അച്ഛനുറങ്ങിക്കിടന്നു നിശ്ചലം; കണ്ണീരടക്കി അന്നും ഡ്യൂട്ടിക്കെത്തി മകൻ

joy-varghese
SHARE

സ്വന്തം പിതാവ്് മരണമടഞ്ഞിട്ടും ഒരു നോക്ക് കാണാൻ നിയോഗമില്ലാത്തതിന്റെ വേദന ഒരു വശത്ത്. ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിനു റെയിൽവേ ജീവനക്കാരുടെ വേദന മറുവശത്ത്. മധ്യറെയിൽവേയിലെ ചീഫ് കൺട്രോളറായ തിരുവനന്തപുരം സ്വദേശി ജോയി വർഗീസ് സ്വന്തം വേദന കടിച്ചമർത്തുകയായിരുന്നു. പൂവാറിലെ വീട്ടിൽ പിതാവ് മരിച്ചുകിടക്കെ, പതിവുപോലെ ബാഗുമെടുത്ത് മുംബൈ സയണിലെ വീട്ടിൽ നിന്ന് മധ്യറെയിൽവേ ആസ്ഥാനമായ സിഎസ്എംടിയിലെ ഓഫിസിലെത്തി. കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും കണ്ണീരൊപ്പാൻ.

രക്ഷതേടി കൺട്രോൾ റൂമിലെത്തുന്ന ഫോണുകളെല്ലാം ക്ഷമയോടെ സ്വീകരിച്ച്, ജീവനക്കാരെയും ട്രെയിനുകളെയും സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള ജോലിക്കിടെ, ജോയിയുടെ കണ്ണിൽ നിന്ന് ഉൗർന്നിറങ്ങിയ കണ്ണീർ അധികമാരും കണ്ടിട്ടുണ്ടാവില്ല. ട്രെയിനുകളിലെയും, മധ്യറെയിൽവേ പരിധിയിൽ കുടുങ്ങിയ മറ്റു ട്രെയിനുകളിലെയും ജീവനക്കാരുടെ  സുരക്ഷയും  ഏകോപനവുമാണ് ജോയിയുടെ ചുമതല. ഏതൊക്കെ ട്രെയിനുകൾ എവിടെ കിടക്കുന്നു എന്നു സംബന്ധിച്ച രേഖകളും തയാറാക്കണം. 

വ്യാഴാഴ്ച രാവിലെ ജോയി വർഗീസ് സയണിലെ വീട്ടിൽ നിന്നു ജോലിക്ക് ഇറങ്ങാനിരിക്കെയാണ് മരണവാർത്തയറിഞ്ഞത്. എല്ലാ യാത്രാമാർഗങ്ങളും അടഞ്ഞിരിക്കെ മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര അസാധ്യമായി. സഹോദരൻമാരിൽ ഒരാൾ രാജസ്ഥാനിലും മറ്റൊരാൾ ദുബായിലുമാണ്. മൂന്ന് ആൺമക്കൾക്കും വ്യാഴാഴ്ച പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കാനായില്ല. മൂന്നു സഹോദരിമാരും കുടുംബവുമാണ് അന്ത്യയാത്ര നൽകാനുണ്ടായത്. അമ്മ ബെർലിൻ 3 വർഷം മുൻപു മരണമടഞ്ഞിരുന്നു. 

പിതാവ് തിരുവനന്തപുരം പൂവാർ കല്ലടമുക്ക് ജോബി ഭവനിൽ വി. വർഗീസ് പശ്ചിമ റെയിൽവേയിൽ ഗാർഡായിരുന്നു. ലോക് ഡൗണിനെത്തുടർന്ന് അധികം പേർക്ക് ജോലിക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ് മുംബൈയിൽ. വ്യാഴാഴ്ചയും ഇന്നലെയും രാവിലെ ഏഴു മുതൽ 12 മണിക്കൂറാണ് ജോയി ജോലി ചെയ്തത്. ഒരുപാടു കാലം ഒട്ടേറെ യാത്രക്കാർക്കു കരുതൽ പകർന്ന റെയിൽവേ ഗാർഡായ പിതാവിനുള്ള ഏറ്റവും അനുയോജ്യമായ യാത്രയയപ്പ് ഇതായിരിക്കണം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...