‘ഒരുമിച്ച് കൂടൽമാണിക്യം ക്ഷേത്രോല്‍സവം കൂടണം’; ജീവിതം പറഞ്ഞ് അവര്‍: അഭിമുഖം

lakshmi-ammal-kochaniyan-chettan
SHARE

പുതുയുഗം പിറക്കുന്നതിന് മുൻപ് മലയാളി കണ്ട മനോഹരമായ കാഴ്ചകളിലൊന്നാണ് വാർധക്യത്തിന്റെ പടവുകൾ ഒരുമിച്ച് കയറാൻ അന്യോന്യം ഊന്നുവടികളായ ലക്ഷ്മിയമ്മാളിന്റെയും കൊച്ചനിയന്റെയും വിവാഹം. വൃദ്ധസദനത്തിലെ അന്തേവാസികളെ സാക്ഷിയാക്കി 67 വയസുള്ള കൊച്ചനിയൻ 66 വയസുള്ള അമ്മാളിന്റെ കൈപിടിച്ചപ്പോൾ സഫലമായത് ഒരായുസിന്റെ കാത്തിരിപ്പ്. 22 വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ അമ്മാളിനെ സംരക്ഷിച്ചിരുന്നത് ഭർത്താവിന്റെ സുഹൃത്തായ കൊച്ചനിയനായിരുന്നു.

മക്കളില്ലാത്ത അമ്മാളിനെ തൃശൂർ കോർപറേഷന് കീഴിലുള്ള സ്നേഹവീട്ടിൽ എത്തിച്ചതും ഇദ്ദേഹം തന്നെ. എന്നാൽ ഇടയ്ക്കൊന്ന് വീണതിനെ തുടർന്ന് വയനാട്ടിലെ സന്നദ്ധ സംഘടന കൊച്ചനിയൻ ചേട്ടനെ ചികിൽസിച്ചു. വീഴ്ചയെത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ടു. ഈ കാലയളവിലൊക്കെയും  കൊച്ചനിയൻ ചേട്ടൻ വരുന്നതും കാത്ത് അമ്മാളിരുന്നു. വരാതെയായപ്പോൾ പേടിയായി. അന്വേഷണങ്ങൾക്കൊടുവിൽ കൊച്ചനിയൻ ചേട്ടനെ കണ്ടെത്തി. 

ശുഭപര്യാവസായിയായ സിനിമ പോലെ ഇരുവരും വിവാഹിതരായതോടെ ഇത്രയും കാലത്തെ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കുമെല്ലാം അവസാനമായി. കഴിഞ്ഞുപോയ ഏകാന്ത കാലത്തെക്കുറിച്ചും ഒരുമിച്ചുള്ള പുതിയ ജീവിതത്തെക്കുറിച്ചും ലക്ഷ്മിയമ്മാൾ മനസ് തുറക്കുന്നു. ഒപ്പം ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ എടുത്ത പരിശ്രമങ്ങളെക്കുറിച്ച് വൃദ്ധസദനത്തിന്റെ സൂപ്രണ്ട് ജയകുമാറും മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു. 

മനസിലെ പ്രണയവും സന്തോഷം മറച്ചുവെയ്ക്കാതെയുള്ള അമ്മാളിന്റെ വാക്കുകൾ ഇങ്ങനെ:

എന്നെ കാണാനും കാര്യങ്ങൾ അന്വേഷിക്കാനും ആകെയുണ്ടായിരുന്നത് കൊച്ചനിയൻ ചേട്ടനാണ്. അദ്ദേഹത്തിന് ഞാനും എനിക്ക് അദ്ദേഹവും മാത്രമേയുള്ളൂ. എന്റെ ബന്ധുക്കളൊക്കെ തൃശൂര് തന്നെയുണ്ടെങ്കിലും ആരും കാണാനൊന്നും വരാറില്ല.  ഇടയ്ക്കൊന്ന് വീണ് ചേട്ടന് വയ്യാതെയായി. അപ്പോൾ നോക്കാനും പരിചരിക്കാനും ഞാൻ കൂടെയുണ്ടാകണമെന്ന് തോന്നി. ഞങ്ങൾക്ക് ഈ വയസുകാലത്ത് ഇനി ആരാണ് ഉള്ളത്. കല്യാണം കഴിക്കണമെന്ന് മോഹം ഉണ്ടായിരുന്നെങ്കിലും അത് ആരോടും പറഞ്ഞിരുന്നില്ല. കൊച്ചനിയൻ ചേട്ടനെ കാണാതായപ്പോൾ പേടി തോന്നി. വീണ്ടുമൊന്ന് കാണണമെന്ന് മാത്രമേ ജയകുമാർ സാറിനോട് പറഞ്ഞിരുന്നുള്ളൂ. സാറിന് പക്ഷെ ഞങ്ങളുടെ മനസ് മനസിലായി. ഇത്രയും കാലം അനുഭവിച്ച ഏകാന്തതയും ഒറ്റപെടലുമൊക്കെ ചേട്ടൻ തിരികെ എത്തിയപ്പോൾ തന്നെ മാറി. ഇപ്പോൾ കൂടുതൽ സന്തോഷമുണ്ട്. ആയുസുള്ളിടത്തോളം കാലം ചേട്ടനെ നോക്കണം. 

lakshmiammal1

ഒരുമിച്ച് എവിടെയങ്കിലുമൊക്കെ പോകാന്‍ ആഗ്രഹമുണ്ടോ?

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉൽസവം ഒരുമിച്ച് പോയി കാണണം. വീണു പരുക്കേൽക്കുന്നതിന് മുൻപ് കാണാൻ വന്നപ്പോൾ എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞതാണ്. അതിനുശേഷമാണ് വരാതെയായത്. അന്ന് മനസിൽ കുറിച്ചിട്ട് ആഗ്രഹമാണ് ഒരുമിച്ച് ഉത്സവം കാണണമെന്നുള്ളത്. പിന്നെ വടക്കുംനാഥന്റെ അമ്പലത്തിൽ പോകണം. ഗുരുവായൂര് ഭഗവാനെ തൊഴുത് പ്രസാദം കഴിക്കണം. ആയുസും ആരോഗ്യവും അനുവദിച്ചാൽ ഞങ്ങളൊരുമിച്ച് അവിടെയെല്ലാം പോകും. സൂപ്രണ്ട് സാർ ഇവിടെയെല്ലാം പോകാൻ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മനസിലാക്കിയില്ലായിരുന്നെങ്കിൽ വയസുകാലത്ത് താലിഭാഗ്യം ഉണ്ടാകുമായിരുന്നില്ല. 

നേരിട്ട എതിർപ്പുകളെക്കുറിച്ചും പ്രണയം തിരിച്ചറിഞ്ഞതിനെക്കുറിച്ചും ജയകുമാറിന്റെ വാക്കുകൾ: കൊച്ചനിയൻ ചേട്ടനെ കാണാതായശേഷം അമ്മാൾ നിരന്തരം എന്തെങ്കിലും വിവരമുണ്ടോയെന്ന് വന്ന് തിരക്കുമായിരുന്നു. ആളെ അന്വേഷണത്തിൽ കണ്ടെത്തി ഉടൻ തന്നെ ഇവിടേയ്ക്ക് കൊണ്ടുവരുമെന്ന് അറിയിച്ചശേഷം എല്ലായിപ്പോഴും അമ്മാൾ വന്ന് എന്ന് കൊണ്ടുവരും, എപ്പോൾ വരും എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ആ ചോദ്യത്തിൽ നിന്ന് തന്നെ മനസിൽ എത്രമാത്രം ഇഷ്ടമുണ്ടെന്ന് വ്യക്തമായിരുന്നു. 

ഗവൺമെന്റ് സെക്രട്ടറി ബിജു പ്രഭാകറിന്റെ േനതൃത്വത്തിൽ  2019ൽ വൃദ്ധസദനത്തിലെ സൂപ്രണ്ടുമാർക്കായി യോഗം നടത്തിയിരുന്നു. അന്ന് വൃദ്ധസദനത്തിൽ താമസിക്കുന്നവർക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ നടത്തി കൊടുക്കാമെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തുന്നത്. യോഗം നടന്ന സമയത്ത് കൊച്ചനിയൻ ചേട്ടൻ തൃശൂരിൽ എത്തിച്ചേർന്നിട്ടില്ലായിരുന്നു. യോഗത്തിലെ തീരുമാനം അനുസരിച്ച് കേരളത്തിലെ വൃദ്ധസദനത്തിൽ നടത്തുന്ന ആദ്യ വിവാഹമാണിത്. ഒരുപക്ഷെ ഇന്ത്യയിലെയും. 

കൊച്ചനിയൻ ചേട്ടനും അമ്മാളിനും ഇഷ്ടമുണ്ടെങ്കിലും വിവാഹം കഴിക്കാൻ പേടിയായിരുന്നു. സമൂഹം എന്ത് ചിന്തിക്കും കുറ്റപ്പെടുത്തുമോ എന്നൊക്കെയുള്ള ഭയമുണ്ടായിരുന്നു. ഇരുവരും രണ്ട് സമുദായമായതുകൊണ്ട് ബന്ധുക്കൾ എതിർപ്പുമായി വരുമോയെന്ന ഭയവും ഇവർക്കുണ്ടായിരുന്നു. വൃദ്ധസദനത്തിലെ താമസക്കാരിൽ നിന്ന് തന്നെ എതിർപ്പുണ്ടായിരുന്നു. ഈ പ്രായത്തിൽ വിവാഹം നടത്തുന്നത് നാണക്കേടാണ്, ഞങ്ങൾ സഹകരിക്കില്ല എന്നെല്ലാം പറഞ്ഞു. ഈ എതിർപ്പ് പ്രകടിപ്പിച്ചവർ മക്കളും ബന്ധുക്കളുമുള്ളവരാണ്. അവർ ഇടയ്ക്ക് മക്കളെ കാണാനും പുറത്ത് അല്ലാതെ പോകാറുമൊക്കെയുണ്ട്. ഒറ്റപ്പെട്ട് ജീവിക്കുന്നവരുടെ സങ്കടം അവർക്ക് മനസിലാക്കാൻ പ്രയാസമായിരുന്നു. ആദ്യം അവരെ ഈ കാര്യം ബോധ്യപ്പെടുത്തേണ്ടി വന്നു. കൊച്ചനിയൻ ചേട്ടനെയും അമ്മാളിനെയും മാറ്റി നിർത്തി അവരോട് ഞാൻ സംസാരിച്ചു. തുറന്നുള്ള ആ സംസാരം പ്രയോജനം കണ്ടു. വിവാഹത്തിന് താമസക്കാരും സമ്മതിച്ചു. പിന്നീട് എല്ലാത്തിനും ഉഷാറായി ഒപ്പം നിന്നത് അവരായിരുന്നു. താലിയും വിവാഹവസ്ത്രവുമെല്ലാം അവരാണ് സ്പോൺസർ ചെയ്തത്.

lakshmi-ammal3

ഈ വിവാഹം കേവലം രജിസ്ട്രേഷനിൽ ഒതുക്കാമായിരുന്നു. എന്നാൽ  ആചാരപ്രകാരമുള്ള വിവാഹം തന്നെ വേണമെന്ന് നിർബന്ധമായിരുന്നു. ഇത്തരമൊരു വിവാഹം സമൂഹത്തിന്റെ മനോഭാവത്തിൽക്കൂടി മാറ്റം വരുത്താൻ ഉതകുന്നതാണെന്ന് തോന്നി. വൃദ്ധസദനത്തിന്റെ മാനേജിങ് കമിറ്റി ചെയർമാൻ ജോൺ ഡാനിയലും ആചാരങ്ങൾക്കനുസരിച്ച് നല്ല രീതിയിൽ വിവാഹം നടത്തണമെന്ന ആശയം ശരിവെയ്ക്കുകയും മുൻകൈ എടുക്കുകയും ചെയ്തു. വിവാഹമാണെന്ന വാർത്ത പുറത്തുവന്നതോടെ പലരും അമ്മാളിനും കൊച്ചനിയൻ ചേട്ടനും സമ്മാനങ്ങളുമായി വരാൻ തുടങ്ങി. ആളുകൾ അംഗീകരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇവർക്കും ആത്മവിശ്വാസമായി.

ഒറ്റപ്പെട്ട് ജീവിക്കുന്നവരുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകില്ല. ഒറ്റപെടലിന്റെ വിഷമം ഇവർ പ്രകടിപ്പിക്കുന്നത് വാക്കുകളിലൂടെയായിരിക്കില്ല. മറ്റുള്ള അന്തേവാസികളുമായി വഴക്ക് കൂടിയിട്ടൊക്കെയാകും. വർഷങ്ങളായി ഇവർക്കൊപ്പം നിൽക്കുന്നത് കൊണ്ട് ഇവരുടെ പ്രയാസം എനിക്ക് മനസിലാകും. ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. കൂടുതൽ സമയവും ഞാൻ സമയം ചിലവഴിക്കുന്നത് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം തന്നെയാണ്. എന്റെ മാതാപിതാക്കൾക്കും വയസായി. ഇത്തരമൊരു വിവാഹത്തിന് ഞാൻ മുൻകയ്യെടുത്തപ്പോൾ ആദ്യം വിളിച്ച് അഭിനന്ദിച്ചത് എന്റെ അച്ഛനാണ്. അത് ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു. – ജയകുമാർ പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...