'മേലാകെ മൂടിക്കെട്ടി മുറിയിൽ ഭീകരനായ വൈറസുമായി..'ആലപ്പുഴയിലെ നഴ്സിന്റെ അനുഭവം

mrudula-corona
SHARE

കൊറോണ വൈറസ് ബാധിച്ച രോഗിയെ ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസലേഷൻ വാ‍ർഡിൽ പരിചരിച്ച നഴ്സ് അനുഭവം പങ്കുവയ്ക്കുന്നു

‘ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്നെനിക്കു പറയാൻ കഴിയും. ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ ശരീരമാസകലം മൂടിക്കെട്ടി ഭീകരനായ വൈറസുമായി ഏറ്റുമുട്ടുന്നതുതന്നെ. ലോകം മുഴുവൻ വൈറസിൽ നിന്ന് ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, രോഗം പിടിപെട്ടയാളെ പരിചരിക്കാൻ കിട്ടിയ അവസരം എന്നും ഓർമയിലുണ്ടാവും’ – കോവിഡ്–19 (കൊറോണ വൈറസ്) രോഗത്തെ നേരിട്ട കേരളത്തിന് അഭിമാനമായ ആരോഗ്യ പ്രവർത്തകരുടെ സംഘത്തിലെ നഴ്സ് മൃദുലയുടെ അനുഭവമാണിത്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിയെ പരിചരിച്ച മെഡിക്കൽ സംഘാംഗമായിരുന്നു മൃദുല. 6 ദിവസമാണ് രോഗിയെ മൃദുല പരിചരിച്ചത്. ഒരു ദിവസം 4 മണിക്കൂർ വീതം നഴ്സുമാർ മാറിമാറിയാണ് പരിചരിച്ചിരുന്നത്. ഡ്യൂട്ടി കഴിഞ്ഞാലും വീട്ടിൽ പോക‍ാനാകാത്ത അവസ്ഥ. ആശുപത്രിയിൽ നിന്ന് ഹോസ്റ്റൽ മുറിയിലേക്കും തിരിച്ചും മാത്രമുള്ള ലോകം.

മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു നോഡൽ ഓഫിസർ, 4 മെഡിക്കൽ ഓഫിസർമാർ‌, 12 പിജി ഡോക്ടർമാർ, 9 ഹൗസ് സർ‌ജൻമാർ, 8 സ്റ്റാഫ് നഴ്സുമാർ, 6 നഴ്സിങ് അസിസ്റ്റന്റുമാർ, 9 ക്ലീനിങ് ജീവനക്കാർ എന്നിവർ 4 മണിക്കൂർ വീതം മാറിമാറിയാണ് രോഗിയെ പരിചരിച്ചിരുന്നത്. ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതി വിലയിരുത്തി.

ജോലിയിൽ പ്രവേശിച്ചിട്ട് 5 മാസമേ ആകുന്നുള്ളൂ. ഈ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ ആദ്യം ഭയമായിരുന്നു. വീട്ടുകാരും പേടിച്ചു. നിപ്പയെയും സിസ്റ്റർ ലിനിയെയുമാണ് അന്നേരം ഓർമ വന്നത്. സുരക്ഷാ കവചവും മാസ്കും ഒന്നിലധികം ഗ്ലൗസുകളും ധരിച്ചാണ് വാർഡിൽ നിന്നത്. ഡ്യൂട്ടി കഴിഞ്ഞ് കുളിച്ചു പുതിയ വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്.

ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഗി. അദ്ദേഹത്തിനു നല്ല ധൈര്യമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രം സഹിതം പ്രചാരണം ഉണ്ടായതിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. പനിയുണ്ടെന്ന‍ു ബോധ്യമായപ്പോൾ തന്നെ അദ്ദേഹം ചികിത്സ തേടിയിരുന്നു. കുടുംബാംഗങ്ങളെയും പരിശോധിപ്പിച്ചു.

ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാണ് പോരാടിയത്. അവരുടെ പരിശ്രമത്തെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഫെയ്സ്ബുക്കിൽ അനുഭവം ക‍ുറിച്ചത്– മൃദുല പറഞ്ഞു. ആരോഗ്യ പരിശോധനകളും കഴിഞ്ഞ് ഇന്നലെയാണ് മൃദുല അടൂരിലെ വീട്ടിലെത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...