'ഈ ത്യാഗം നിങ്ങളുടെ ഉത്തരവാദിത്തം; അല്ലെങ്കിൽ മറ്റൊരു ഇറ്റലി കാണേണ്ടി വരും'; കുറിപ്പ്

quarentine-post
SHARE

ക്വാറന്റിൻ വാസം സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്തമാണെന്ന് പറയുകയാണ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വർഗീസ് പാലാട്ടി. വൈറസു ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ, നമ്മുടെ വ്യക്തിപരമായ അവശ്യങ്ങളെക്കാൾ, സമൂഹത്തിന്റെ സുരക്ഷക്ക് സ്ഥാനം നൽകണമെന്ന് സ്വന്തം അനുഭവം മുൻനിർത്തി വർഗീസ് പറയുന്നു. വിദേശത്തു നിന്നും അവധിക്കു വന്നവർ മാത്രമല്ല, ഇവിടെയുള്ള എല്ലാവരും, ഇപ്പോൾ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഈ സാമൂഹിക അകലം വളരെ ഗൗരവപൂർവം നടപ്പിലാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. 

വർഗീസ് പാലാട്ടിയുടെ കുറിപ്പ്: 

ഒരു Quarantine അനുഭവം

മിലാനിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി, മാർച്ച് 20 നു നാട്ടിലേക്ക് തിരിച്ചുവരാൻ ഞാൻ ടിക്കറ്റ് എടുത്തു.

എന്നാൽ ആകസ്മികമായി, ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപനം തുടങ്ങി, അതു ശക്തമാകുന്ന സൂചനകൾ കണ്ടുതുടങ്ങിയപ്പോൾ,എനിക്കു ടിക്കറ്റ് എടുത്തു തന്ന എന്റെ മലയാളി സുഹൃത്ത് ശക്തമായ ഒരു മുന്നറിയിപ്പ് നൽകി, "നാട്ടിലേക്ക് പോകുന്നുണ്ടെങ്കിൽ എത്രയും നേരത്തെ പോകുന്നതാണ് നല്ലത്, അല്ലെങ്കിൽ ഫ്‌ളൈറ്റുകൾ റദ്ദാക്കാൻ സാധ്യതയുണ്ട്". അങ്ങനെ മാർച്ച് 3 ലേക്ക് ടിക്കറ്റ്, നേരത്തെയാക്കി, ആരോടും തന്നെ യാത്രപോലും പറയാനാകാതെ തിടുക്കത്തിൽ നാട്ടിലേക്ക് യാത്ര തുടർന്നു.

വൈറസ്‌ ബാധയുണ്ടാകാതിരിക്കാൻ, എയർപ്പോർട്ടിലും, വിമാനത്തിലും മാസ്കും മറ്റു മുൻകരുതലുകളും ഞാൻ ശക്തമാക്കി. സമൂഹത്തോടുള്ള പ്രതിബദ്ധതയും, healthcare മേഖലയിലെ പഠനവുമായത് കൊണ്ടുതന്നെ, സർക്കാർ ആവശ്യപ്പെട്ടലും ഇല്ലെങ്കിലും രണ്ടാഴ്‌ച quarantile പോകുന്നതിനെക്കുറിച്ചു തീരുമാനിക്കുകയും, ഒരു സുഹൃത്തിന്റെ ഒറ്റപ്പെട്ട ഗെസ്റ്റ് റൂമിൽ സൗകര്യം തരപ്പെടുത്താമെന്നു ഇറ്റലിയിൽ വച്ചു തന്നെ ഫോണിൽ വിളിച്ചു ഉറപ്പാക്കുകയും ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ, ദുബായിയിലും, കൊച്ചിയിലും എയർപ്പോർട് അധികൃതർ യാത്രക്കാരുടെ temperature പരിശോധിക്കുകയും, അവ എനിക്ക് നോർമൽ ആയതുകൊണ്ട്, വീട്ടിലേക്ക് പോകാനുള്ള സമ്മതവും കൊച്ചിയിൽ നിന്നും ലഭിച്ചു.

വിമാനം ഇറങ്ങിയ എന്നെ വീട്ടിൽ കാണാത്തതുകൊണ്ടു നാട്ടുകാർക്ക് പല സംശയങ്ങളും, നിഗമനങ്ങളും. നാട്ടുകാർക്ക് എല്ലാവർക്കും ഉത്തരം കൊടുക്കുവാൻ സാധിക്കാത്തതുകൊണ്ടു, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും, വാർഡ് മെംബറോടും, വീട്ടുകാരോടും, എന്റെ അധികാരിയോടും വീട്ടിൽ നിന്നും മാറി, ഞാൻ താമസിക്കുന്ന ഇടത്തെ കുറിച്ചു കൃത്യമായി പറഞ്ഞിരുന്നു.

നാട്ടിൽ വന്നു 4 മണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ പൂരിപ്പിച്ചു കൊടുത്ത ആ ഫോമിലെ എന്റെ മൊബൈൽ നമ്പറിലേക്ക് DMO ഓഫീസിൽ നിന്ന് 14 ദിവസത്തെ Quarantine നെ കുറിച്ചു മുന്നറിയിപ്പും നൽകി. DMO ഓഫീസിൽ നിന്നും ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഏറെ ഉത്തരവാദിത്വത്തോടെ തുടർന്നുള്ള പല ദിവസങ്ങളിലും കൃത്യമായി എന്റെ ആരോഗ്യസ്ഥിതി ആരായുമായിരുന്നു. ആ ഒറ്റമുറിയിൽ Qurantine കൃത്യമായി തുടർന്നു.

രണ്ടാഴ്ചകൾ, ഫോണിലൂടെ മാത്രം പ്രിയപ്പെട്ടവരുമായി വിശേഷങ്ങൾ പങ്കുവച്ചു. വായനയും, ഏകാന്തതയും, വിശ്രമവുമായി 14 ദിവസങ്ങൾ തള്ളിനീക്കി. ഇതു സമൂഹത്തോടുള്ള എന്റെ ഉത്തരവാദിത്തമാണ് എന്ന ഒരു ചിന്തയാണ്, ഈ ത്യാഗത്തിനു അർത്ഥം നൽകിയത്. ഈ നിരീക്ഷണവും ശ്രദ്ധയും ഈ സാഹചര്യത്തിൽ, വളരെ പ്രധാനപ്പെട്ടതു തന്നെ എന്നതിൽ തർക്കമില്ല . ഒരു ഉത്തരവാദിത്തപെട്ട ഒരു പൗരൻ എന്ന രീതിയിൽ അതിനു യാതൊരു compromise ചെയ്യാൻ പാടില്ല.

ദൈവനുഗ്രഹത്താൽ, ഈ നിരീക്ഷണത്തിന്റെ 14 ദിവസങ്ങളിലും യാതൊരു രോഗലക്ഷങ്ങൾ ഉണ്ടായില്ല എന്നത്, എന്നെപ്പോലെ ആരോഗ്യകേന്ദ്രത്തിനും, DMO ഓഫീസിനും ഒരുപോലെ സന്തോഷം നൽകി. 15 ദിവസങ്ങൾ കഴിഞ്ഞപ്പോൾ DMO ഓഫീസിൽ നിന്നും വിളി വന്നു, ഇനിയും അടുത്ത 14 ദിവസങ്ങളും quarantine തുടരേണ്ടിവരുമെന്നു. ആ നിർദ്ദേശവും അംഗീകരിച്ചു, അടുത്ത 14 ദിവസങ്ങൾ തള്ളി നീക്കാൻ മനസുകൊണ്ട് ഒരുങ്ങി, സംസ്ഥാന- നിയമവും സമൂഹ്യപ്രതിബദ്ധതയും വീണ്ടും അതിനായി എന്നെ ശക്തിപ്പെടുത്തി.

എന്നാൽ 16-മത്തെ ദിവസം വീണ്ടും DMO ഓഫീസിൽ നിന്നും മറ്റൊരു കോൾ വന്നു. കഴിഞ്ഞ 16 ദിവസങ്ങളിലും യാതൊരു രോഗലക്ഷണങ്ങൾ കാണപ്പെടാതിരുന്നത് കൊണ്ടും, അത്തരക്കാർക്ക് പരമാവധി 14 ദിവസങ്ങൾ മാത്രം, ഹോം quarantine മതിയെന്ന് പറഞ്ഞു, എന്റെ quarantine 16-മത്തെ ദിവസം റിലീസ് ചെയ്തതായി അറിയിച്ചു. Quarantine റിലീസ് ചെയ്തതിന്റെ സെർട്ടിഫികറ്റ് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഈ ദിവസങ്ങളിൽ തന്നെ ശേഖരിക്കാമെന്നും സൂചിപ്പിച്ചു.

പഠനത്തിനോ, ജോലിക്കോ മറ്റു ആവശ്യങ്ങൾക്കുമായി വിദേശത്തെക്കു തിരിച്ചുപോകുന്നവർക്ക് ഈ quarantine റിലീസ് സർട്ടിഫിക്കറ്റ് , അടുത്ത യാത്രയിൽ ഇമിഗ്രേഷനിൽ കാണിക്കേണ്ടി വരുമെന്നാണ് അവർ സൂചിപ്പിച്ചത്.

ഒത്തിരി നാളുകൾക്കു ശേഷം വിദേശത്തു നിന്നു വരുന്ന, ആർക്കും തന്നെ Quarantine അത്ര സന്തോഷമുള്ളതോ, എളുപ്പമുള്ളതോ ആയ കാര്യമല്ലെന്ന് നമുക്ക്‌ അറിയാം. വീട്ടുകാരെയും സുഹൃത്തുക്കളെയും കാണുവാൻ പോലും കഴിയാത്ത അവസ്‌ഥ. എന്നാൽ ലോകത്തിന്റെ ആരോഗ്യരംഗത്തെ തന്നെ ഇത്രയും സാരമായി ബാധിചിരിക്കുന്ന ഈ സാഹചര്യത്തിൽ വിദേശത്തു നിന്നു വരുന്നവർ, പ്രത്യേകിച്ചു, വൈറസു ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ, നമ്മുടെ വ്യക്തിപരമായ അവശ്യങ്ങളെക്കാൾ, സമൂഹത്തിന്റെ സുരക്ഷക്ക് സ്ഥാനം നൽകണം.

ഇത്തരത്തിൽ നാം നമ്മുടെ രാജ്യത്തിന് നൽകുന്ന ത്യാഗപൂർവമായ ഒരു വലിയ സമ്മാനമാണ്, നമ്മുടെ ഇത്തരത്തിലുള്ള home Quarantine. സർക്കാരിന്റെ നിർദ്ദേശങ്ങൾ വിശ്വസ്തതയോടെ നാം പാലിക്കുകയെന്നതു മാത്രമാണ് കൊറോണ വൈറസു വ്യാപനത്തിരെ വിദേശത്തു നിന്നു നാട്ടിലേക്ക് ഈ ദിവസങ്ങളിൽ വന്നവർക്ക് ചെയ്യാനുള്ളത്.

ഈ ആശങ്കയുടെ ദിനങ്ങളിൽ, വിദേശത്തു നിന്നും അവധിക്കു വന്നവർ മാത്രമല്ല, ഇവിടെയുള്ള എല്ലാവരും, ഇപ്പോൾ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഈ social distancing വളരെ ഗൗരവപൂർവം നടപ്പിലാക്കണം. അതു സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.. അതു നമ്മുടെ വലിയ ത്യാഗമാണ്....അതു നമ്മുടെ കടമയാണ്. അല്ലെങ്കിൽ അതിനു വലിയ വില നാം നൽകേണ്ടി വരും. മറ്റൊരു ഇറ്റലി, ഇറാൻ അനുഭവം ഇവിടെയും കാണേണ്ടിവരും. കരുതലും മുൻകരുതലുമാണ് പ്രധാനം. ഈ മഹമാരിയെ തടയാൻ ഞാൻ എന്തു ചെയ്യുന്നു എന്നതാകട്ടെ ഈ ദിനങ്ങളിലെ നമ്മെ നയിക്കുന്ന ചിന്ത.

വർഗീസ് പാലാട്ടി

MORE IN SPOTLIGHT
SHOW MORE
Loading...
Loading...