21 ദിവസം പണിയില്ലാത്ത ‘വീട്ടുജീവിതം’; വിരസത മാറ്റാന്‍ ഈ വഴികള്‍

creative-21-days
SHARE

ജോലിയ്ക്ക് പോകുമ്പോൾ എല്ലാവരുടെയും ആഗ്രഹം ഒരു ദിവസമെങ്കിലും വീട്ടിലിരിക്കാൻ സാധിക്കണമെന്നാണ്. എന്നാൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ വന്നപ്പോൾ പലർക്കും വീട്ടിലിരിക്കേണ്ട. ഒന്നാം ദിവസമായപ്പോൾ തന്നെ പതുക്കെ ബോറടിക്കാൻ തുടങ്ങി. വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ കഴിയുമ്പോഴുള്ള വിരസത മാറ്റാൻ പല വഴികളുമുണ്ട്.  ഈ 21 ദിവസം വീടിനുള്ളിലെ ജീവിതം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് പലരും മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇങ്ങനെ:

വായന

പലരും ഒന്നാമതായി പറഞ്ഞ ഓപ്ഷൻ വായനയാണ്. മുടങ്ങിപ്പോയ വായന ശീലം തിരികെ കൊണ്ടുവരാൻ ഈ 21 ദിവസം ഫലപ്രദമായി ഉപയോഗിക്കുമെന്നാണ് പറയുന്നത്. സമൂഹമാധ്യമത്തിലെ വായനയോട് താൽപര്യമുള്ളവരുടെ ഗ്രൂപ്പുകളിൽ റീഡിങ് ചലഞ്ചുകൾ തുടങ്ങിക്കഴിഞ്ഞു. 21 ദിവസം കൊണ്ട് കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് സമ്മാനവുമുണ്ട്. കുട്ടികളിലേക്ക് വായനാശീലം വളർത്താനും പുതിയ അറിവ് പകർന്നുനൽകാനും ഈ സമയം ഉപയോഗിക്കാം. കുട്ടിക്കഥകൾ വായിച്ചു കൊടുക്കാം, കളർ ചെയ്യാനുള്ള പുസ്തകങ്ങൾ നൽകാമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. കുട്ടിയെ ഏതെങ്കിലും ഭാഷ പഠിപ്പിക്കാനും ഈ സമയം വിനിയോഗിക്കാം. കുട്ടികളോട് ഒരു ദിവസം അഞ്ച് സ്പെല്ലിങ്ങ് വീതം പഠിക്കാൻ പറയാം. കയ്യക്ഷരം നന്നാക്കാൻ കോപ്പിയെഴുത്ത് പരിശീലിപ്പിക്കാം.

പാചകം

അധികം പരീക്ഷണങ്ങൾക്ക് നിൽക്കാതെ ഉള്ള സാധനങ്ങൾ കൊണ്ട്  വ്യത്യസ്ത വിഭവങ്ങൾ തയാറാക്കാൻ ശ്രമിക്കുന്നവരുമുണ്ട്. കുട്ടികൾക്ക് അവധിയായതിനാൽ അവരെയും പരീക്ഷണങ്ങൾക്ക് ഒപ്പം കൂട്ടുന്നവരുണ്ട്. ഉള്ളി പൊളിക്കാനും കറിവേപ്പിലയും മുരിങ്ങയിലയുമൊക്കെ നുള്ളാനും കുട്ടികളെയും കൂട്ടത്തിൽ കൂട്ടാം. പാത്രം കഴുകാൻ പഠിപ്പിക്കാം. അവർക്കും ബോറഡിക്കില്ല, വീട്ടിലിരിക്കുന്നവർക്കും വിരസത മാറും. 

കൃഷി

ടെറസ് കൃഷിയുള്ളവർ കൃഷി വിപുലമാക്കുമെന്ന് അഭിപ്രായപ്പെട്ടു. കൃഷി പരിപാലനത്തിന് കൂടുതൽ സമയം കണ്ടെത്തും. വീടിന് ചുറ്റും സ്ഥലമുള്ളവർക്ക് അടുക്കളത്തോട്ടം വിപുലമാക്കാം. ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക് അടുക്കളയിൽ തന്നെ പരീക്ഷിക്കാവുന്ന കൃഷി രീതിയാണ് മൈക്രോ കൃഷി. അധികം സമയവും അധ്വാനവുമില്ലാതെ ചെയ്യുന്ന ഈ കൃഷിയ്ക്ക് മണ്ണിന്റെ പോലും ആവശ്യമില്ല. കടല, പയർ, ഉഴുന്ന്, എള്ള്, തുടങ്ങിയ ധാന്യങ്ങൾ വെള്ളത്തിൽ കുതിർത്തുവെയ്ക്കുക. അതിനുശേഷം ഉപയോഗശൂന്യമായ കണ്ടൈനറിലോ തുറന്ന പാത്രങ്ങളിലോ കട്ടിയിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അൽപം വെള്ളം തളിക്കുക. അതിന്റെ മുകളിലായി കുതിർത്തുവെച്ച ധാന്യങ്ങൾ ഇടവിട്ട് നിരത്തുക. അഞ്ച് ദിവസത്തിനുള്ളിൽ മുളപൊട്ടി ഇല വരും, അവയെടുത്ത് കറി വെയ്ക്കാം. വിഷരഹിതമായ പച്ചക്കറി വീട്ടിൽ തന്നെ ഉണ്ടാക്കാം.

അകത്തളം ഭംഗിയാക്കാം

ജോലി തിരക്കുകൾക്കിടയിൽ അടുക്കിപെറുക്കാതെ കിടന്ന കബോർഡുകൾ വൃത്തിയാക്കും. അകത്തളങ്ങൾ റീ അറെയ്ഞ്ച് ചെയ്ത് ഭംഗിയാക്കും. പൊടിയും മാറാലയും തട്ടിക്കളഞ്ഞ് വീടുവ‍ൃത്തിയാക്കാൻ ഈ സമയം വിനിയോഗിക്കാം. ഇസ്തിരിയിടാതെ മാറ്റിവെച്ചിരുന്ന വസ്ത്രങ്ങൾ ഇസ്തിരിയിടാം. 

ചിത്രരചന

ചിത്രരചനയോട് താൽപര്യമുള്ളവർക്കാണെങ്കിൽ നിരവധി ഓപ്ഷണുകളുണ്ട്. കടലാസിൽ മാത്രമല്ല ചുമരിലും ഇവർക്ക് ചിത്രങ്ങൾ വരയ്ക്കാം. വീടിന്റെ ചുമരുകൾ ചിത്രം വരച്ച് ഭംഗിയാക്കാം. വാൾസ്റ്റിക്കറുകളിൽ കാണുന്നതുപോലെയുള്ള ചിത്രങ്ങൾ വരച്ച് ആകർഷണീയമാക്കാം. സാരികളിലോ കുപ്പികളിലോ ഒക്കെ ചിത്രം വരയ്ക്കാം. ഇതിനോടൊപ്പം തയ്യൽ പഠിക്കാനും ശ്രമം നടത്താം. 

യൂട്യൂബിൽ സിനിമ കാണാം

പലപ്പോഴായി കാണാൻ മാറ്റിവെച്ച സിനിമകൾ ഈ ദിവസങ്ങളിൽ കണ്ടുതീർക്കാം. പഴയ കാല സിനിമകൾ ഇഷ്ടമുള്ളവർക്ക് അതും സമയം പോകാൻ നല്ല മാർഗമാണ്. വീട്ടുകാർക്കൊപ്പം വേണമെങ്കിൽ ടിക്ക് ടോക്കും ചെയ്യാം.

വ്യായാമം

21 ദിവസം ജിമ്മിൽ പോകാനും നടക്കാൻ പോകാനുമൊന്നും സാധിക്കില്ല. പലരും ഈ സമയം കൊണ്ട് തടിവെയ്ക്കാൻ സാധ്യതയുമുണ്ട്. അവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ കാണിച്ചുതരുന്ന നിരവധി വിഡിയോകൾ യൂട്യൂബിലുണ്ട്. അത് നോക്കി വ്യായാമം ചെയ്യാം. 

ഇൻഡോർ ഗെയിംസ്

കുടുംബാംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി വൈകുന്നേരങ്ങളിൽ വീടിനുള്ളിൽ പറ്റുന്ന കളികൾ കളിക്കാം. ഏണിയും പാമ്പും, നെയിം പ്ലേസ് ആനിമൽ തിങ്ങ്, കള്ളനും പോലീസും, കാരംസ്, ബിംഗോ തുടങ്ങിയ കളികൾ നിങ്ങളെയും പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. 

ബന്ധങ്ങൾ ദൃഢമാക്കാം

വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങൾക്കൊപ്പം ടെറസിലിരുന്ന് കാറ്റുകൊള്ളാം. രാത്രി നക്ഷത്രങ്ങൾ ഉദിക്കുന്നത് കുട്ടികൾക്ക് കാണിച്ചുകൊടുക്കാം. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ഇല്ല എന്ന് വിഷമിച്ചിരുന്നവർക്ക് അതിനുള്ള നല്ല അവസരം കൂടിയാണ് ഈ 21 നാളുകൾ.

ജോലിത്തിരക്കുകൾ മൂലം നിങ്ങൾ മറന്നുപോയ നിങ്ങളുടെ കഴിവുകൾ പൊടിതട്ടിയെടുക്കാം. ഡാൻസ് അറിയാവുന്നവർക്ക് ഡാൻസ് ചെയ്യാം. പാട്ട് പാടാനറിയാവുന്നവർക്ക് അതും. സർഗവാസനകളുടെ വിഡിയോകൾ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാം. ഒരുമിച്ചുള്ള നിമിഷങ്ങളുടെ ഫോട്ടോകളെടുക്കാം. അന്യദേശത്ത് താമസിക്കുന്നവർക്ക് മാതാപിതാക്കളുമായി വിഡിയോ കോൾ ചെയ്യാം.  അധികമായി കിട്ടിയ നിമിഷങ്ങളെ പോസിറ്റീവായി കണ്ടാൽ 21 ദിവസങ്ങൾ വിരസതയില്ലാതെ തന്നെ കടന്നുപോകും. 

(അഭിപ്രായങ്ങൾ പലരിൽ നിന്നായി സ്വരൂപിച്ചത്)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...