‘ഏതോ ഒരു ചന്ദ്രൻ എന്നു പറഞ്ഞതിൽ ക്ഷമിക്കണം’; ആ ചന്ദ്രൻ എന്റെ അച്ഛനാണ് ചേട്ടാ; മറുപടി; ഹൃദ്യം

sreedhran-nak-subhash-chandran
SHARE

‘ഞാൻ ‘ഏതോ ഒരു ചന്ദ്രൻ’ എന്നു പറഞ്ഞതിൽ സങ്കടം തോന്നരുത്.. ഖേദത്തോടെ അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു. ശ്രീധരൻ ചേട്ടാ ആ ‘ചന്ദ്രൻ’ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേർ ആദ്യമായി ഒരാൾ ടിവിയിൽ പറയുന്നതുകേട്ടാൽ ഞാൻ കൂടുതൽ സന്തോഷിക്കുകയല്ലേ ചെയ്യുക..’ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളിങ്ങനെയാണ്. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇൗ കൂടിക്കാഴ്ചയെ കുറിച്ച് വിവരിക്കുന്നത്.

മഴവിൽ മനോരമ നിങ്ങൾക്കും ആകാം കോടീശ്വരൻ ഷോയിലൂടെയാണ് ശ്രീധരൻ എന്ന മൽസരാർഥിയെ കേരളം അറിയുന്നത്. പന്ത്രണ്ടര ലക്ഷം രൂപയാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിൽ ഒരു ചോദ്യമാണ് സുഭാഷ് ചന്ദ്രനെ ശ്രീധരൻ ചേട്ടന്റെ ആരാധകനാക്കിയത്. മനുഷ്യന് ഒരു ആമുഖം എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ കുറിച്ചായിരുന്നു ചോദ്യം. കൃത്യമായ ഉത്തരം അപ്പോൾ തന്നെ ശ്രീധരൻ ലോക്ക് ചെയ്തു. ഇതിന് പിന്നാലെ സുരേഷ്ഗോപി ഇൗ പുസ്തകത്തിന്റെ എഴുത്തുകാരനെ അറിയാമോ എന്ന് ചോദിച്ചു. അറിയാം. ഞാൻ വായിച്ചിട്ടുണ്ട്. ഏതോ ഒരു ചന്ദ്രൻ ആണ്. പേരു പൂർണമായും ഓർമ കിട്ടുന്നില്ല എന്നായിരുന്നു ശ്രീധരൻ നൽകിയ മറുപടി.

ഇൗ വിഡിയോ ശ്രദ്ധയിൽപ്പെട്ട സുഭാഷ് ചന്ദ്രൻ ശ്രീധരനെ നേരിൽ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ആ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം. 

അന്വേഷിച്ചു; കണ്ടെത്തി!

കഴിഞ്ഞ ദിവസമാണ് ശ്രീധരേട്ടനെക്കുറിച്ച്‌ ഞാനൊരു പോസ്‌റ്റ്‌ ഇട്ടത്‌: അതിനു ലഭിച്ച പ്രതികരണങ്ങൾ അത്ഭുതകരമായിരുന്നു. ഗൾഫിൽ നിന്ന് നാട്ടിൽ അവധിക്കുവന്ന അനൂപ്‌ എന്നൊരു യുവാവ്‌ , താൻ എത്രയും പെട്ടെന്ന് ശ്രീധരേട്ടനേയും കൊണ്ട്‌ നേരിൽ വരുന്നതാണ് എന്ന് അറിയിച്ചതായിരുന്നു അതിൽ ഏറ്റവും മുന്തിയ സന്ദേശം. 

ഇന്ന്‌ പതിനൊന്നരയോടെ, തന്നെ നയിക്കുന്ന യുവാവിനൊപ്പം വാതിൽ തുറന്നു വന്ന ആ മനുഷ്യനെ ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു: ശ്രീധരേട്ടാ എന്നു വിളിച്ചതും സന്തോഷാശ്രുക്കളോടെ അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. 

40 വർഷം തലച്ചുമടുകൾ ചുമന്ന് മൂന്നു പെണ്മക്കളെ വളർത്തിയ ശ്രീധരൻ എന്ന അസാമാന്യ വ്യക്തിത്വത്തിന്റെ കഥ എന്റെ മുന്നിൽ ചുരുൾ വിടർന്നു. ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും വീടിനടുത്തുള്ള വായനശാലയിലെ മുക്കാൽപ്പങ്കു പുസ്തകങ്ങളും വായിച്ചുതീർത്തു. നാടകങ്ങളിൽ അഭിനയിച്ചു. കവിതകൾ എഴുതി. "പണ്ടത്തെ പത്താംക്ലാസ്‌" വിജയിച്ചു. മൂന്നുപെൺമക്കളേയും നന്നായി പഠിപ്പിച്ച്‌ വിവാഹം ചെയ്തയച്ചു. നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ തന്റെ അറിവുകളെ തുറുപ്പുശീട്ടാക്കി പന്ത്രണ്ടര ലക്ഷം സമ്മാനമായി നേടി. 

മാതൃഭൂമിയുടേയും എന്റേയും വകയായി സമ്മാനിച്ച പുസ്തകക്കെട്ടുകളിൽ വിസ്മയത്തോടെ തലോടിക്കൊണ്ട്‌ എന്നിട്ടും അദ്ദേഹം പറഞ്ഞതിങ്ങനെ: "പക്ഷേ അതിനേക്കാളുമൊക്കെ സന്തോഷം എനിക്കിതാണ്. ഇവിടെ വരാനും ങ്ങളെയൊക്കെ നേരിൽ കാണാനും കഴിഞ്ഞല്ലോ!" മൽസരത്തിൽ "എന്തോ ഒരു ചന്ദ്രൻ" എന്ന് എഴുത്തുകാരന്റെ പേരു മുഴുവൻ കിട്ടാതെ വിഷമിച്ചതിനെക്കുറിച്ച്‌ അദ്ദേഹം എന്റെ മുന്നിൽ വീണ്ടും ഖേദിച്ചപ്പോൾ ഞാൻ പറഞ്ഞു:" ആ ചന്ദ്രൻ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേർ ആദ്യമായി ഒരാൾ ടിവിയിൽ പറയുന്നതുകേട്ടാൽ ഞാൻ കൂടുതൽ സന്തോഷിക്കുകയല്ലേ ചെയ്യുക?" 

ശ്രീധരേട്ടൻ അപ്പോൾ ചിരിച്ച ചിരിക്ക് എന്റെ അച്ഛന്റെ ഛായയുണ്ടായിരുന്നു. മോനേ എന്ന് കണ്ണു നിറഞ്ഞുമാത്രം വിളിച്ചിരുന്ന ഒരാളുടെ ഛായ!!‌

MORE IN SPOTLIGHT
SHOW MORE
Loading...
Loading...