കണ്ണീരുണങ്ങാതെ... നിർഭയ മുതൽ പുണെ വരെ ആറു കേസുകൾ

gang-rape-13
SHARE

നിർഭയ കേസ്

പാരാ മെഡിക്കൽ വിദ്യാർഥിനി 2012 ഡിസംബർ 16നു രാത്രി ഡൽഹിയിൽ ഓടുന്ന ബസിൽ പീഡനത്തിനിരയായി. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്കുശേഷം മരിച്ചു. കേസിലെ 6 പ്രതികളിലൊരാൾ ഡ്രൈവർ രാംസിംങ് ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ 4 പേരെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇതു ശരിവച്ചു . 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശർമ രാഷ്ട്രപതിക്കു ദയാഹർജി നൽകിയിട്ടുണ്ട്. ഹർജി തള്ളണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു. വധശിക്ഷ ലഭിച്ച മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവർ ദയാഹർജി നൽകിയിട്ടില്ല. വധശിക്ഷ ഉടൻ നടപ്പാക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പുതിയ ജഡ്ജിക്കു കൈമാറിയത് ഏതാനും ദിവസങ്ങൾ മുൻപ്. 

ഉന്നാവ് (സെൻഗർ) കേസ്‌

ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലെ ബങ്കർമൗവിൽ നിന്നുള്ള എംഎൽഎയായ കുൽദീപ് സിങ് സെൻഗറിനും സഹോദരനും സഹായികൾക്കും എതിരെ കൂട്ടബലാത്സംഗം ആരോപിച്ച് പതിനെട്ടുകാരിയുടെ പരാതി. 2017 ജൂണിൽ എംഎൽഎയുടെ ഗുണ്ടകൾ വീട്ടിൽനിന്നു തന്നെ തട്ടിക്കൊണ്ടുപോയെന്നും എംഎൽഎയും സഹോദരനും പീഡിപ്പിച്ചെന്നും പെൺകുട്ടി പരാതിപ്പെട്ടു.

പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ക്രൂരമായി മർദിച്ചു. തുടർന്നു പിതാവു മരിച്ചു. പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെ സംഭവം വിവാദമായി. പിന്നീടു പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാർ ദുരൂഹമായി അപകടത്തിൽപ്പെട്ടതോടെ സുപ്രീം കോടതി കേസുകൾ ഡൽഹിയിലേക്കു മാറ്റി. പെൺകുട്ടി നൽകിയ പരാതി ശരിയാണെന്ന് സിബിഐ അറിയിച്ചതിനു പിന്നാലെ, 2019 ഓഗസ്റ്റിൽ ഡൽഹി തീസ് ഹസാരി കോടതി സെൻഗറിനെതിരെ പീഡനക്കുറ്റം ചുമത്തി. 

ട്രെയിൻ യാത്രയ്ക്കിടെ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട കേസ്

ഷൊർണൂർ സ്വദേശിനിയായ യുവതിയെ 2011 ഫെബ്രുവരി ഒന്നിന് റെയിൽവേ ട്രാക്കിനരികിൽ തലയ്ക്കു മാരക പരുക്കോടെ അബോധാവസ്ഥയിൽ കണ്ടെത്തി. കൊച്ചിയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു യുവതി. ചികിത്സയ്ക്കിടെ ഫെബ്രുവരി ആറിനു മരിച്ചു. പ്രതി ഗോവിന്ദച്ചാമി അറസ്റ്റിൽ. വള്ളത്തോൾ നഗർ സ്റ്റേഷൻ വിട്ടപ്പോൾ കംപാർട്മെന്റിൽ ഒറ്റയ്ക്കായ യുവതിയെ ഗോവിന്ദച്ചാമി ആക്രമിക്കുകയും ട്രെയിനിൽനിന്നു തെറിച്ചുവീണ യുവതിയെ അവിടെവച്ചു ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്ന് കേസ്.

തൃശൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി 2011 നവംബർ 11നു വധശിക്ഷ വിധിച്ചു. 2013 ഡിസംബറിൽ ഹൈക്കോടതി ശരിവച്ചു. 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. എന്നാൽ പീഡനത്തിനു നൽകിയ ജീവപര്യന്തം തടവു നിലനിർത്തി. 2017 ഏപ്രിലിൽ പിഴവുതിരുത്തൽ ഹർജിയും തള്ളി.

പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസ്

2016 ഏപ്രിൽ 28ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടു. കേസിൽ അസം സ്വദേശി അമീറുൽ ഇസ്‌ലാം അറസ്റ്റിലായി. അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ  ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചെന്നുമാണ് കേസ്. 2017 ‍ഡിസംബറിൽ അമീറുൽ ഇസ്‌ലാമിനു വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

കഠ്‍വ കേസ്

2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കഠ്‍വയിൽ രസാന ഗ്രാമത്തിൽ ബഖർവാൽ നാടോടി വിഭാഗത്തിൽപ്പെട്ട 8 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കുട്ടിയെ ലഹരി നൽകി മയക്കിയശേഷം, 5 പ്രതികൾ ദിവസങ്ങളോളം തടവിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീടു കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചു. 

പഠാൻകോട്ട് സെഷൻസ് കോടതി 2019 ജൂൺ 10 നു കേസിലെ സാൻജി റാം, ദീപക് ഖജൂരിയ, പർവേശ് കുമാർ എന്നിവർക്കു ജീവപര്യന്തം തടവും ആനന്ദ് ദത്ത, സുരേന്ദർ വർമ, തിലക് രാജ് എന്നീ 3 പൊലീസ് ഉദ്യോഗസ്ഥർക്ക് 5 വർഷം വീതം തടവും വിധിച്ചു. പ്രായം തികയാത്ത പ്രതിയുടെ വിചാരണ നടക്കുന്നു

പുണെ കൂട്ടബലാത്സംഗ കേസ്

2009 ഒക്ടോബർ 7ന് കൂട്ടബലാ‍ത്സംഗത്തിന് ഇരയായി പുണെ ഐടി കമ്പനി ഉദ്യോഗസ്ഥയായിരുന്ന 25 വയസ്സുകാരി കൊല്ലപ്പെട്ടു. പ്രതികളായ യോഗേഷ് റാവുത്ത്, മഹേഷ് ഠാക്കുർ, വിശ്വാസ് കദം എന്നിവർക്ക് 2017ൽ പുണെ കോടതി വധശിക്ഷ വിധിച്ചെങ്കിലും പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...