ആലപ്പുഴയുടെ നെഞ്ചിൽതൊട്ട ശേഖർ; പറയും മുൻപ് മറഞ്ഞ ആ ‘രുചി’ജീവിതം; കുറിപ്പ്

alp-nalans-story
SHARE

ഈ കുറിപ്പ് നിങ്ങള്‍ വായിക്കുമ്പോഴേക്കും ശേഖര്‍ നാടാര്‍ തീയില്‍വെന്തു തീര്‍ന്നിട്ടുണ്ടാവും. ജനിച്ച മണ്ണ് തമിഴകമാണെങ്കിലും മരിച്ചത് ആലപ്പുഴയില്‍  സ്വന്തമായി വാങ്ങിയ മണ്ണിലാണ്. തീയില്‍ കുരുത്ത, തീയില്‍വെന്തു പാകപ്പെട്ടൊരു പാചകക്കാരന്റെ ജീവിതമായിരുന്നു അയാളുടേത്.  സിനിമാക്കഥകളെ വെല്ലുന്ന ജീവിതാവസ്ഥകളുടെ നേരനുഭവമായിരുന്നു എനിക്ക് ശേഖര്‍.

ശേഖറിനെക്കുറിച്ച് ഒരു വാര്‍ത്ത തയ്യാറാക്കാന്‍ കുറച്ചുമാസങ്ങളായി ഞാന്‍ തയ്യാറെടുപ്പിലായിരുന്നു. അല്‍പം പ്രയാസമുള്ള ചിത്രീകരണങ്ങള്‍ വരെ പ്ലാന്‍ചെയ്ത്, ഒരു വലിയ ജീവിതകഥയെ വളരെ ചെറുതായൊന്നു തൊട്ടുതലോടി പോകാനായിരുന്നു ആലോചിച്ചത്. പക്ഷേ ശേഖറിന്റെ മരണവാര്‍ത്തയും വീട്ടിലെത്തിയ മൃതദേഹത്തിന്റെ കാഴ്ചയും സംസ്കാരവും പിന്നിടുമ്പോഴാണ് ഈ എഴുത്ത്.  ചില നേരങ്ങളില്‍ അങ്ങിനെയാണ് ചില വാര്‍ത്തകള്‍ ജനിക്കും മുന്‍പ് മരിക്കും. പക്ഷേ ശേഖറിന്റെ മരണശേഷവും ഞാനാ വാര്‍ത്ത നിങ്ങളോട് പറയുകയാണ്. വായനക്കാര്‍ അത് മനസുകൊണ്ട് ചിത്രീകരിക്കണം

ആലപ്പുഴയിലെ പേരുകേട്ട കാറ്ററിങ് സര്‍വീസിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍ നാടാര്‍ എന്ന ശേഖര്‍. മരണസമയത്ത് അന്‍പത് വയസ്. ഭാര്യയും രണ്ടു മക്കളും മകനെപ്പോലെ കാണുന്ന ഒരനുജനും അയാളുടെ കുടുംബവുമാണ് ശേഖറിന് ആലപ്പുഴയിലുള്ളത്. ഈ നാട്ടില്‍ വന്നിട്ട് പതിറ്റാണ്ടുകളായി. ഒരുനേരത്തെ ആഹാരംപോലും കഴിക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ തമിഴ്നാട്ടില്‍നിന്ന് നാടുവിട്ടതാണ്. നാടുവിട്ടെന്ന് പറഞ്ഞാല്‍ ഒളിച്ചോട്ടമല്ല. അമ്മ തന്നെ ഒരു ബന്ധുവിന്റെ കൈപിടിച്ച് പറഞ്ഞയച്ചതാണ്. അവന് അന്ന് പ്രായം പത്തുവയസിന് താഴെമാത്രം. കോട്ടയത്തെ ഒരു ഹോട്ടലിലാണ് ജോലി. പാത്രം കഴുകലും നിലം വൃത്തിയാക്കലും മറ്റും. കൂലി ഒന്നുമില്ല. മൂന്നുനേരം ഭക്ഷണം കിട്ടും. അതിനോളം വലിയൊരു ഭാഗ്യം അക്കാലത്ത് അവന് വേറെയില്ലായിരുന്നു. 

ദിവസങ്ങള്‍ അങ്ങിനെ കടന്നുപോയി. 'തമിഴന്‍ ചെക്കന്‍' നന്നായി ജോലി ചെയ്യുന്നതും അവന്റെ കഥ ഹോട്ടലിന്റെ മാനേജര്‍ വീട്ടില്‍ പറഞ്ഞതുമാണ് ശേഖറിന്റെ ജീവിതം മാറ്റിമറിക്കുന്നത്. പിന്നീട് എടത്വയിലെ സമ്പന്നമായൊരു ക്രിസ്ത്യാനിക്കുടുംബത്തിന്റെ അരുമയായി മാറുകയായിരുന്നു ശേഖറെന്ന കൊച്ചുപയ്യന്‍. വീടിന്റെ ഉമ്മറത്ത് നിന്ന് ആ വീടിന്റെ ഐശ്വര്യമായിരുന്ന അമ്മച്ചി അവന്റെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.  പശുവിനെ നോക്കാനും പുറത്തെ ചെറിയ പണിയൊക്കെ ചെയ്യിക്കാനുമായിരുന്നു അവനെ കൊണ്ടുവന്നത്.

കുട്ടി മുഖത്തെ ഓമനത്തവും മക്കളുടെ പ്രായവും അമ്മച്ചിയുടെ മനസ്, അവനെയും ഒരു മകനാക്കി. ശേഖറിനെ മക്കള്‍ക്കൊപ്പം സ്കൂളില്‍ അയച്ചു. പാചകം പഠിപ്പിച്ചു. എല്ലാ ജോലികളും പഠിപ്പിച്ച്, അമ്മച്ചി അവനെ മക്കളേക്കാള്‍ മിടുക്കനാക്കി. പ്രായപൂര്‍ത്തിയായപ്പോഴാണ് മറ്റൊരിടത്തേക്ക് മാറാന്‍ പറഞ്ഞത്. മക്കളിലൊക്കെ മറ്റു ചിന്തകളൊന്നും വരേണ്ടെന്ന അമ്മച്ചിയുടെ തീരുമാനമായിരുന്നു അതെന്ന് ശേഖര്‍ പറഞ്ഞിട്ടുണ്ട്...

കൈത്തൊഴിലായി പാചകം കിട്ടിയപ്പോള്‍ ശേഖര്‍ അതില്‍ കഠിനാധ്വാനിയായി. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലഞ്ഞവന് ഒരുപാട് പേര്‍ക്ക് ഭക്ഷണം വിളമ്പാന്‍കിട്ടിയ അവസരം അയാളൊരു സൗഭ്യാഗ്യമായി കണ്ടു. ദിവസങ്ങള്‍ കഴിയുംതോറും ശേഖറിന്റെ കൈപ്പുണ്യം കൂടി വന്നു. അങ്ങിനെയാണ് ജീവിതത്തിലെ രണ്ടാമത്തെ വലിയമാറ്റം ഉണ്ടാകുന്നത്. ശേഖര്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ഒരു പ്രമുഖനായ നേതാവ് എത്തി. അദ്ദേഹത്തിന് ഭക്ഷണം ഇഷ്ടപ്പെട്ടു. ഉണ്ടാക്കിയ ആളെ വിളിക്കാന്‍ പറഞ്ഞു... കണ്ടു, പരിചയപ്പെട്ടു. രഹസ്യമായി എന്തോ ശേഖറിനോട് ചോദിച്ചു... മൂന്നാംനാള്‍ കാണുന്നത്. ആലപ്പുഴ നഗരത്തിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ ഹോട്ടലിന്റെ അടുക്കളയില്‍ ശേഖറിന്റെ സാന്നിധ്യമാണ്..

അങ്ങിനെയിരിക്കെ ശേഖറിനെ മുതലാളി വിദേശത്തേക്ക് അയച്ചു. പലരാജ്യങ്ങളിലെ പലതരം ഭക്ഷണം പഠിച്ചുവരാനായിരുന്നു യാത്ര. ശേഖര്‍ തിരിച്ചുവന്നത് ആലപ്പുഴയിലെ തന്നെ വലിയൊരു ഷെഫായാണ്. 

ഹോട്ടലിലെ ദീര്‍ഘകാലത്തെ സേവനം മതിയാക്കിയാണ് അയാള്‍ പിന്നീട് കേറ്ററിങ് തുടങ്ങിയത്. പാചകരംഗത്തെ കുലപതിയുടെ പേരിട്ടു. നളന്‍സ് കാറ്ററിങ്. ആലപ്പുഴയില്‍ രുചി വൈവിധ്യംകൊണ്ട് അയാള്‍ ബിസിനസ് പിടിച്ചു. ജീവിതം മെച്ചപ്പെട്ടു. നാട്ടില്‍ കുടുംബത്തിന്റെ പ്രയാസങ്ങളെല്ലാം മാറ്റാന്‍ സമ്പാദ്യം വിനിയോഗിച്ചു. മകനെ ഹോട്ടല്‍ മാനേജ്മെന്റിന് കാനഡയിലേക്ക് അയച്ചു. അങ്ങിെന മെച്ചപ്പെട്ടൊരു ജീവിതാവസ്ഥയില്‍ നില്‍ക്കെയാണ് ശേഖറിന്റെ എല്ലാമെല്ലാമായ അനുജന്‍ ശരവണന് അസുഖം പിടിപെടുന്നത്.

കാന്‍സര്‍ രോഗം കൂടി. ചികില്‍സ കൂടി. അക്കാലത്ത് ആരംഭിച്ച ഒരു ഹോട്ടല്‍ ഈ പ്രാരാംബ്ദങ്ങള്‍ക്കിടയില്‍ സമയം നല്‍കാനാവാതെ അടച്ചുപൂട്ടി. കടംകയറിതുടങ്ങി. കച്ചവടം നന്നേ കുറഞ്ഞു. പൊടുന്നനെ ശേഖറിനും അസുഖം പിടിപെട്ടു. മഞ്ഞപ്പിത്തം കലശലായി. വൃക്കയും കരളും തകരാറിലായി. ഒരാഴ്ചയിലധികം ആലപ്പുഴ മെഡിക്കല്‍ കോളജില്‍. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. അവിടെ എത്തുമ്പോഴേക്കും ആവശ്യത്തിന് പണംപേലും മതിയാവാതെ ആ കുടുംബം വല‍ഞ്ഞു. മൂന്നുനാലുദിവസം കഷ്ടി മുന്നോട്ടുപോയി. പിന്നെ ജീവിതത്തിന്റെ രുചി കളഞ്ഞ രോഗം ശേഖറിനെ കൊണ്ടുപോയി

ഈ ജീവിതകഥയില്‍ എടത്വയിലെ അമ്മച്ചിയുമായുള്ള അടുപ്പം ഓര്‍ത്തെടുക്കുമ്പോഴെല്ലാം ശേഖര്‍ എന്റെ മുന്നില്‍ കരഞ്ഞിട്ടുണ്ട്. നാല‍ഞ്ചു തവണ പറഞ്ഞാണ് ആ ഓര്‍മകള്‍ പൂര്‍ത്തിയാക്കിയത്. ശേഖറും അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്.  "വീട്ടില്‍നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ പറഞ്ഞപ്പോഴും അമ്മച്ചി എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞു സാറേ..." ഇത്രയും പറ‍‍ഞ്ഞാണ് ശേഖര്‍ വിതുമ്പി തുടങ്ങിയിരുന്നത്. എടത്വയിലെ മൂന്നുമുറി പീടികയില്‍ ഒരെണ്ണം ശേഖറിനാണ് അമ്മച്ചി കൊടുത്തത്. ഒരു പണിയും ശരിയായില്ലെങ്കില്‍ അവിടെ കച്ചോടം തുടങ്ങാനായിരുന്നു അമ്മച്ചിയുടെ കരുതല്‍. "വില്‍ക്കരുത് ആര്‍ക്കും. അഥവാ വില്‍ക്കുകയാണെങ്കില്‍ എന്റെ മക്കളില്‍ ആര്‍ക്കങ്കിലും മാത്രം..." അതായിരുന്നു ആകെയുള്ള നിബന്ധന. ശേഖര്‍ അവിടെ പക്ഷേ ഒന്നും തുടങ്ങിയില്ല.  അമ്മച്ചിയുടെ മരണശേഷവും ഇടയ്ക്കൊക്കെ പോയി തൂത്തുവൃത്തിയാക്കിയിടും. അമ്മച്ചിയെ ഓര്‍ക്കും തിരിച്ചുപോരും.

ശേഖറിന്റെ മൃതദേഹം കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ അയാളുടെ വീടിന്റെ ചുവരെല്ലാം നോക്കുകയായിരുന്നു. അവിടെ ശേഖറിന്റെ അമ്മച്ചിയുടെ ഒരു പടമുണ്ട്. ശേഖര്‍ പറഞ്ഞുകേട്ടത് അമ്മച്ചിയാണ് ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ പാചകക്കാരി എന്നാണ്. "എന്റെ സാറേ.. എന്താ ടേസ്റ്റ്...ഹോ" എന്നൊക്കെ പറഞ്ഞ് അയാള്‍ ആനേരം മാത്രം അമ്മച്ചിയെ ഓര്‍ക്കുമ്പോള്‍ ചിരിക്കും.  ഞാന്‍ അപ്പോള്‍ മനസില്‍ ഉറപ്പിച്ചു. ഒരുഗ്ലാസ് കഞ്ഞിവെള്ളം പോലും കുടിക്കാന്‍ കിട്ടാഞ്ഞ ഒരു കു‍ഞ്ഞിന് ആ അമ്മച്ചി എന്തുവിളമ്പിയാലും അതിനേക്കാള്‍ ഈ ലോകത്ത് വേറെയെന്താണ് രുചിയുള്ളതായുണ്ടാവുക. എടത്വായിലൂടെ പോകുമ്പോഴെല്ലാം ഞാന്‍ അവിടെ ശേഖറിന്റെ ഒരമ്മച്ചിയെ പ്രതീക്ഷിക്കും. ചട്ടയും മുണ്ടുമുടുത്ത്, കൈയില്‍ ഒരു പാത്രം നിറയെ കഞ്ഞിയുമായി ശേഖറെന്ന കു‍ഞ്ഞിനെ കാത്തുനില്‍ക്കുന്ന ഒരു അമ്മച്ചിയെ. ഒരിക്കല്‍ ഞാനിത് പറഞ്ഞപ്പോള്‍ ശേഖര്‍ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

എന്റെ ശേഖര്‍ജി, നിങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ വായനക്കാര്‍ക്ക് എന്തനുഭവപ്പെട്ടു എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുണ്ട്, നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ചതിന്റെ പകുതിയോളമായിട്ടുണ്ടാവില്ല. അതുകൊണ്ടായിരുന്നു ഈ ജീവിതം ശേഖര്‍ജി തന്നെ പറയുന്ന രീതിയില്‍ നമ്മള്‍ ചിത്രീകരണം ആലോചിച്ചത്. പക്ഷേ അതെങ്ങുമെത്തിയില്ലല്ലോ. ചില നേരങ്ങളില്‍ അങ്ങിനെയാണ് ചില വാര്‍ത്തകള്‍ ജനിക്കും മുന്‍പ് മരിക്കും. പക്ഷേ പ്രിയ ശേഖര്‍ജി താങ്കളുടെ മരണശേഷവും ഞാനാ വാര്‍ത്ത ഇതാ തയ്യാറാക്കി നല്‍കുന്നു. വായനക്കാര്‍ അത് മനസുകൊണ്ട് ചിത്രീകരിച്ചിട്ടുണ്ട്. അവസാന ഫ്രെയിമില്‍ ആകാശത്ത് അമ്മച്ചിയുടെ മടിത്തട്ടില്‍ ഉറങ്ങുന്ന ശേഖറാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...