പത്താണ്ടുകളില്‍ ആവര്‍ത്തിക്കുന്ന ‘ചരിത്രം’; ഏത് ഭാഷയും ദേശവും തേടുന്ന പേര്: മമ്മൂട്ടി

mammooty-ysr-biopic-films
SHARE

മമ്മൂട്ടി വീണ്ടും ഒരു റിയല്‍ ലൈഫ് നായകനെ കയ്യാളുന്ന യാത്ര നാളെ തീയറ്ററില്‍. വൈവിധ്യഭരിതമായ ആ കരിയറിലെ ‘ജീവനുള്ള’ നായകരുടെ ചരിത്രം ഇതാ.

പതിറ്റാണ്ടുകളോട് അടുക്കുമ്പോൾ ചരിത്രം ജീവിതത്തോട് ചേർത്ത് കെട്ടുന്ന മാജിക്കുകൾ ഇൗ നടൻ മുൻപും കാട്ടിയുണ്ട്. അഭിനയവും ജീവിതവും ചരിത്രത്തോട് കിടപിടിക്കുമ്പോൾ അത് പകർന്നാടാൻ ഭാഷാന്തരങ്ങൾക്കപ്പുറമുള്ള സംവിധായകർ ഇപ്പോഴും തേടിയെത്തുന്ന നടനാണ് മമ്മൂട്ടി. ശരീരത്തിന്റെ വഴക്കങ്ങളിലും ഭാവത്തിന്റെ പകർച്ചയിലും ചരിത്രത്തിലെ ആകാരങ്ങളെ ഈ നടന്‍ വെള്ളിത്തിരയില്‍ പുനരവതരിപ്പിക്കും. ആ വിജയഗാഥകള്‍ തന്നെയാണ് ഇൗ തേടിയെത്തലിന്റെ പിന്നിലെ പരസ്യമായ രഹസ്യവും.

ജീവചരിത്രങ്ങളെ വെള്ളിത്തിരയിൽ പകർത്തുമ്പോൾ മമ്മൂട്ടിയെന്ന നടന്റെ പേര് പലകുറി മാറ്റൊലി കൊണ്ടിട്ടുണ്ട്. അതെല്ലാം പത്തുവർഷം കൂടുമ്പോൾ ആവർത്തിക്കുന്നത് കാലത്തിന്റെ ആകസ്മികതയല്ലാതെ മറ്റെന്താണ്. മലയാളത്തിന്റെ എഴുത്തിന്റെ സുൽത്താനെ മമ്മൂട്ടി മതിലുകളുടെ മറയില്ലാതെ അവതരിപ്പിച്ച ‘മതിലുകൾ’, 1990 ലാണ് പുറത്തിറങ്ങിയത്. വൈക്കം മുഹമ്മദ് ബഷീറിനെ ജീവിതത്തോട് ചേർത്ത് നിർത്താൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരഞ്ഞെടുത്താകട്ടെ മമ്മൂട്ടിയെ. ജയിലറകൾക്കുള്ളിൽ ബഷീറിന്റെ ഭാവപകർച്ചകളെ കയ്യടക്കത്തോടെ മമ്മൂട്ടി ഭദ്രമാക്കി. ബഷീറിന്റെ തന്നെ കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഇഷ്ടത്തിന്റെ വേറിട്ട തലം മമ്മൂട്ടി കാഴ്ചവച്ചു. ഇൗ അഭിനയമികവിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

മതിലുകൾക്ക് ശേഷം, കൃത്യം പറഞ്ഞാൽ പത്തുവർഷം കഴിഞ്ഞ് മറ്റൊരു ജീവചരിത്രവുമായി മമ്മൂട്ടി എത്തി. എന്നാൽ ഇത്തവണ മലയാളത്തിലായിരുന്നില്ല. ‘ഡോ. ബാബ സാഹിബ് അംബേദ്ക്കർ’ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ അംബേദ്ക്കറുടെ രൂപസാദൃശ്യത്തോടെ മമ്മൂട്ടി വീണ്ടും ചരിത്രം ഒാർമിപ്പിച്ചു. മലയാളത്തിലൊഴികെ ഒൻപത് ഭാഷകളിൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഇൗ ചിത്രം റീമേക്ക് ചെയ്തു. 2000 ലാണ് ചിത്രം റിലീസ് ചെയ്ത്. ചരിത്രം പകർത്താൻ മമ്മൂട്ടി വിധേയനായപ്പോൾ ചരിത്രം അതിനപ്പുറം ആവർത്തിച്ചു. അംബേദ്ക്കറിലെ പ്രകടനത്തിന് വീണ്ടും മികച്ച നടനുള്ള ദേശീയ പരുസ്കാരം ചരിത്രം ആ കൈകളിൽ വച്ചുകൊടുത്തു.  

വർഷം 2009. കേരളക്കരയെ ആവേശത്തിലാഴ്ത്തി മറ്റൊരു ജീവചരിത്രം. കേരളത്തിന്റെ പോരാട്ടക്കാലത്തോടും ചരിത്രത്തോടും കെട്ടുപിടഞ്ഞ് കിടക്കുന്ന കേരള വർമ പഴശ്ശിരാജയെ പകർത്താൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ് കഴിയുക. ഇൗ ചോദ്യത്തിന് പ്രേക്ഷകനെ കൊണ്ട് അടിവരയിടിയിച്ചു പഴശ്ശി തമ്പുരാൻ. എ‌ം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. മലയാളത്തിന്റെ പരിമിതികളെ പൊളിച്ചടുക്കുന്ന തരത്തിൽ വയനാടൻ കാടുകളിൽ പോരാടി വീണ പോരാളിയായ ആ രാജാവിന്റെ കഥ മമ്മൂട്ടിയിലൂടെ വെള്ളിത്തിരയിലും വിസ്മയിപ്പിച്ചു. മേക്കിങിലും കാസ്റ്റിങ്ങിലും സിനിമാ ചരിത്രത്തിലേക്ക് കൂടിയാണ് ഇൗ ചിത്രം ഒാടിക്കയറിയത്. 

വീണ്ടും ആവർത്തനം. വർഷം 2019. കാത്തിരിക്കുകയാണ് അടുത്ത ജീവനുള്ള ചരിത്രത്തിനായി. ഇത്തവണ കളം തെലുങ്കാണ്. ഇന്ത്യയുടെയും ഒാരോ തെലുങ്കന്റേയും ആത്മാവ് തൊട്ട വൈ.എസ്.ആറിന്റെ കഥ പറയാൻ അവർ വണ്ടിപിടിച്ചത് മമ്മൂട്ടിയുടെ അടുത്തേക്കാണ്. അതിന്റെ കാരണം എന്താണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യാത്ര എന്ന ചിത്രത്തിന്റെ  ട്രെയിലർ മാത്രമേ പുറത്തിറങ്ങിയുള്ളൂവെങ്കിലും അമ്പരപ്പിക്കുന്ന പകർച്ചയാണ് മമ്മൂട്ടി നടത്തിയിരിക്കുന്നത്. പത്തുവർഷം മുൻപ് തനി മലയാളി തമ്പുരാനായ പഴശ്ശിയെ അവതരിപ്പിച്ച മനുഷ്യനാണ് രൂപം കൊണ്ടും ശബ്ദം കൊണ്ടും ഭാഷ കൊണ്ടും പക്കാ തെലുങ്കനാകുന്നത്.  മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തുകയാണ്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയെ ആണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി 48 മണിക്കൂറിനിടെ 18 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്. 

ബഷീറായും അംബേദ്ക്കറായും പഴശ്ശിരാജയായും വൈഎസ്ആറായും പകർന്നാടാൻ പത്തുവർഷത്തിന്റെ ഇടവേളകൾ ഇൗ നടൻ എടുത്തു.  തന്റെ ശരീരവും കരുത്തും അഭിനയമികവും കൊണ്ട് ഇൗ മനുഷ്യൻ അതിനായൊക്കെ കാത്തിരിന്നു എന്നത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ വിസ്മയമാണ്. ഒരുപക്ഷേ ഇത്രേയേറെ ജീവചരിത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ മറ്റൊരു നടനെ ചൂണ്ടിക്കാട്ടുക പ്രയാസമാകും. അത്രത്തോളം ചരിത്രത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന മമ്മൂട്ടി എന്ന നടനവിസ്മയം. 

ഈ പതിറ്റാണ്ടുകള്‍ക്കിടയിലും ചരിത്രസമാനമായ എത്രയെത്ര വേഷങ്ങള്‍. ഇനിയും കാത്തിരിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍. മലയാളി കാത്തിരിപ്പ് തുടരുകയാണ്. ചരിത്ര–പുരാണ–രാഷ്ട്രീയ കഥാപാത്രങ്ങള്‍ ഈ മനുഷ്യന്റെ അരികിലെത്താന്‍.

MORE IN ENTERTAINMENT
SHOW MORE