ചോരുന്ന വീട്; പട്ടിണി മാറ്റാൻ ചേമ്പിന്റെ താള്; കണ്ണീർക്കാലം: എൽദോ; വിഡിയോ

mla-life-wedding
SHARE

നാളെയാണ് ആ വിവാഹം. വിവാഹത്തിന് മുൻപ് തന്നെ ഇരുവരും കുറിച്ചിട്ട  ജീവിതത്തെ കുറിച്ചും പിന്നിട്ട ജീവിതത്തെ കുറിച്ചും വധുവും വരനും കേരളത്തോട് സംസാരിച്ചു. ആഘോഷത്തിന്റെ നിറവിൽ നിന്നായിരുന്നില്ല ഇരുവരുടെയും വാക്കുകൾ എന്നത് ഇവിടെയും അവരെ വ്യത്യസ്ഥരാക്കുന്നു. മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമും വധുവായ ഡോ. ആഗി മേരിയും പങ്കെടുത്ത മനോരമ ന്യൂസ് നേരെ െചാവ്വേ പുതിയ അനുഭവമാകുന്നതും അതുകൊണ്ടാണ്.

മുൻപ് ഒരു ആയൂർവേദ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് വൈകി എത്തിയതാണ് വിവാഹത്തിന്റെ സമയം കുറിക്കാനുള്ള പ്രധാനകാരണം. അങ്ങനെയാണ് ആഗിയെ എൽദോ കാണുന്നത്. സൗഹൃദം പിന്നീട് കല്യാണത്തിലേക്ക് എത്തിയപ്പോൾ എൽദോ സംസാരിച്ചത് എംഎൽഎയുടെ മേൽവിലാസത്തിലായിരുന്നില്ലെന്ന് ആഗി പറയുന്നു.

‘പാടവരമ്പത്ത് ഒക്കെ കാണുന്ന ചേമ്പില്ലേ. ആ ചേമ്പിന്റെ താളായിരുന്നു ഒരുകാലത്ത് എന്റെ വീട്ടിലെ ഭക്ഷണം. ഇടയ്ക്ക് ഒരു തേങ്ങയിട്ട് ആ താളിന്റെ രുചിയൊന്ന് കൂട്ടും. അത്രത്തോളം പട്ടിണി എന്താണെന്ന് അനുഭവിച്ചിട്ടുണ്ട്. ഇന്ന് എനിക്ക് പട്ടിണി ഇല്ല. ഞാൻ ഇപ്പോഴും നെയമ്പ് എടുക്കാറുണ്ട്. പോയകാലം മറക്കാതിരിക്കാൻ. എന്റെ സഹോദരിയുടെ കല്യാണം നടത്തുമ്പോൾ എന്റെ വീട് ചോരുമായിരുന്നു. അവളെ കാണാനെത്തിയ ചെറുക്കന്റെ വീട്ടുകാർ പറഞ്ഞു. ഒന്നും വേണ്ട നിങ്ങൾ അവളെ പള്ളിയിലെത്തിച്ചാ മതിയെന്ന്. മറക്കാൻ പറ്റില്ല ആ വാക്ക്..

പിന്നീട് പശുവിനെ വിറ്റ് അയ്യായിരം രൂപ അടുത്ത ബന്ധു സഹായിച്ചു. ആ പണം കൊണ്ട് അന്ന് ഒന്നരപവൻ സ്വർണം വാങ്ങി അവളുടെ കഴുത്തിൽ ചാർത്തിയാണ് സഹോദരിയെ പറഞ്ഞയച്ചത്. ഇതൊക്കെ തുടക്കം തന്നെ ഞാൻ ആഗിയോട് പറഞ്ഞിരുന്നു. എംഎൽഎ എന്ന പദവി എന്നും ഉണ്ടാകില്ലെന്നും ‍ഞാൻ പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും ഒപ്പം നിൽക്കാനാണ് ആഗി തീരുമാനിച്ചത്.’ എൽദോ പറഞ്ഞു.

എന്താണ് ആ തീരുമാനത്തിന്റെ പിന്നിലെന്ന ചോദ്യത്തോട് ആഗിയുടെ മറുപടി ഇങ്ങനെ. ‘ഇത്രയും കഷ്ടപാടും കണ്ണീരും ദുരിതവും പട്ടിണിയുമൊക്കെ ഉണ്ടായിട്ടും തളർന്നുപോയില്ലല്ലോ. ഇതുവരെ എത്തിയില്ലേ. അതാണ് എന്റെ വിശ്വാസം..’ ആഗി വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...