പൊലീസ് പരസ്യത്തിൽ ഉണ്ണി മുകുന്ദന്റെ ഹെൽമെറ്റ് എവിടെ?; ചോദ്യം, ഉത്തരം; കമന്റ് വൈറൽ

unni-police-post
SHARE

സമൂഹമാധ്യമങ്ങളിലെ സജീവ ഇടപെടലുകളിലൂടെ രാജ്യത്തിന് തന്നെ മാതൃകയാണ് കേരള പൊലീസ്. രസകരമായ പോസ്റ്റുകളും കമന്റുകളുമായി പൊലീസ് ഫെയ്സ്ബുക്ക് പേജ് എപ്പോഴും ഉഷാറാണ്. ചോദ്യം ചോദിക്കാനും പൊലീസിനെ ട്രോളാനുമൊക്കെയായി പേജിലെത്തുന്നവരും ഏറെയാണ്. ഇപ്പോഴിതാ ഒരു പോസ്റ്റിന് താഴെ പൊലീസ് നൽകിയ മറുപടിയും അതിന് ലഭിച്ച കമന്റുമാണ് ട്രോളാകുന്നത്.

കേരള പൊലീസിലെ മികച്ച ബോഡി ബിൽഡറെ തിരഞ്ഞെടുക്കുന്നതിനുള്ള ശരീര സൗന്ദര്യ മൽസരത്തിന്റെ പോസ്റ്ററാണ് പൊലീസ് പങ്കുവച്ചത്. ഇതിൽ മുഖ്യാതിഥിയായി എത്തുന്നത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ ഹെൽമെറ്റില്ലാതെ ബൈക്കിലിരിക്കുന്ന ഉണ്ണിയുടെ ചിത്രമാണ് പൊലീസുകാർ പോസ്റ്ററിൽ ഉൾപ്പെടുത്തിയത്.

unni-comment-viral

‘സാറെ, നിങ്ങളുടെ പരസ്യത്തിൽ ഉണ്ണി മുകുന്ദന്റെ ഹെൽമെറ്റ് എവിടെ?’ എന്നു ചോദിച്ച് ചിലർ പോസ്റ്റിന് താഴെ എത്തി. ഇൗ ചോദ്യത്തിന് ‘അദ്ദേഹം വണ്ടി ഓഫാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്.’ എന്നായിരുന്നു പൊലീസ് നൽകിയ മറുപടി. തൊട്ടുപിന്നാലെ അടുത്ത കമന്റ് എത്തി. ‘അപ്പോ പൊലീസിനെ കാണുമ്പോൾ ഹെൽമെറ്റ്‌ വെക്കാത്തവർ വണ്ടി ഓഫ്‌ ആക്കിയാൽ മതിയോ സാറേ.. പറ്റില്ലല്ലേ..’ എന്നായിരുന്നു കമന്റ്.എന്നാൽ ഇതിന് പൊലീസ് മറുപടി കൊടുത്തിട്ടില്ല. ഇതോടെ കമന്റിന് ലൈക്കുകളും ഏറുകയാണ്. ചർച്ച സജീവമായതോടെ പോസ്റ്റിന്റെ തലവാചകത്തിൽ ‘ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കേണ്ടതാണ്’ എന്ന് പൊലീസുകാർ പിന്നീട് എഴുതിച്ചേർത്തു.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...