ലോക കമ്യൂണിസത്തിന്റെ തകർന്ന മിനാരങ്ങൾക്കും മീതെ ക്യൂബ: പ്രതീക്ഷാനിർഭരം

renji-paniker-on-cuba
SHARE

ലോകം മുഴുവൻ നമ്മെ ഭയപ്പെടുത്തുന്ന വാർത്തകൾ നിറയുമ്പോൾ വളരെ പ്രത്യാശാജനകമായ ഒരു കാഴ്ചയാണ് ക്യൂബ കാണിച്ചു തന്നത്. ഇറ്റാലിയൻ പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ച് ആ രാജ്യത്തിലേക്ക് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ ചെന്നിറങ്ങുന്ന രംഗം എത്ര പ്രതീക്ഷാനിർഭരമായ ഒന്നാണ്. അവരുടെ കയ്യിൽ ഫിദൽ കാസ്ട്രോയുടെചിത്രം. ലോകത്തിലെ വൻശക്തികൾ മുഴുവൻ എതിർത്തു തോൽപ്പിക്കാൻ ശ്രമിച്ചൊരു രാജ്യം, ലോകം വലിയൊരു പ്രതിസന്ധിയിലായ ഘട്ടത്തിൽ മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശം ലോകത്തിലെ മുഴുവൻ ജനതയ്ക്കും നൽകുകയാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇൗ ഭൂമുഖത്തു നിന്നും തുടച്ചു നീക്കും എന്ന് പ്രഖ്യാപിച്ചവർക്കും തുടച്ചു നീക്കാൻ എത്രയോ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്കുമൊക്കെ അടി പതറിപ്പോകുന്ന സാഹചര്യത്തിൽ മനുഷ്യത്വമാണ് ഏറ്റവും വ‌ലിയ ശക്തി എന്ന് ക്യൂബയിൽ നിന്ന് ഇറ്റലിയിലേക്ക് നീളുന്ന സഹായഹസ്തം തെളിയിക്കുന്നു. 

ലോകത്തിലെ ഒരു പ്രത്യയശാസ്ത്രത്തിനും ഇങ്ങനെ മനുഷ്യത്വത്തിന്റെ സന്ദേശം എത്തിക്കാൻ കഴിയില്ല. ലോകത്തിലെ സർവശക്തമായ മതങ്ങൾ,‌ മനുഷ്യശേഷിയും സാമ്പത്തിക ശേഷിയും ആയുധശേഷിയുമൊക്കെയുള്ള രാഷ്ട്രങ്ങൾ, വൻ സാമ്പത്തിക സാമ്രാജ്യത്വശക്തികൾ ഇവരെല്ലാവരും പകച്ചു നിൽക്കുന്ന ഒരു ഘട്ടത്തിലാണ് അതിനെയെല്ലാം അതിജീവിക്കുന്ന മനുഷ്യത്വത്തിന്റെ മഹനീ‍യമായ കാഴ്ച നാം ക്യൂബയിൽ കാണുന്നത്. ഫിദൽ കാസ്ട്രോയും ചെഗവേരയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മനോഹരമായതും മനുഷ്യത്വപരമായതുമായ ഒരു ആപ്ലിക്കേഷൻ ആ രാജ്യത്ത് നടപ്പിലാക്കിയതു കൊണ്ടാണ് ഇങ്ങനെയാരു കാഴ്ച നമുക്ക് ലഭിച്ചത്. 

ക്യൂബ പ്രതിസന്ധിയിലായ ഘട്ടത്തിൽ ലോകത്തിനോടു മുഴുവൻ സഹായത്തിനു വേണ്ടി കേണപേക്ഷിക്കുകയും അതു ലഭിക്കാതെ പോകുകയും ചെയ്ത ഘട്ടത്തിലാണ് എന്റെ രാജ്യത്തെ മുഴുവൻ സാധാരണക്കാർക്കും ഏതു പ്രതിസന്ധിയിലും ഏതു അപായഘട്ടത്തിലും സഹായത്തിനായി ഡോക്ടർമാരുടെ ഒരു സൈന്യം ഉണ്ടാവണമെന്ന് ഫിദൽ കാസ്ട്രോ തീരുമാനിക്കുന്നത്. ഒരു ഉട്ടോപ്യൻ സ്വപ്നമായി പൊലിഞ്ഞു പോയേക്കാമായിരുന്ന ഒരു ആശയത്തെയാണ് കൃത്യമായ ചുവടുവയ്പ്പുകളിലൂടെ ആ രാഷ്ട്രവും അവിടുത്തെ ജനങ്ങളും അവരുടെ നേതാക്കന്മാരും നടത്തിയെടുത്തത്.  സാമ്പത്തിക ശക്തിയും ആയുധശേഷിയും ഒക്കെ അസ്തമിച്ചു പോയാലും മനുഷ്യൻ മനുഷ്യനെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത അവരുടെ ദീർഘവീക്ഷണത്തിൽ അന്നേ ഉദിച്ചിരുന്നു. 

എൺപതുകൾ മുതലിങ്ങോട്ട് കാണുന്ന കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ശിഥിലീകരണം മനുഷ്യസ്നേഹികളായ എല്ലാവരെയും ഒരുപാട് ദു:ഖിപ്പിച്ചിട്ടുണ്ട്. റഷ്യയിലെയും പോളണ്ടിലെയും റൊമാനിയയിലെയുമൊക്കെ കമ്യൂണിസത്തിന്റെ ബ്ലോക്കുകൾ പൊടി‍ഞ്ഞു വീഴുകയും സാമ്രാജ്യത്വ ശക്തികളും മാധ്യമങ്ങളും അത് ആഘോഷിക്കുകയും ചെയ്യുന്നതൊക്കെ കഴിഞ്ഞ നാലു ദശകങ്ങളായി നാം കണ്ടു വരുന്നതാണ്. അതിനൊക്കെയുള്ള വലിയൊരു മറുപടി കൂടിയാണ് ക്യൂബ എന്ന ഇൗ ചെറിയ രാജ്യം നൽകുന്നത്.  

കമ്യൂണിസത്തിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും മാതൃകയായി ചൈനയെ അല്ല നാം കാണേണ്ടത്. ചൈന പോലൊരു വൻശക്തിയൊന്നുമല്ല മനുഷ്യത്വമെന്ന പ്രത്യയശാസ്ത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതും.ഒരു മേധാവിത്വത്തിന്റെയും അവകാശവാദം ഉന്നയിക്കാനില്ലാത്ത ക്യൂബയെപ്പോലൊരു ചെറിയ രാഷ്ട്രമാണ് നമുക്കുള്ള പാഠം. വലിയ പ്രത്യാശകൾ മനുഷ്യരാശിക്കും മനുഷ്യരാശിയോട് പ്രതിബദ്ധതയുള്ള ആളുകൾക്കും ‌നൽകുന്നു ഇത്തരം സംഭവങ്ങൾ. 

ചെ ഗുവേര എന്നാൽ ഏതോ ലാറ്റിനമേരിക്കൻ രാജ്യത്തിലെ പോപ് ഗായകനാണെന്നോ ഫുട്ബോളറാണെന്നോ അല്ലെങ്കിൽ ഒരു ഡിവൈഎഫ്ഐ നേതാവാണെന്നോ കരുതുന്ന ഒരു തലമുറ ഇവിടെയുണ്ട്. അവർക്ക് അദ്ദേഹം ടീഷർട്ടിൽ അച്ചടിച്ച ഒരു പടം മാത്രമായിപ്പോകുന്ന കാഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പണവും സ്വാധീനവുമുപയോഗിച്ച പലരും നടത്തിയ പ്രത്യയശാസ്ത്ര തമസ്ക്കരണത്തിന്റെ പ്രതിഫലനമാണ് ഇതൊക്കെ. 

അമേരിക്ക ഉൾപ്പടെയുള്ള എല്ലാ രാജ്യങ്ങളും ഇൗ ഘട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അവിടുത്തെ ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ തള്ളിപ്പറയുകയുമല്ല. അവരൊക്കെ വിശ്രമമില്ലാതെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പക്ഷേ  പ്രതിശീർഷ വരുമാനത്തിന്റെ അനന്തമായ കണക്കുകൾ നിരത്തുന്ന സ്വയം ശക്തരെന്ന് പല വട്ടം വിശേഷിപ്പിക്കുന്ന രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോഴാണ് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച നേതാക്കന്മാർ ഭരിച്ചിരുന്ന ഒരു ചെറിയ രാജ്യം ഇത്രയും വലിയൊരു ചുവടുവയ്പ്പു നടത്തുന്നത്. അതെ ലോകകമ്യൂണിസത്തിന്റെ തകർന്നു പോയ എല്ലാ മിനാരങ്ങൾക്കും മീതെ ക്യൂബ എന്ന രക്തനക്ഷത്രം ശോഭിക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...