നാടോടി യുവതിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് ഒരു ലക്ഷം രൂപ; ഉള്ളത് 400 രൂപ

fok-artist
SHARE

നാടോടി യുവതിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് ഒരു ലക്ഷം രൂപ. കൈയിലുള്ളത് ആകെ 400 രൂപ. മെഡിക്കൽ കോളജ് ആശുപത്രിയുടെ 25–ാം വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള സബറിൻ (22) എന്ന രാജസ്ഥാൻ സ്വദേശിനിയെയും ഒപ്പമുള്ള ഭർത്താവ് നിസാമുദ്ദീനെയും മക്കളായ കുരുന്നുകളെയും കണ്ടാൽ ആരുടെയും ഉള്ളൊന്നു പിടയും. സഹിക്കാൻ കഴിയാത്ത തലവേദനയുമായാണ് സബറിൻ ഒരാഴ്ച മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നത്.

പരിശോധനയിൽ തലയിൽ മുഴ കണ്ടെത്തുകയും ഒരു ലക്ഷം രൂപ ചിലവുള്ള അടിയന്തര ശസ്ത്രക്രിയ നടത്താൻ നിർദേശിക്കുകയും ചെയ്തു. ട്രാഫിക് സിഗ്നലുകൾ തോറും ബലൂൺ കച്ചവടം നടത്തി അരവയർ കഴിയുന്ന നാടോടി കുടുംബം ഇതുകേട്ട് എന്തു ചെയ്യണമെന്നറിയാതെ അക്ഷരാർഥത്തിൽ വിഷമിച്ചിരിക്കുകയാണ്. മതിയായ ഭക്ഷണം ലഭിക്കാതെ വേദന കടിച്ചമർത്തി കഴിയുന്ന അമ്മയുടെ പാൽവറ്റിയ മാറിൽ അമ്മിഞ്ഞയുടെ മധുരം തിരയുന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞ് കാണുന്നവരുടെ കരളലിയിക്കും.

ആശുപത്രിയിലെ കവർ പാൽ നൽകി കുട്ടികളുടെ വിശപ്പകറ്റിയും സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപൊതി പങ്കിട്ടും ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇവർ. ഭാഷയറിയാതെ ആരോട് സഹായം ചോദിക്കണമെന്നറിയാതെ വിഷമിക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ സുമനസുകൾ രംഗത്തു വരണം. സാമൂഹിക സുരക്ഷാ മിഷന്റെ വി കെയർ പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉൾപ്പെടുത്തി അടിയന്തര ശസ്ത്രക്രിയക്കുള്ള പണം തരപ്പെടുത്തി നൽകണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...