മരിച്ച ജീവനക്കാരന്റെ വീട്ടിൽ യൂസഫലി; 24 ലക്ഷം രൂപ നൽകി

ma-yusufali-13
SHARE

വിടപറഞ്ഞ വിശ്വസ്തന്‍റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. കഴിഞ്ഞ ദിവസം കെനിയയില്‍ മരിച്ച താണിശ്ശേരി തയ്യില്‍ വീട്ടില്‍ നകുലന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് യൂസഫലി താണിശ്ശേരിയിലുള്ള നകുലന്‍റെ വീട്ടിലെത്തിയത്. 62 വയസുള്ള നകുലന്‍ കഴിഞ്ഞ 26 വര്‍ഷമായി ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ്. കെനിയയിലെ ലുലു ഗ്രൂപ്പിലെ സ്റ്റോര്‍ കീപ്പറായി ജോലി നോക്കുന്നതിനിടയിലാണ് ഹൃദയാഘാതംമൂലം മരിച്ചത്.

ലുലു ഗ്രൂപ്പില്‍ കെനിയയില്‍ വച്ച് ജോലിക്കിടെ നിര്യാതനായ ഇരിങ്ങാലക്കുട സ്വദേശി നകുലന്‍റെ മകള്‍ നീതുവിനു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി വീട്ടിലെത്തി ധനസഹായം നല്‍കുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ശാന്തിനികേതന്‍ സ്കൂളില്‍ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടര്‍ന്ന് കാര്‍മാര്‍ഗമാണു നകുലന്‍റെ വീട്ടിലെത്തിയത്. നകുലന്‍റെ ബന്ധുക്കളെ കണ്ടശേഷം യൂസഫലി നകുലന്‍റെ ഭാര്യ രാധയെയും അവിവാഹിതയായ മകള്‍ നീതുവിനെയും ആശ്വസിപ്പിച്ചു.   ലുലു ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള ആനൂകൂല്യമായ 19ലക്ഷം രൂപക്ക് പുറമെ അഞ്ചു ലക്ഷം രൂപയുടെ സഹായവും നല്‍കിയാണ് എം.എ.യൂസഫലി മടങ്ങിയത്.

കുടുംബത്തിന് ആവശ്യമായ ഏത് സഹായത്തിനും തന്നെ വിളിക്കാമെന്ന് പറഞ്ഞ യൂസഫലി, നകുലന്‍റെ മകള്‍ നീതുവിന് ജോലി വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്. കാല്‍ നൂറ്റാണ്ടോളം ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച നകുലന്‍ വിശ്വസ്തനായിരുന്നെന്നു യൂസഫലി പറഞ്ഞു. വിരമിക്കല്‍ പ്രായം കഴിഞ്ഞെങ്കിലും നകുലന്‍റെ ആഗ്രഹ പ്രകാരം ആരോഗ്യമുള്ളിടത്തോളം കാലം തുടരാന്‍ അനുവദിക്കുകയായിരുന്നു. പത്തുമിനിറ്റോളം നകുലന്‍റെ കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...