‘ആടിനെ പട്ടിയാക്കരുത്; ആ കുറിപ്പിന് നന്ദി’; വിമര്‍ശനങ്ങളില്‍ ബാലചന്ദ്രമേനോന്‍

balachandra-menon-caa
SHARE

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് പങ്കുവച്ച് ബാലചന്ദ്രമേനോൻ ഫെയ്സ്ബുക്കിലെഴുതിയ  ഒരു കുറിപ്പ് ഇപ്പോൾ സജീവ ചർച്ചയാവുകയാണ്. അദ്ദേഹത്തെ വിമർശിച്ചും പിന്തുണച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കമന്റുകളായും വിമർശനക്കുറിപ്പായും പോസ്റ്റിനെതിരെ ചിലർ രംഗത്തുവന്നു. നിയമത്തെ അനുകൂലിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റെന്ന് വ്യക്തമാക്കി സംഘപരിവാർ ഗ്രൂപ്പുകളും എത്തിയതോടെ കുറിപ്പ് വിവാദമായി.

ബാലചന്ദ്രമേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നതിങ്ങനെ: ‘പാർലമെന്റെറി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണല്ലോ നമ്മുടേത്. അപ്പോൾ ഭൂരിപക്ഷം കിട്ടുന്നവർ നാട് ഭരിക്കും. ഇന്ത്യയിലെ ഭരണകക്ഷി അവർ ആസ്വദിക്കുന്ന ഭൂരിപക്ഷത്തിന്റെ ബലത്തിൽ പൗരത്വത്തെ സംബന്ധിച്ച ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക് സഭയിൽ അവതരിപ്പിച്ചു. പാസ്സായി. നിയമം അനുശാസിക്കുന്നതുപോലെ അടുത്തതായി രാജ്യസഭയിൽ അവതരിപ്പിച്ചു. പാസ്സായി. രണ്ടു സഭകളും പാസ്സാക്കിയ ചുറ്റുപാടിൽ നിയമം അനുശാസിക്കുന്നതുപോലെ രാഷ്ട്രപതിയുടെ കയ്യൊപ്പിനായി അയച്ചു. രാഷ്ട്രപതിയും അംഗീകരിച്ച സ്ഥിതിക്ക് അത് സ്വാഭാവികമായും നിയമമായി.

ഇപ്പോൾ ആ തീരുമാനത്തെ പറ്റി വിയോജനക്കുറിപ്പുകൾ വരുന്നു. നിയമസഭകളിൽ അതിനെതിരായി ശബ്ദമുയരുന്നു. ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മൾ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്നൊരു സംശയം തോന്നിയാൽ ആരെങ്കിലും ഒരു മറുപടി തരുമോ ? അഥവാ, ഇനി നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലിമെന്റ് പാസ്സാക്കിയ നിയമം അസാധുവാക്കിയാൽ ലോക്‌സഭയുടെ പ്രസക്തി എന്ത് ? രാജ്യസഭയുടെ പ്രസക്തി എന്ത് ? രാഷ്ട്രപതിയുടെ ഒപ്പിന്റെ പ്രസക്തി എന്ത് ? പാർലമെൻററി ജനാധിപത്യത്തിന്റെ പ്രസക്തി എന്ത് ?’ ഇതായിരുന്നു അദ്ദേഹം പങ്കുവച്ച കുറിപ്പിലെ പ്രധാനഭാഗം.

ഇതിന് പിന്നാലെയാണ് വിമർശിച്ച് ഒട്ടേറെ പേർ രംഗത്തെത്തിയത്. ഇതേ കുറിച്ച് ബാലചന്ദ്രമേനോൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിച്ചതിങ്ങനെ. ‘ഞാൻ ആർക്കും അനുകൂലമായി എഴുതിയ കുറിപ്പൊന്നുമല്ല ഇത്. ഒരു സത്യം പറഞ്ഞു. അത്രമാത്രം. പാർലമെന്റ് പാസാക്കിയ ഒരു നിയമം, രാഷ്ട്രപതി ഒപ്പിട്ട ഒരു നിയമം. ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മൾ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്ന സംശയം മാത്രമാണ് ചോദിച്ചത്.  അല്ലാതെ ഒന്നും ഞാൻ ആ കുറിപ്പിൽ പറഞ്ഞിട്ടില്ല. ഇതൊരുമാതിരി ആടിനെ പട്ടിയാക്കുന്ന തരത്തിലാണ് ചിലരുടെ രോഷപ്രകടനം. അല്ലാതെ ഒന്നും പറയാനില്ല.

എന്റെ സഹപ്രവർത്തകനും ജൂനിയറുമായ എം. എ നിഷാദ് ഫെയ്സ്ബുക്കിലിട്ട വിമർശനക്കുറിപ്പും ചില സുഹൃത്തുക്കൾ എനിക്ക് അയച്ചുതന്നു. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയില്ല. പക്ഷേ ആ കുറിപ്പ് ഗംഭീരമായിരുന്നു. എന്റെ സിനിമയുടെ പേരുകളെല്ലാം ചേർത്ത് വച്ച് അസാധ്യമായ ഒരു കുറിപ്പ്. ഇന്നലെ ഇറങ്ങിയ സിനിമയുടെ പേരുപോലും ഓർത്തുവയ്ക്കാൻ പറ്റാത്ത ഒരു കാലത്ത്. വർഷങ്ങൾക്ക് മുൻപിറങ്ങിയ എന്റെ സിനിമാപേരുകൾ അദ്ദേഹത്തിന്റെ മനസിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് എനിക്ക് ലഭിച്ച അംഗീകാരമായി ഞാൻ കരുതുന്നു.’ ബാലചന്ദ്രമേനോൻ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...