കശാപ്പുകാരന് മുന്നിൽ കണ്ണീർ വാർത്ത് മുട്ടുകുത്തി പശു; നൊമ്പരകാഴ്ച

cow-crying
SHARE

ചൈനയിലെ ഒരു അറവുശാലയിൽ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. കൊല്ലാൻ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നിൽ ദയയ്ക്കായി കേണപേക്ഷിക്കുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. കശാപ്പുകാരനു മുന്നിൽ കണ്ണീർ വാർത്തുകൊണ്ട് മുൻ കാലുകളിൽ മുട്ടുകുത്തി നിന്നായിരുന്ന പശുവിന്റെ അപേക്ഷ. ഞായറാഴ്ച ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷാന്റൂയിലുള്ള കശാപ്പ് ശാലയിലാണ് സംഭവം നടന്നത്.

അറവുശാലയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയതു മുതൽ പശു നടക്കാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. വളരെ പണിപ്പെട്ടാണ് പശുവിന്റെ ഉടമ അതിനെ ട്രക്കിൽ കയറ്റിവിട്ടത്. പശുവിന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രാദേശിക വാർത്താ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് പശു ഗർഭിണിയാണെന്നും അതാകാം ജീവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചതെന്നുമാണ് നിഗമനം. അറവുശാലയുടെ മുന്നിലെത്തിയിട്ടും പശു നിസ്സഹകരണം തുടർന്നു. കശാപ്പുകാരൻ വലിച്ചിഴച്ചാണ് പശുവിനെ ട്രക്കിൽ നിന്നും പുറത്തിറക്കിയത്.

അപ്പോഴും കശാപ്പുകാരന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് പശു കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. കശാപ്പുശാലയിലുണ്ടായിരുന്ന ജീവനക്കാരനാണ്  പശുവിന്റെ ദാരുണമായ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പെട്ടെന്നു തന്നെ ദൃശ്യങ്ങൾ വ്യാപകമായി ജനശ്രദ്ധ നേടി. ചൈനയിലെ മൃഗസ്നേഹികൾ ഉടൻതന്നെ പശുവിന്റെ രക്ഷയ്ക്കെത്തി.  സുമനസ്സിന്റെ ഉടമകൾ പശുവിനെ കശാപ്പുശാലയിൽ നിന്നും മോചിപ്പിക്കാനായി 24,950 യുവാൻ ( 2.5 ലക്ഷം രൂപ) സമാഹരിച്ചു. പശുവിനെ എല്ലാവരും ചേർന്ന് കശാപ്പുശാലയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

കശാപ്പുശാലയിൽ നിന്നും വാങ്ങിയ പശുവിനെ പിന്നീട് സമീപത്തുള്ള ബുദ്ധക്ഷേത്രത്തിന്റെ നടത്തിപ്പുകാർ ദത്തെടുത്തു. പശുവിന്റെ പരിചരണത്തിനായി സമാഹരിച്ച തുകയിൽ നിന്ന് 4000 യുവാൻ മൃഗസ്നേഹികൾ ക്ഷേത്രഭാരവാഹികളെ ഏൽപ്പിക്കുകയും ചെയ്തു. മനുഷ്യമനസ്സിലെ കാരുണ്യം ഇനിയും വറ്റിയിട്ടില്ല എന്നതിനു തെളിവാണ് പശുവിന്റെ കശാപ്പുശാലയിൽ നിന്നു ജീവിതത്തിലേക്കുള്ള ഈ തിരിച്ചുവരവ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...