ജില്ല അടച്ചിടൽ, ലോക് ഡൗൺ എന്നാൽ എന്ത്? നിയന്ത്രണങ്ങൾ എന്തെല്ലാം?

lockdown
SHARE

ജനതാ കർഫ്യുവിനു പിന്നാലെ, കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്തെ 75 ജില്ലകൾ അടച്ചിടുന്നതിനൊപ്പം കേരളത്തിലെ ചില ജില്ലകൾ കൂടി അടച്ചിടാനുള്ള കേന്ദ്രതീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇനിയും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ സംസ്ഥാനത്ത് നടപടികൾ കർശനമാക്കേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. 

കോവിഡ് 19 രോഗവ്യാപനത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഏറ്റവും പുതിയ തീരുമാനം‍.  കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചു.  പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടും.  അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമുണ്ടാകും.  ഈ ജില്ലകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. കണ്ണൂര്‍ – കാസര്‍കോട് ജില്ലാ അതിര്‍ത്തി ബാരിക്കേഡ് കെട്ടി അടച്ചു. ചെറിയ റോഡുകളും അടച്ച് ജനസഞ്ചാരം നിരോധിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗത്തിനുശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കേന്ദ്ര നിർദേശത്തെത്തുടർന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ലോക്ക് ഡൗണ്‍ നടപ്പിലാക്കി തുടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതോടെ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും. ജനം വീടുകളിൽതന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പിക്കുകയാണ് ലോക്ക് ഡൗണിലൂടെ ചെയ്യുന്നത്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം എന്നീ പത്തു ജില്ലകൾ അടച്ചിടണമെന്നാണ് ഞായറാഴ്ച കേന്ദ്ര നിർദ്ദേശം വന്നത്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് ഈ ജില്ലകൾക്കൊപ്പം കോഴിക്കോട്ട് രണ്ടു പേർക്കു കൂടി കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ പതിനൊന്ന് ജില്ലകളിൽ നിയന്ത്രണം ബാധകമാക്കേണ്ട സ്ഥിതിയാണുള്ളത്.

കോവിഡ് നിരീക്ഷണത്തിലായവർ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടന്നാൽ ക്രിമിനൽ കേസ് അടക്കം പൊലീസ് നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗവ്യാപനം തടയാൻ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ കലക്ട‌ർമാർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്‌ഷൻ 144 പ്രയോഗിക്കാനാണ് അനുമതി നൽകിയത്. 

ജില്ലകൾ അടച്ചിട്ടാൽ വന്നേക്കാവുന്ന നിയന്ത്രണങ്ങൾ:

∙ ജനം പുറത്തിറങ്ങരുത്, നേരിട്ടുള്ള സമ്പർക്കം കുറയ്ക്കും.

∙ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ.

∙ അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ ജനം തിടുക്കം കൂട്ടാൻ അനുവദിക്കില്ല.

∙ സാധനങ്ങൾ വാങ്ങാൻ ഒരു വീട്ടിൽനിന്ന് 2 പേരിലധികം കടകളിലേക്കു പോകരുത്. 

∙ സാധനങ്ങൾ വാങ്ങിയശേഷം വീട്ടിലേക്ക് മടങ്ങണം.

∙ പൊതു സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്.

∙ പാൽ, ആഹാരം, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ, പച്ചക്കറികൾ എന്നിവ കടകളിൽ ലഭ്യമാകും

∙ പ്രൊവിഷനൽ സ്റ്റോർ, ബാങ്കുകൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ തുറക്കും

∙ നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവാദം.

∙ സൂപ്പർ മാർക്കറ്റുകളിൽ നിയന്ത്രണം. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടരുത്

∙ വൈദ്യുതി, ഇൻറർനെറ്റ് തടസം ഉണ്ടാകില്ല

∙ ചരക്കു വണ്ടികൾക്ക് നിയന്ത്രണം ഉണ്ടാകില്ല. അന്തർസംസ്ഥാന വാഹനങ്ങൾ നിയന്ത്രിക്കും.

∙ വിദൂര ജില്ലയിലേക്ക് പൊതുഗതാഗതം വഴി നേരിട്ട് യാത്രാനിയന്ത്രണം ഉണ്ടാകും. തൊട്ടടുത്ത ജില്ലകളിലേക്ക് അനുവദിക്കും.

∙ പാർക്കുകൾ, കച്ചവട തെരുവുകൾ, മദ്യശാലകൾ അടയ്ക്കും

കാസർകോട് ജില്ലയിൽ ചെയ്തത്:

രോഗം സ്ഥിരീകരിച്ച ജില്ല അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം കാസർകോട് ജില്ലയിലാണ് ഏറെക്കുറെ നടപ്പാക്കിയത്. ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചിലത് ചുവടെ.

പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കി. എല്ലാത്തരം ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തിയേറ്ററുകളും പാര്‍ക്കുകളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും മറ്റ് വിനോദ സ്ഥാപനങ്ങളും മാര്‍ച്ച് 22 രാത്രി ഒൻപതു മുതല്‍ അടച്ചിട്ടു. അഞ്ചുപേരിലധികം ഒന്നിച്ചു ചേരുന്നത് ഒഴിവാക്കി. എല്ലാ പൊതു–സ്വകാര്യ പരിപാടികൾക്കും നിരോധനം.

രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയം പാല്‍ ബൂത്തുകള്‍, പെട്രോൾ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കും. ജനം കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പൊലീസ് ഉറപ്പാക്കും.

തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, ബോധവൽക്കരണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...