വൈറസിനെ ജൈവായുധമായി സൃഷ്ടിച്ചത് ചൈന; 20 ട്രില്യൻ ആവശ്യവുമായി കോടതിയിൽ

case-against-china
SHARE

ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകൾ. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.

ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു. കോവിഡിനെതുടർന്നു സ്കൂളുകൾ അടച്ചതും കായിക പരിപാടികൾ റദ്ദാക്കിയതും മൂലം കഴിഞ്ഞയാഴ്ച 50,000 ഡോളർ നഷ്ടമുണ്ടായതായി ബസ് ഫോട്ടോസ് ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.

വ്യാജവിവരങ്ങളിൽ ചിലതു സർക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...