പൊലീസ് വണ്ടി നിർത്തി; സുന്ദരി ഓട്ടോ വീണ്ടും പറക്കുന്നു; ‘ഇനി ലൂസിഫറിലെ ജീപ്പ്’

small-auto-viral
SHARE

വീണ്ടും സോഷ്യൽ ഇടങ്ങളിൽ സ്ഥാനം പിടിക്കുകയാണ് സുന്ദരി ഓട്ടോ. ഇത്തവണ കൂട്ട് പൊലീസുകാരുമുണ്ട്. ഞായറാഴ്ച ഇന്റര്‍സെപ്റ്ററിൽ പതിവു പരിശോധനകൾക്കിറങ്ങിയതാണ് പൊലീസുകാർക്ക് മുന്നിലാണ് സുന്ദരി ഓട്ടോ എത്തിയത്. ഓട്ടോ കണ്ടതും ജീപ്പ് നിർത്തി പൊലീസുകാരെത്തി. സുന്ദരിയെ പിടിച്ച് അകത്തിടാൻ അല്ല ഒപ്പം  നിന്നൊരു ഫോട്ടോ എടുക്കാൻ. ഇൗ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും യഥാര്‍ഥ ഓട്ടോറിക്ഷകളിലെ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഓട്ടോയാണ് ഇത്. വീട്ടുമുറ്റത്തു മക്കൾക്കു ഓടിച്ചു കളിക്കാനായി തൊടുപുഴ സ്വദേശി അരുൺകുമാര്‍ നിർമിച്ചതാണ് സുന്ദരിയെ, കെഎൽ-11-636 എന്ന നമ്പരും ഓട്ടോയുടെ മുന്നിലുണ്ട്.

മാധവ് കൃഷ്ണയുടെയും കേശനി കൃഷ്ണയുടെയും 'സുന്ദരി' ഓട്ടോറിക്ഷ വെറും കളിപ്പാട്ടമല്ല പുലിക്കുട്ടിയാണ്. യഥാർഥ ഓട്ടോറിക്ഷയെ വെല്ലുന്ന രീതിയിലാണ് ഇവരുടെ അച്ഛൻ തൊടുപുഴ വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമൻ(33) സ്വന്തമായി ഓട്ടോറിക്ഷ നിർമിച്ചു നൽകിയത്. 60 കിലോഗ്രാം ഭാരമുള്ള 'സുന്ദരി'ക്ക് 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ഉപയോഗ രഹിതമായ വസ്തുക്കൾ വിനിയോഗിച്ചാണു ഓട്ടോറിക്ഷയുടെ നിർമാണം.

ഡിടിഎച്ച് ഡിഷ് ആന്റിന ഓട്ടോയുടെ മുൻവശത്തിനായും സ്റ്റൗവിന്റെ മെറ്റൽ ഭാഗം ബേസ്‌മെന്റിനായും ഉപയോഗപ്പെടുത്തി. സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് രീതിയാണു മുച്ചക്രത്തിലേക്കു പകർത്തിയത്. തടിയിൽ ഒരുക്കിയ ചക്രങ്ങളിൽ ടയറിന്റെ ഗ്രിപ്പ് ഒട്ടിച്ചാണു ടയർ നിർമിച്ചത്. കിക്കർ, ഇൻഡിക്കേറ്റർ, വൈപർ, ഹെഡ്‌ലൈറ്റ്, ഹോൺ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, പാട്ടുപെട്ടി തുടങ്ങിയവ എല്ലാമുള്ള ഒരു സമ്പൂർണ ഓട്ടോറിക്ഷയാണു സുന്ദരി. മൂന്നരയടി ഉയരവും ആനുപാതികമായ നീളവുമുള്ള 'കുട്ടി ഓട്ടോ' ഏഴര മാസത്തെ അധ്വാനത്തിലൂടെയാണ് അരുൺകുമാർ നിർമിച്ചത്. ഉപകരണങ്ങൾക്കു മാത്രമായി 15000 രൂപ ചെലവായി.

പ്രാരാബ്ധങ്ങൾമൂലം ചെറുപ്പകാലത്തു തനിക്കു ലഭിക്കാതെ പോയ കളിപ്പാട്ടങ്ങൾ കഠിനാധ്വാനത്തിലൂടെ മക്കൾക്കു നിർമിച്ചു നൽകുന്നതിലാണ് ഈ പിതാവിന്റെ സന്തോഷം. നഴ്‌സായി ജോലി ചെയ്യുന്ന അരുൺകുമാറിന്റെ ആവേശമാണ് ചെറു വാഹനങ്ങളുടെ നിർമ്മാണം. നെടുമ്പള്ളി എന്ന പേരിൽ ലൂസിഫറിലെ മോഹൻലാലിന്റെ വാഹനം നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ് അരുൺ കുമാർ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...