വര മാഞ്ഞു; മദ്യം വാങ്ങാനെത്തുന്നവരെ മെരുക്കാൻ എക്സൈസ്; മെരുങ്ങാതെ ജനങ്ങളും

bevereges-covid
SHARE

കോഴിക്കോട്: മദ്യം വാങ്ങാനെത്തുന്നവരെ വരച്ച വരയിൽ നിർത്താൻ എക്സൈസ്. വരയും വരിയും തെറ്റിച്ചു ജനങ്ങളും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിദേശമദ്യവിൽപന ശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് എക്സൈസ് വകുപ്പിന്റെ വര പരീക്ഷണം. മദ്യം വാങ്ങാനായി ആളുകൾ വരി നിൽക്കുന്ന സ്ഥലങ്ങളിൽ ഒരു മീറ്റർ അകലത്തിൽ വരയിടാനാണ് എക്സൈസ് വകുപ്പ് ബവ്റിജസ്, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകൾക്ക് നിർദേശം നൽകിയത്.

ആളുകൾ ഒരു മീറ്റർ അകലത്തിൽ വരി നിൽക്കാനായിരുന്നു ഈ നിർദേശം. ബവ്റിജസ് ഔട്ട്‌ലറ്റുകളിൽ മുന്നിലെ സ്ഥലലഭ്യത അനുസരിച്ച് അരമീറ്റർ മുതൽ ഒരു മീറ്റർ വരെ അകലത്തിൽ കഴിഞ്ഞ ദിവസം തന്നെ വരകൾ രേഖപ്പെടുത്തിയെങ്കിലും മദ്യം വാങ്ങാനെത്തുന്നവർ ഇതൊന്നും കണ്ട മട്ടില്ല. പഴയ പോലെ തന്നെ അടുത്തടുത്തായാണു വരി നിൽക്കുന്നത്. വ്യാഴാഴ്ച വരച്ച വരകൾ പലയിടത്തും മാഞ്ഞുതുടങ്ങിയിട്ടുമുണ്ട്. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലറ്റുകളിൽ വരകൾ വരച്ചുതുടങ്ങിയിട്ടില്ല.   അതേ സമയം എല്ലാ മദ്യവിൽപനകേന്ദ്രങ്ങളിലും ഹാൻഡ് സാനിറ്റൈസർ നൽകണമെന്ന എക്സൈസ് വകുപ്പിന്റെ  നിർദേശം ഇന്നലെ മുതൽ നടപ്പായിത്തുടങ്ങി.  

മദ്യം വാങ്ങാൻ കൗണ്ടറിലേക്ക് കയറുമ്പോഴും വാങ്ങിയിറങ്ങുമ്പോഴും ഹാൻഡ് സാനിറ്റൈസർ നൽകാനായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ ബവ്റിജസ് വിൽപനകേന്ദ്രങ്ങളിൽ നിയമിച്ചിട്ടുണ്ട്.  കോവിഡ് ജാഗ്രതയുടെ ഭാഗമായി മദ്യവിൽപകേന്ദ്രങ്ങൾ അടക്കണമെന്ന ആവശ്യം  പ്രതിപക്ഷ പാർട്ടികളും  വിവിധ സംഘടനകളും ശക്തമാക്കിയതോടെയാണ്  സാനിറ്റൈസറും  വരകളുമായി എക്സൈസ് വകുപ്പ് രംഗത്തെത്തിയത്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...