ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കാന്‍ തോന്നിയില്ലായിരുന്നെങ്കിൽ; തരിച്ചു പോയ നിമിഷം

ollur-accident
SHARE

ഒല്ലൂർ: ഇരുപത്തഞ്ചാം വിവാഹ വാർഷികാഘോഷ ഫോട്ടോ സ്റ്റുഡിയോയിൽ നിന്നു വാങ്ങാൻ പോയ ആൾ ബസിനും പിക്കപ് വാനിനും ഇടയിൽപെട്ട സ്കൂട്ടറിൽനിന്ന് അതിസാഹസികമായി ചാടി രക്ഷപ്പെട്ടു. നിർത്തിയിട്ട ബസിനു പിന്നിൽ സ്കൂട്ടറിൽ കാത്തുനിൽക്കുമ്പോൾ പിന്നിലൂടെ  അതിവേഗം പാഞ്ഞുവന്ന വാൻ കണ്ട് റോഡരികിലേക്കു ചാടുകയായിരുന്നു. കണ്ണടച്ചു തുറക്കുന്നതിനുള്ളിൽ സ്കൂട്ടർ ബസിനടിയിൽ ഞെരിഞ്ഞമർന്നു. ജീവനെടുക്കാൻ പാകത്തിൽ പാഞ്ഞടുത്ത അപകടത്തിൽനിന്നു  തലനാരിഴയ്ക്കു രക്ഷപ്പെട്ട കാഴ്ച കണ്ട് ദൃക്സാക്ഷികളും തരിച്ചുപോയി. 

തൈക്കാട്ടുശേരി പല്ലിശേരി വീട്ടിൽ ലാസറിന്റെ മകൻ ഷാജു (52) ആണ് അപകടത്തിൽനിന്ന് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 10.30ന് ഒല്ലൂർ കമ്പനിപ്പടിയിലാണ് അപകടം. ചാട്ടത്തിനിടെ ബസിൽ തട്ടി ഇടതുകാലിനു സംഭവിച്ച ചതവുണ്ടായി. വലതുകാലിലെ അസ്ഥി പൊട്ടി. ആക്ട്സ് ഒല്ലൂർ ശാഖാ പ്രവർത്തകർ ഷാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. 

തിരിച്ചു വരവ്

ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കാനും എടുത്തുചാടാനും തോന്നിയില്ലായിരുന്നെങ്കിൽ..’’ വീട്ടിൽ ഭാര്യ മിനിയുടെ അടുത്തിരുന്ന് ആ നിമിഷം ഓർത്തെടുക്കുമ്പോഴും അപകടത്തിന്റെ അമ്പരപ്പ് ഷാജുവിനെ വിട്ടകന്നിട്ടില്ല. ‘സ്റ്റോപ്പിൽ നിന്ന ബസിനു പുറകിൽ ബസ് നീങ്ങാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഒരു വാഹനം പാഞ്ഞുവരുന്നതിന്റെയും ബ്രേക്ക് ഇടുന്നതിന്റെയും ശബ്ദം കേട്ടു. ഇടിക്കുമെന്നറിയാൻ ആ ശബ്ദം മതിയായിരുന്നു.

ഒന്നും നോക്കാതെ ഒരു ചാട്ടം.ചാടുമ്പോഴേക്കും സ്കൂട്ടറിൽ വണ്ടി തട്ടിയെന്നാണോർമ. വീണ് എഴുന്നേറ്റു തിരിഞ്ഞുനോക്കുമ്പോൾ സ്കൂട്ടർ കാണാനില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി ബസിന്റെ അടിയിലായിപ്പോയി. കാൽപൊട്ടിയതിന്റെ വേദനയൊന്നും അപ്പോൾ അറിഞ്ഞില്ല. ഓടിക്കൂടിയവരാണ് എഴുന്നേൽപിച്ച് ഒരു കസേരയിൽ ഇരുത്തി വെള്ളം കുടിക്കാൻ തന്നത്.  ’ ഷാജു ഓർക്കുന്നു. അതുപറയുമ്പോൾ കസേരയ്ക്കരികിൽ വേവലാതിയുമായി മിനി ചേർന്നുനിന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...