മുട്ടിലിഴഞ്ഞ് കുഞ്ഞ് ഹൈവേയിൽ; വാനിലെത്തിയവർ വാരിയെടുത്തു; രക്ഷകർ

child
SHARE

വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിലേക്ക് വീട്ടിൽനിന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും എത്തിയ പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവർ വാഹനം റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം.

കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘത്തിനു നന്ദി പറയുകയാണു നാട്ടുകാർ; അവർ ആരെന്ന് അറിയില്ലെങ്കിലും. റോഡിൽ നിന്ന് 20 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് ഒരു വയസ്സും 2 മാസവും പ്രായമുള്ള ആ കുഞ്ഞ് ആരും അറിയാതെ റോഡിലേക്കെത്തിയത്. ദേശീയപാതയുടെ മധ്യഭാഗത്ത് കുഞ്ഞ് എത്തിയപ്പോഴായിരുന്നു മീൻവണ്ടിയുടെ വരവ്. കുഞ്ഞിനെക്കണ്ട് ഹോണടിച്ച് ഡ്രൈവർ അവനു രക്ഷാകവചമെന്നോണം വാൻ കുറുകെ നിർത്തി. ഈ സമയം ഇരുവശത്തുനിന്നും വന്ന അൻപതിലേറെ വാഹനങ്ങൾ നിരനിരയായി റോഡിൽ കിടന്നു.

വാനിൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഓടിയിറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതി പരിസരവാസികളും ഓടിയെത്തി. പിന്നാലെ ബന്ധുക്കളും. രാവിലെ അച്ഛൻ മുറ്റത്തേക്കിറങ്ങിയപ്പോൾ ഒപ്പമിറങ്ങിയതായിരുന്നു കുഞ്ഞ്. കാണാതായപ്പോൾ വീടിനുള്ളിലുണ്ടാകുമെന്നാണ് അച്ഛൻ കരുതിയത്. റോഡിലെ ബഹളം കേട്ടെങ്കിലും അപകടം നടന്നതാണെന്നാണു വീട്ടുകാരും ധരിച്ചത്. 

ഇപ്പോഴും ആ ഞെട്ടലിൽ നിന്നു മുക്തരായിട്ടില്ല കുടുംബം. എങ്കിലും തങ്ങളുടെ പൊന്നോമനയെ ഒരു പോറൽപോലും ഏൽക്കാതെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് അച്ഛനും അമ്മയും 4 വയസ്സുള്ള സഹോദരനും. ദൈവസ്പർശമേറ്റ അവനെ അവർ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...