നസീർ അച്ഛന്റെ സ്ഥാനത്തു നിന്ന് ദക്ഷിണ വാങ്ങി; മൈത്രിയുടെ സഹയാത്രികര്‍; വിഡിയോ

kayamkulam-marriage
SHARE

കായംകുളം : ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളി മുറ്റത്തൊരുക്കിയ പന്തലിൽ അഞ്ജുവും ശരത്തും ഹൈന്ദവാചാരപ്രകാരം വിവാഹിതരായി. ഇന്നലെ 12.10നുള്ള മുഹൂർത്തത്തിലാണ് ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവിനെ കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കേടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത് സ്വന്തം സഹയാത്രികയാക്കിയത്. 

വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്.ജമാഅത്ത് കമ്മിറ്റിക്കു വേണ്ടി വിവാഹത്തിന്റെ ചെലവുകൾ ഏറ്റെടുത്ത നസീർ പട്ടന്റയ്യത്ത് അച്ഛന്റെ സ്ഥാനത്തു നിന്ന് ദക്ഷിണ വാങ്ങി അഞ്ജുവിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചിറക്കി. ‘എന്റെ മക്കളുടെ വിവാഹം നല്ലരീതിയിൽ നടത്തി. സഹായം ആവശ്യമുള്ള ഒരു പെൺകുട്ടിയുടെ വിവാഹം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ അതു ഭംഗിയായി നടന്നു. ഇനി നല്ല മനസ്സുള്ളവർ അഞ്ജുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഒരു വീട് കൂടി നൽകണം’– നസീർ പറഞ്ഞു.ഭർത്താവ് അശോകൻ മരിച്ചതോടെ ജീവിതം വഴിമുട്ടിയ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീൻ ആലുംമൂട്ടിലിന്റെ സഹായം തേടിയിരുന്നു.

തുടർന്നാണ് വിവാഹം ഏറ്റെടുത്ത് നടത്താൻ ജമാഅത്ത് കമ്മിറ്റി മുന്നിട്ടുവന്നത്. 2500 പേർക്കുള്ള സദ്യയും ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു. ക്ഷണിച്ചതിലും ഏറെപ്പേർ നന്മയും സ്നേഹവും വിളംബരം ചെയ്യുന്ന ചടങ്ങ് കേട്ടറിഞ്ഞ് എത്തിയിരുന്നു. ജമാഅത്ത് സെക്രട്ടറി നുജുമുദീൻ ആലുംമൂട്ടിൽ നവദമ്പതികൾക്ക് ഉപഹാരം നൽകി. എ.എം.ആരിഫ് എംപി, ഡിസിസി പ്രസിഡന്റ് എം.ലിജു, കായംകുളം നഗരസഭ വൈസ് ചെയർപഴ്സൻ കെ.ഗിരിജ, കൊല്ലം പ്രി‍ൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ തുടങ്ങിയവർ ദമ്പതികൾക്ക് ആശംസയുമായി എത്തി.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് കുറിപ്പ് 

‘മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം– ഈ സുമനസ്സുകൾക്കൊപ്പം.’ 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...