10000 കൊടുത്താൽ സ്വർണം കുഴമ്പാക്കി നൽകും; കടത്തിന് പുതിയ അഫ്ഗാൻ രീതി

gold-paste
SHARE

സ്വർണം ബിസ്കറ്റായും കട്ടികളായും ആഭരണങ്ങളായും മറ്റും കടത്തുന്ന രീതി പഴങ്കഥ. പരിശോധനാ സംവിധാനങ്ങളെ വെട്ടിച്ച് സ്വർണം കടത്താൻ സ്വർണത്തിന്റെ ലോഹരൂപം മാറ്റി കടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.  അടുത്തിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പിടികൂടിയ സ്വർണക്കടത്തു കേസുകളിൽ ഏറിയ പങ്കും സ്വർണം മിശ്രിത രൂപത്തിലാക്കിയതാണ്. പ്രധാനമായി സ്വർണം കടത്തുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ദുബായിൽ സ്വർണം അലിയിപ്പിച്ചു നൽകുന്നതിനു പ്രവർത്തിക്കുന്ന  കേന്ദ്രം കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ദുബായിലെ ഈ പ്രത്യേക കേന്ദ്രത്തിൽ അഫ്ഗാനിസ്ഥാൻ, ചൈന സ്വദേശികളായ 2 പേരാണു നടത്തിപ്പുകാർ.

ആദ്യം അഫ്ഗാനിയാണ് ഇതു തുടങ്ങിയതെങ്കിലും ഭാഷാ പ്രശ്നം ബിസിനസിനു തടസമായപ്പോൾ അയാൾ ഒരു ചൈനാക്കാരനെയും ഒപ്പം കൂട്ടുകയായിരുന്നു. ആവശ്യക്കാരുടെ മുമ്പിൽ വച്ചുതന്നെ വിശ്വസ്തതയോടെയാണ് ഇവർ സ്വർണം അലിയിച്ചു മിശ്രിത രൂപത്തിലാക്കി നൽകുന്നതത്രെ. ഒരു കിലോഗ്രാം സ്വർണം അലിയിപ്പിച്ചു കൊടുക്കുന്നതിന് 5000 രൂപ മുതൽ 10000 രൂപ വരെ വാങ്ങുന്നു. ഇത്ര പണം നൽകിയാലും വഴിയിൽ പിടിക്കപ്പെടാതെ സ്വർണം കടത്താനാകുമെന്നതിനാലാണു സ്വർണക്കടത്തു സംഘം ഇപ്പോൾ‌ കൂടുതലായി  ഇത്തരത്തിൽ ലോഹരൂപം ഒഴിവാക്കി സ്വർണക്കടത്തിനു മുതിരുന്നത്.

ലോഹരൂപത്തിലുള്ള സ്വർണത്തിൽ 1:3 എന്ന അനുപാതത്തിൽ ഹൈഡ്രോക്ലോറിക് ആസിഡും സൾഫ്യൂറിക് ആസിഡും ചേർത്താണു സ്വർണം കുഴമ്പു രൂപത്തിലാക്കുന്നത്. കുഴമ്പു രൂപത്തിലുള്ള സ്വർണത്തിന്റെ 90 മുതൽ 95 ശതമാനം വരെ സ്വർണമായിരിക്കും. നാട്ടിലെത്തിച്ച ശേഷം ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് ഇതു വീണ്ടും സ്വർണമാക്കുന്നത്. കേരളത്തിൽ മിക്കവാറും ആഭരണനിർമാണ ശാലകളിലാണ് ഇതു നടക്കുന്നത്. ഈ മാറ്റിമറിക്കലിനിടെ വളരെച്ചെറിയ അളവിൽ സ്വർണം നഷ്ടപ്പെട്ടേക്കാം.

  എന്നാൽ‌ ഏറെത്തവണത്തെ പരിചയത്തിനു ശേഷം ഈ നഷ്ടവും ഏറെക്കുറെ ഇല്ലാതാക്കാനാവുമെന്നു കസ്റ്റംസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്വർണം പൊടിരൂപത്തിലാക്കുന്നതിനു പ്രത്യേകിച്ച് ഒന്നും ചേർക്കേണ്ടതില്ല. സ്വർണക്കട്ടികൾ ഗ്രൈൻഡറിലിട്ട് പൊടിക്കുകയാണു ചെയ്യുന്നത്. പൊടി രൂപത്തിലായാലും എക്സ്റേ മെഷിനുകളിൽ ഇതു വ്യക്തമായി മനസ്സിലാക്കാനാകില്ല. എന്നാൽ പൊടിക്കുന്ന പ്രക്രിയ ഏറെ സങ്കീർണമായതിനാലാണു സ്വർണം കുഴച്ചു മിശ്രിതമാക്കുന്ന രീതി അധികം പേരും പിന്തുടരാൻ കാരണം. യാത്രക്കാരെ നിരീക്ഷിച്ച് അതിൽനിന്നു കള്ളക്കടത്തുകാരെന്നു തോന്നുന്നവരെ പിടികൂടി ചോദ്യം ചെയ്യുക മാത്രമാണ് ഇപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുൻപിലുള്ള പോംവഴി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...