വരച്ച വരയില്‍ ക്യൂ; മടിച്ചവരെ നിർബന്ധിച്ച് നിർത്തി; റോഡു വരെ ബവ്റിജസിലെ നിര

ktm-bevereges
SHARE

കോട്ടയം: ഒരൊറ്റ മീറ്റർ. അതാണ് ജില്ലയിലെ ഇപ്പോഴത്തെ അകലം. അല്ലെങ്കിൽ അടുപ്പം. ഇതു കൊറോണ വൈറസിനെതിരെ കോട്ടയത്തുകാരുടെ അകലമാണ്. ഓഫിസുകൾ, ഹോട്ടൽ, ബാങ്കുകൾ തുടങ്ങി മദ്യവിൽപന ശാലകളിൽ വരെ കൃത്യമായി അകലം പാലിച്ചാണു ഗുണഭോക്താക്കൾ എത്തിയത്. കോട്ടയം നഗരത്തിലെ നിരവധി ഹോട്ടലുകളിൽ മൂന്ന് കസേരകൾ ഇട്ടിരുന്ന സ്ഥാനത്തു നിന്ന് ഒന്നു വീതം ഒഴിവാക്കി. ജീവനക്കാർ സുരക്ഷാ മാസ്ക്, കയ്യുറകൾ എന്നിവ ധരിച്ചാണു ജോലി ചെയ്യുന്നത്.ആളുകൾ ചേർന്ന് നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു കൈ കഴുകുന്നതിനു സമീപം ഇതു സംബന്ധിച്ച് നിർദേശങ്ങൾ ഹോട്ടൽ ജീവനക്കാർ നൽകി.

ഉത്തരവ് കൃത്യമായി നടപ്പാക്കിയത് ബവ്റിജസ് കോർപറേഷന്റെ വിൽപനശാലകളിലാണ്. ഒരു മീറ്റർ അകലം കാണിച്ച് കൃത്യമായി വരച്ചു. പള്ളിക്കത്തോട്, പെരുവ മൂർക്കാട്ടിൽപടി ഔട്ട്‌ലെറ്റിലും ഇത്തരത്തിൽ വരകളിട്ട് അകലം പാലിക്കുന്നതിനു ക്രമീകരണം നടത്തിയിരുന്നു. കറുകച്ചാലിൽ വൈകിട്ട് തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ അകലം പാലിച്ചില്ല. കടുത്തുരുത്തിയിൽ മദ്യം വാങ്ങാനെത്തിയവരുടെ ക്യൂ ബവ്റിജസ് ഔട്ട് ലെറ്റ് പരിസരം കടന്ന് റോഡു വരെയായി. ചിലയിടത്ത് ഒരു മീറ്റർ അകലത്തിൽ ക്യൂ നിൽക്കാൻ മടിച്ചവരെ ക്യൂവിൽ നിന്നവർ നിർബന്ധിച്ച് ക്യൂ നിർത്തി. 

ബവ്കോ കേന്ദ്രങ്ങളിൽ വൃത്തി മാർഗം

കറുകച്ചാൽ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്നിനു പിന്തുണയായി ബവ്റിജസ് ഔട്ട് ലെറ്റിലെ‍ സ്ഥിരം സന്ദർശകരും. കറുകച്ചാൽ ബവ്റിജസ് ഔട്ട് ലെറ്റിലെ സന്ദർശകരുടെ നേതൃത്വത്തിലാണ് ക്യാംപെയിന്റെ ഭാഗമായി കൈ കഴുകുന്നതിന് സോപ്പും  ബക്കറ്റിൽ വെള്ളവും സജ്ജമാക്കിയത്. മദ്യം വാങ്ങാൻ എത്തുന്നവർക്ക് വാങ്ങുന്നതിന് മുൻപും വാങ്ങിയ ശേഷവും കൈ വൃത്തിയാക്കുന്നതിന് ആവശ്യമായ സഹായവും സംഘം നൽകുന്നുണ്ട്. ആരെങ്കിലും ക്യാംപെയ്നിൽ നിന്നു രക്ഷപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കാനും സംഘത്തിലെ ചിലർ കാവലുമുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...