കടലമ്മ ചങ്കാണ്; പൊന്നുപോലെ കാക്കാന്‍ ഞങ്ങളുണ്ട്; ഇവർ കാട്ടുന്ന മാതൃക; വിഡിയോ

fisher-new
SHARE

കടലിനെ കുറിച്ച് മനുഷ്യന്‍ ആവലാതിപ്പെട്ടിട്ട് കാര്യമുണ്ടോ..? കടലിങ്ങനെ കരകാണാതെ പരന്നുകിടക്കുമ്പോള്‍ ? കടലില്‍ കായം കലക്കിയിട്ട് കാര്യമില്ലെന്ന് പണ്ടാരോ പറഞ്ഞുംവെച്ചിട്ടുണ്ട്. വലിയ കടലിന് വേണ്ടി ചെറിയ മനുഷ്യന് എന്തുചെയ്യാനാകും എന്നൊക്കെ ആശങ്കപ്പെടും മുമ്പ് കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു ലൈവ് വീഡിയോ എല്ലാവരും കാണണം.

കടലമ്മയുടെ കനിവാണ് കടലിന്റെ മക്കളുടെ ജീവിതം.ആ കടലിനെ കാക്കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും  കടലിന്റെ ആവാസവ്യവസ്ഥയെ തന്നെ താറുമാറാക്കി കൊണ്ടിരിക്കുകയാണെന്നാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെെയങ്കില്‍ പ്ലാസ്റ്റിക് നിരോധനം കരയില്‍ മാത്രം പോരല്ലോ കടലിലും വേണം. പക്ഷെ കടലുപോലെ പരന്നു കിടക്കണ പണിയാണത്. ഒരാളെ കൊണ്ടോ രണ്ടാളെ കൊണ്ടോ കൂട്ടിയാല്‍ കൂടില്ലെന്ന് ഉറപ്പുണ്ട്. ലോകം ആശങ്കപ്പെട്ടിരിക്കുമ്പോള്‍ കോഴിക്കോട്ടെ മത്സ്യതൊഴിലാളികള്‍ ഇറങ്ങിയിരിക്കുകയാണ് കടലമ്മയെ കാത്തുരക്ഷിക്കാന്‍.അല്ലെങ്കിലും കേരളം ആശങ്കപ്പെട്ടിരുന്നപ്പോള്‍ തുഴയുമായി നാടുകാക്കാന്‍ ഇറങ്ങിയ പാരമ്പര്യം ഉള്ളവരാണല്ലോ മത്സ്യതൊഴിലാളികള്‍.

 കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് കടലില്‍പോയ ബാലാജി ബോട്ടിലെ 12 അംഗ സംഘത്തില്‍പെട്ട ടി.പി വികാസാണ് ഫെയ്സ്ബുക്കില്‍ ലൈവിട്ട് ഈ വിവരം ലോകത്തോട് പറയുന്നത്. കടലില്‍പോയി  5 ദിവസത്തിന് ശേഷം തിരിച്ചെത്തുന്നത്.അയ്യായിരത്തിലധികം രൂപയുടെ സാധനങ്ങള്‍ 5 ദിവസത്തെ ഉപയോഗത്തിനായി അവര്‍ ബോട്ടില്‍ സൂക്ഷിച്ചിരുന്നു.എല്ലാം പ്ലാസ്റ്റിക് പാകറ്റുകളില്‍ നിറച്ചുവെച്ച സാധനങ്ങള്‍.പപ്പടം,പാല്,പഞ്ചസാര,ചായപ്പൊടി ബ്രണ്ട് പുട്ടുപൊടി തുടങ്ങി പലചരക്ക് സാധനങ്ങളും പല വ്യഞ്ജനങ്ങളുമെല്ലാം ഉള്‍പ്പെടുന്ന നിത്യോപയോഗ സാധനങ്ങള്‍ അതിലുണ്ട്.സാധാരണ കടലില്‍ പോകുമ്പോള്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പാകറ്റുകള്‍ കടലില്‍ വലിച്ചെറിയുകയാണ് പതിവ്.കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിന്റെ സന്ദേശം ഉള്‍കൊണ്ട് കൊണ്ട് ബാലാജിയിെല മത്സ്യതൊഴിലാളികള്‍ ഇത്തവണ പതിവൊന്ന് മാറ്റിപിടിച്ചു.സാധനങ്ങള്‍ ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് പാക്കറ്റുകള്‍ കടലില്‍ കളഞ്ഞില്ല.അവരതെല്ലാം സൂക്ഷിച്ചുവെച്ചു.കരയിലെത്തി കടകളില്‍ തിരിച്ചേല്‍പ്പിക്കാന്‍ അല്ലെങ്കില്‍ കൃത്യമായി സംസ്കരിക്കാന്‍.കടലില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുമ്പോള്‍ മീനുകളുടെയും മറ്റും വയറ്റില്‍ പോലും പ്ലാസ്റ്റിക് കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി അതുണ്ടാകരുതെന്ന വലിയ ദിശാബോധമാണ് ഈ തൊഴിലാളികളുടെ ചെറിയ ഉദ്യമത്തിന് പിന്നിലുള്ളത്.

കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നുമാത്രം 140 ബോട്ടുകള്‍ ദിനംപ്രതി കടലില്‍ പോകുന്നുണ്ട്. ഈ ബോട്ടുകളെല്ലാം ഇതേ മാതൃക പിന്തുടര്‍ന്നാല്‍ കടലിനെ പ്ലാസ്റ്റിക്കില്‍ നിന്നും കരകയറ്റാനുള്ള വലിയ പരിശ്രമമായിരിക്കും എന്നുറപ്പാണ്.പുതിയാപ്പ ഹാര്‍ബറിന് മാത്രമല്ല

കേരളത്തിലെ മുഴുവന്‍ ഹാര്‍ബറുകളിലും സ്വീകരിക്കാവുന്ന മാതൃകയാണിത്.കടലിനെ സ്നേഹിക്കുന്നവര്‍ ഇതിനൊപ്പം ഉണ്ടാകുമെന്നും ഇവര്‍ പ്രത്യാശിക്കുന്നുണ്ട്.കണവകളെ പിടിയ്ക്കാന്‍ കടലില്‍ കൃത്രിമ പ്ലാസ്റ്റിക് പാറകള്‍ ഉണ്ടാക്കുന്ന പരദേശികളായ മത്സ്യതൊഴിലാളികളെ കുറിച്ചും ഇവര്‍ക്ക് പരാതിയുണ്ട്.പക്ഷെ അതിനൊക്കെ അപ്പുറത്ത് പ്ലാസ്റ്റിക്കിനെതിരായ നാടിന്റെ ഉദ്യമത്തിന് ഒപ്പം നില്‍ക്കാനുള്ള ഇവരുടെ മനസ്സ് അഭിനന്ദനാര്‍ഹമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...