വൈറസ് ബാധയുണ്ടായത് സുരക്ഷാവസ്ത്രം അഴിക്കുന്നതിൽ വന്ന വീഴ്ചയാലാണെന്നു സംശയമുണ്ട്. കണ്ണട, തലയിലൂടെ അണിയുന്ന ആവരണം, പ്രധാന സുരക്ഷാ ആവരണം, ഷൂ കവർ, ഗ്ലൗസ്, മാസ്ക് എന്നിവ അഴിച്ചുമാറ്റിയാൽ  തടവറയിൽനിന്നു പുറത്തുകടക്കുന്ന ആശ്വാസമാണ്. എന്നാലും ജോലി തീരുമോ?

ഇതിനിടയിൽ ഞങ്ങൾ നേരിടുന്ന വൈകാരിക നിമിഷങ്ങൾ എന്തൊക്കെയാണെന്നോ? വാർഡിൽ ഒരു രോഗിക്ക് പോസിറ്റീവ് ആണെന്നു ഫലംവന്നു. അത് അയാളോടു പറയുമ്പോൾ തൊട്ടടുത്തു കിടക്കുന്ന രോഗി കേട്ടു. പിന്നെ അയാൾ പറയുന്നതു പേടിയെക്കുറിച്ചാണ്. പകരുമോ എന്ന പേടി.പേടിയെക്കുറിച്ചു പറഞ്ഞയാളെ മറ്റൊരിടത്തേക്കു മാറ്റി. ഞങ്ങൾക്കു മാറാനാവില്ലല്ലോ. ഞങ്ങൾ ഡോക്ടർമാരാണ്....

MORE IN SPOTLIGHT
SHOW MORE
Loading...
Loading...