20 രൂപയ്ക്ക് സാമ്പാറും തോരനും കൂട്ടി ഊണ്; കണ്ണീരുപ്പിന്റെ നീറ്റലിൽ കുറിപ്പ്

joish-post
SHARE

വിശപ്പിന്റെ വിലയറിയുന്നവർക്കേ ഭക്ഷണത്തിന്റെയും മൂല്യം അറിയൂ. സർക്കാർ ആരംഭിച്ച വിശപ്പുരഹിത സുഭിക്ഷ പദ്ധതിയെ കുറിച്ച് ജോയ്ഷ് ജോസ് എന്ന യുവാവ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ജോയ്ഷ് ജോസ് എഴുതിയ കുറിപ്പ് വായിക്കാം; 

ഇരുപത് രൂപയ്ക്ക് നല്ല സാമ്പാറും തോരനും ചമ്മന്തിയും അച്ചാറും സ്വന്തം ഓര്‍മ്മകളുടെ കണ്ണീരുപ്പും ചേര്‍ത്തിട്ട് വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടോ...നല്ല രുചിയ...ഇതാ അതിപ്പം കഴിച്ച് വന്നാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. ഇപ്പോള്‍ എന്‍റെ കണ്ണീര്‍പ്പാട മൊബൈല്‍ സ്ക്രീനിനെ മറയ്ക്കുന്നുണ്ട്. ചുണ്ടുകള്‍ വിതുമ്പുന്നുണ്ട് കൈകള്‍ വിറയ്ക്കുന്നുമുണ്ട്. എങ്കിലും എഴുതിയേ മതിയാകു. ഇതിന്‍റെ ആദ്യഭാഗം നിങ്ങള്‍ മുമ്പ് വായിച്ചിട്ടുണ്ടാകും അവസാനഭാഗമാണ് പ്രധാനം.

ഓർക്കാനാഗ്രഹിക്കുന്നതിനുമോക്കെയപ്പുറം ജീവിതം അനുഭവിച്ച കാലത്തിന്റെ ഒളിമങ്ങാത്ത, മറക്കാനാകാത്ത ചിലത് ഓർത്തെക്കുമ്പോൾ കടന്നുവന്ന പാതയിലെ വേദനയും അതിലേറെ അത്ഭുതവും തോന്നും ആകാലത്തെ എങ്ങനെ അതിജീവിച്ചുവെന്ന്. അധികം കാലാം മുമ്പല്ല.. എതാണ്ട് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്..ജോലിതേടി കോഴിക്കോടെത്തുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് മൂന്ന് ജോഡി ഡ്രസും കുറച്ച് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മാത്രമായിരുന്നു .കട്ടപ്പനയുടെയുടെയും ഏലപ്പാറയുടെയും അതിരുവിട്ട് പോയിട്ടില്ലാത്ത ഇടുക്കിയിലെ ഗ്രാമീണനായ എനിക്ക് കോഴിക്കോട് ഒരത്ഭുതമായിരുന്നു.തിരക്ക് പിടിച്ച നഗരം..

പല തൊഴിലുകള്‍ തുച്ഛമായ വേതനത്തില്‍ ചെയ്തു. കൈയ്യിലെ കാശെല്ലാം തീര്‍ന്ന് ഏകദേശം രണ്ട് മാസത്തോളം കഴിഞ്ഞപ്പോളാണ് സ്ഥിരമായ ഒരു ജോലികിട്ടിയത് അതും വെറും ആയിരത്തി ഇരുന്നൂറ് രൂപ ശമ്പളത്തില്‍. താമസം ഫ്രീ.. ഭക്ഷണത്തിനുള്ള കാശ് ശമ്പളത്തില്‍ നിന്ന് പോണം അല്ലറചില്ലറ ചിലവുകള്‍ക്കുള്ളത് വേറെയും. താമസം കോഴിക്കോട് മാതൃഭൂമി ഒാഫീസ് സ്ഥിതി ചെയ്യുന്ന ചെറൂട്ടി റോഡിനടുത്ത് ജോലി ചെയ്യുന്നത് അവിടുന്ന് നാലുകിലോമീറ്റര്‍ അകലെ അരയിടത്ത് പാലത്തും. വണ്ടിക്കൂലിക്ക് കാശെടുത്താല്‍ ഭക്ഷണക്കാശിന് തികയില്ലാതിരുന്നതുകൊണ്ട് ആ നാലു കിലോമീറ്ററും രാവിലെയും വൈകിട്ടും നടന്ന് തീര്‍ത്തു (വീട്ടില്‍ ആറു നേരം ഉണ്ടുറങ്ങിയ എനിക്കത് താങ്ങുവാനായിരുന്നില്ല).

ചിലവ് ചുരുക്കാനുള്ള മാര്‍ഗ്ഗം രസകരമായിരുന്നു. ശമ്പളം വന്നാല്‍ ആദ്യത്തെ അഞ്ച് ദിവസം മാത്രം മൂന്ന് നേരം ഭക്ഷണം പിന്നെയൊരു പത്തു ദിവസത്തേയ്ക്ക് അത് രണ്ട് നേരമാവും ബാക്കിയുള്ള പതിനഞ്ച് ദിവസങ്ങളില്‍ ഒരു നേരവും മാസാവസാനമാകുമ്പോള്‍ ചില മാസങ്ങളില്‍ മുഴുപ്പട്ടിണിയാവും.. ആ സമയങ്ങളില്‍ രക്ഷകനായി മുന്നിലവതരിച്ചിരുന്നത് ഞാന്‍ നമ്പൂതിരിയെന്ന് വിളിച്ചിരുന്ന കോഴിക്കോട്കാരന്‍ തന്നെയായിരുന്ന സഹപ്രവര്‍ത്തകന്‍ ലിനീഷ് ആയിരുന്നു അവന്‍ തന്നിരുന്ന പത്തുരൂപ നോട്ടുകളും ഇരുപത് രൂപ നോട്ടുകളും എനിക്കന്ന് പതിനായിരങ്ങളുടെ മൂല്യമായിരുന്നു.( വലിയ കമ്പനിയില്‍ നല്ല പോസ്റ്റില്‍ മികച്ച ശമ്പളത്തില്‍ ജോലി ചെയ്തിട്ടും ഒരിക്കലും വീട്ടിതീര്‍ക്കാനുള്ള കടമല്ലാത്തത് കൊണ്ട് ആ കടം ഞാനിന്നും കൊണ്ടു നടക്കുന്നു എന്‍റെ വിശപ്പിന്‍റെ നാളുകളുടെ ഓര്‍മ്മയ്ക്ക്). ഒരുതവണ മാസവസാനമായപ്പോഴേയ്ക്കും ഇതുപോലെ കൈയ്യിലെ കാശെല്ലാം തീര്‍ന്നു. പൈസ തന്ന് സഹായിച്ചുകൊണ്ടിരുന്ന ലിനീഷ് കുറച്ച് ദിവസങ്ങളായി ലീവിലും. തൊഴിലുടമയോട് കടം ചോദിക്കാന്‍ ദുരഭിമാനം സമ്മതിച്ചില്ല.

ഒന്നാം ദിവസം വെള്ളം കുടിച്ച് വയറ് നിറച്ചു. രണ്ടാം ദിനമായപ്പോഴേയ്ക്കും വിശപ്പിന്‍റെ വിളി അസഹനീയ മായിത്തുടങ്ങി. പോരോത്തതിന് രണ്ട് വശത്തേയ്ക്കുമുള്ള നടപ്പ് കൂടുതല്‍ ക്ഷീണതനാക്കി.. പലവട്ടം ചിന്തിച്ചു ഏതെങ്കിലും തിരക്കുള്ള ഹോട്ടലില്‍ കയറി കഴിച്ചിട്ട് ഇറങ്ങിപോന്നാലെയെന്ന് എന്നാല്‍ അഭിമാനവും മനസാക്ഷിയും അതിനനുവദിച്ചില്ല. രണ്ടാം ദിനം വൈകിട്ട് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാന്‍ സഥിരമായി ഭക്ഷണം കഴിക്കുന്ന ദേശാഭിമാനി കാന്‍റിനിലെ സുനിയേട്ടന്‍ ആരെയോ കാത്തുനില്‍ക്കുന്നവണ്ണം കാന്‍റീന്‍റെ മുന്നില്‍ നില്‍ക്കുന്നു. എന്നെ കണ്ടപാടെ അടുത്തേയ്ക്ക് വന്നു ചുറ്റിയൊരു പിടുത്തം ആ പിടുത്തം പിന്നെ വിട്ടത് കാന്‍റിന്‍റെ ഉള്ളിലെത്തിപ്പോഴാണ്. ഒന്നും സംസാരിച്ചില്ല എന്നെ ഒരു ടേബിളിലിരുത്തി ചോറും കറികളും തന്ന് വയറു നിറയെ ഊട്ടി.. എന്നിട്ട് പറഞ്ഞു കോഴിക്കോട് വന്നിട്ട് ആരും പട്ടിണി പോകുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ലെന്ന്. ഞാന്‍ പറയാതെ ചോദിക്കാതെ എന്‍റെ വേദനയറിഞ്ഞ ആ നല്ല മനുഷ്യനെ ഞാനെന്‍റെ ദൈവത്തിന്‍റെ കൂടെ ഇന്നും പ്രതിഷ്ഠിക്കുന്നു. ആ നല്ല മനുഷ്യനോ സമൂഹമോ ഇല്ലായിരുന്നെങ്കില്‍ അഥവ ആ പട്ടിണി ഇന്നായിരുന്നെങ്കില്‍ ഞാനൊരു മോഷ്ടാവായെനെ അല്ലെങ്കില്‍ ആ പേരില്‍ ആരെങ്കിലും എന്നെ തല്ലികൊന്നെനേ.

ഇതുപോലെ എന്നെപ്പോലെ കൈയ്യില്‍ പണമില്ലാതെ കോട്ടയം നഗരത്തില്‍ ആര് വന്നു വന്നുപെട്ടുപോയാലും നിങ്ങള്‍ക്ക് സുഖമായി വയറ് നിറയെ കഴിക്കാം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ സര്‍ക്കാര്‍ ആരംഭിച്ച "വിശപ്പുരഹിത സുഭിക്ഷ പദ്ധതിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നാഗമ്പടം ബസ്‌സ്റ്റാന്റിനടുത്തുള്ള വനിത വിശ്രമകേന്ദ്രത്തിലാണ് സുഭിക്ഷ പദ്ധതിയുടെ ഉച്ചയൂണ് കൗണ്ടറിനു തുടക്കമായത്. കൂപ്പൺ മുഖേനയാണ് ഭക്ഷണം വിതരണം. ഒരു ഊണിന് ഇരുപത് രൂപയാണ്. കയ്യിൽ പൈസ ഇല്ലാത്തവർക്ക് ഊണ് സൗജന്യമാണ്. വെജിറ്റേറിയൻ ഊണാണ് ഇവിടെ ലഭിക്കുന്നത്. ഭക്ഷ്യവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരാണ്, ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...