പേടിപ്പെടുത്തുന്ന മിനിറ്റുകള്‍; അർധരാത്രി ഒറ്റയ്ക്കായ യുവതിയെ കോഴിക്കോട് സ്വീകരിക്കുന്നതിങ്ങനെ

calicut-women-security
SHARE

അപ്രതീക്ഷിത സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയ വെറ്ററിനറി ഡോക്ടർ ഹൈദരാബാദിൽ മൃഗീയ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണു രാജ്യം. സമാനമായൊരു സാഹചര്യം ഒരു പെൺകുട്ടിക്ക് നമ്മുടെ കോഴിക്കോട്ടാണ്  നേരിടേണ്ടിവരുന്നതെങ്കിലോ? കഴിഞ്ഞ ദിവസം അർധരാത്രിയിൽ അത്തരമൊരു അന്വേഷണം നടത്തിനോക്കി ‘മെട്രോ മനോരമ’ ക്ലോസ് ഷോട്ട് ടീം. നഗരമധ്യത്തിൽ ഒറ്റയ്ക്കു നടന്നുപോകുന്ന യുവതിയെ കോഴിക്കോട്ടുകാർ എങ്ങനെ  സ്വീകരിക്കുമെന്നതിന്റെ നേർക്കാഴ്ച ഇതാ.

രാത്രി 11.30

നടക്കാവിലെ ഓഫിസിൽനിന്ന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് പിങ്ക് പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചുനോക്കി. കിട്ടുന്നില്ല. കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ പിങ്ക് പൊലീസ് സേവനം രാത്രി 9 വരെയേ ഉണ്ടാകൂ എന്നും അതിനുശേഷം കൺട്രോൾ റൂം നമ്പറിൽ വിളിച്ചാൽ മതിയെന്നും മറുപടി. ‘രാത്രി ഓപ്പറേഷൻ’ തൽക്കാലം പൊലീസിനെ അറിയിക്കേണ്ടെന്നു തീരുമാനിച്ചു. ഒരു അടിയന്തിര സാഹചര്യത്തിൽ പൊലീസിന്റെ പ്രതികരണം എങ്ങനെയാകും എന്നുകൂടി അറിയണമല്ലോ.

11.45: 

മാനാഞ്ചിറ എൽഐസി കോർണർ ബസ് സ്റ്റോപ്പ്. കാണാവുന്ന അകലത്തിൽ മുന്നിലും പിന്നിലുമായി ഫൊട്ടോഗ്രഫർമാരുണ്ട്. ടൗൺഹാൾ ലക്ഷ്യമാക്കി നടന്നുതുടങ്ങി. ഏതാനും വാഹനങ്ങൾ കടന്നുപോയി. കിഡ്സൺ കോർണർ പിന്നിടുമ്പോൾ ഒരു കാർ അരികിലെത്തി നിർത്തി എന്തോ ചോദിച്ചു. അവഗണിച്ചു നടപ്പു തുടർന്നു. അൽപസമയം കാർ വേഗം കുറച്ച് പിന്തുടർന്നു. പിന്നാലെ വാഹനങ്ങളിൽ വന്നവർ സംശയിച്ചു നോക്കുന്നതു കണ്ടതോടെ കാർ മുന്നോട്ട്.

ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിനു തൊട്ടുമുൻപിലെ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ ചില ബൈക്കുകളും കാറുകളും അടുത്തെത്തി  വേഗം കുറച്ചു. കഴുകൻ നോട്ടവും ചോദ്യങ്ങളും അവഗണിച്ചു നടന്നെത്തുമ്പോൾ 20 വയസ്സ് തോന്നിക്കുന്ന 2 ആൺകുട്ടികൾ ബസ്‌സ്റ്റോപ്പിൽനിന്നു നിരീക്ഷിക്കുന്നു. അടുത്തെത്തിയതോടെ അവർ ഇറങ്ങി വന്നു. എങ്ങോട്ടാണെന്നു ചോദ്യം. മോഡൽ സ്കൂൾ ബസ് സ്റ്റോപ്പിൽ സുഹൃത്ത് കാത്തുനിൽപ്പുണ്ടെന്നും അങ്ങോട്ടാണെന്നും പറഞ്ഞ് മുന്നോട്ടു നീങ്ങിയപ്പോൾ അവർ പിറകേ വന്നു.

‘‘ഈ സമയത്ത് ഒറ്റയ്ക്കു നടക്കരുത്; നിങ്ങളെ കണ്ടിട്ടാണ് ഈ വാഹനങ്ങളെല്ലാം ഇങ്ങനെ ചുറ്റും കൂടിയിരിക്കുന്നത്, കണ്ടിട്ടു പേടിയാകുന്നുണ്ട്’’. 

‘‘കുഴപ്പമില്ല, തൊട്ടടുത്തല്ലേ’’ 

ഇതു പറഞ്ഞു മുന്നോട്ടു നീങ്ങിയപ്പോഴേക്ക് ഒരു ബൈക്കും കർണാടക റജിസ്ട്രേഷൻ സ്കൂട്ടറും തൊട്ടടുത്തെത്തി നിർത്തി. ഉദ്ദേശ്യം നല്ലതല്ലെന്നു വ്യക്തം. ഞെട്ടി പിന്നോട്ടു നീങ്ങുമ്പോഴേക്ക് ബസ് സ്റ്റോപ്പിൽ നിന്ന പയ്യൻമാർ ഓടിയെത്തി. 

‘ഒറ്റയ്ക്കു നടക്കേണ്ട, കൊണ്ടുചെന്നാക്കാം’ എന്നുപറഞ്ഞ് ഒപ്പം നടക്കുന്നതിനിടെ ‘സുഹൃത്തിനെ വിളിച്ച് പെട്ടെന്നു വരാൻ പറയൂ’ എന്ന് അവർ ആവശ്യപ്പെടുന്നുമുണ്ട്.  അശ്ലീല നോട്ടങ്ങളുമായി  വാഹനങ്ങൾ കൂടിവന്നതോടെ കുട്ടികൾക്ക് ആശങ്കയും കൂടുന്നു. 

11.54: 

മോഡൽ സ്കൂളിനു മുൻപിലെ ബസ് സ്റ്റോപ്. 

‘സുഹൃത്തിനെ’ കാണാതായതോടെ കൂട്ടുവന്ന പയ്യൻമാരിലൊരാൾ പെട്ടെന്ന് തിരിച്ചുപോയി ബൈക്ക് എടുത്തുവന്നു. മറ്റെയാൾ ‘വിളിച്ചുനോക്കൂ’ എന്ന് ആവശ്യപ്പെടുന്നുണ്ട് (ഈ ഇടവേളയിൽ അഞ്ചോളം ഇരുചക്ര വാഹനങ്ങളും ഒരു എസ്‌യുവിയും ഫോർച്യൂണറും കൂർത്ത നോട്ടങ്ങളും ആംഗ്യങ്ങളുമായി ചുറ്റിനുമെത്തി). 

ബൈക്കുമായി എത്തിയ യുവാവ് പറഞ്ഞു: ‘സുഹൃത്തിനോടു ബസ് സ്റ്റാൻഡിലേക്കു വരാൻ പറയൂ, ഞങ്ങൾ അവിടെ ആക്കിത്തരാം’. വിജനമായ സ്ഥലത്ത് കൂടുതൽ  സമയം ഒറ്റയ്ക്കു നിൽക്കരുതെന്ന് വീണ്ടും അഭ്യർഥന. 

‘ആക്കിത്തരേണ്ട, പൊയ്ക്കോളാം’ എന്നു പറഞ്ഞ് ആദായനികുതി ഓഫിസ്–സ്റ്റേറ്റ് ബാങ്ക് നടപ്പാത വഴി നടന്നുതുടങ്ങി. അതോടെ പരിസരത്തു ചുറ്റിത്തിരിഞ്ഞ എസ്‌യുവി ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണ്ടും കമന്റുകളുമായി അടുത്തുകൂടി. കർണാടക റജിസ്ട്രേഷനിലുള്ള സ്കൂട്ടറിലെത്തിയ മധ്യവയസ്കൻ നടപ്പാതയോടു ചേർത്തു വണ്ടിനിർത്തി മുരണ്ടു: 

‘‘സ്ഥലം പറഞ്ഞാൽ മതി, പെട്ടെന്നു കയറിക്കോളൂ’’. കടുപ്പിച്ചൊന്നു നോക്കിയതോടെ സ്കൂട്ടർ മുന്നോട്ട്.

11.58: 

സ്റ്റേറ്റ് ബാങ്ക്–സിഎച്ച് മേൽപാലം ബസ് സ്റ്റോപ്പിലേക്കുള്ള നടപ്പാത. ആദ്യം മുതൽ സഹായിക്കാനെത്തിയ പയ്യൻമാർ വൺവേ ചുറ്റി വീണ്ടും അടുത്തെത്തി. 

‘‘പ്ലീസ്, നിങ്ങൾ പെട്ടെന്ന് ഇവിടെനിന്നു പോകൂ. ബൈക്കിൽ വരാൻ പേടിയാണെങ്കിൽ ഞങ്ങൾ ഓട്ടോ വിളിച്ചു തരാം. വണ്ടികളിങ്ങനെ കൂടുന്നതു കണ്ടിട്ട് ഒറ്റയ്ക്കാക്കി പോകാൻ തോന്നുന്നില്ല’’. 

‘ഇവിടെ ഓട്ടോ കിട്ടുമോ’ എന്ന് ആരായുമ്പോഴേക്ക് ആളെ കയറ്റി അതുവഴി വന്ന ഓട്ടോ കുട്ടികൾ കൈകാട്ടി നിർത്തി. 

‘ഇവരെയൊന്ന് ബസ് സ്റ്റാൻഡിൽ വിടുമോ’ എന്ന് അഭ്യർഥന. 

ചുറ്റും കറങ്ങിത്തിരിയുന്ന വാഹനങ്ങൾ കണ്ടു പന്തികേടു തോന്നിയിട്ടോ, ഉള്ളിൽ ആളുള്ളതുകൊണ്ടോ ഓട്ടോക്കാരൻ നിർത്താതെ പോയി. 

‘വെളിച്ചമുണ്ടല്ലോ, നടന്നോളാം’ എന്നു പറഞ്ഞ് മുന്നോട്ടു നീങ്ങുമ്പോൾ കുട്ടികളുടെ മുഖത്ത് അടങ്ങാത്ത ആശങ്ക. ഇതിനിടെ കെഎ റജിസ്ട്രേഷൻ സ്കൂട്ടർ വീണ്ടും അരികിലെത്തി. 

‘‘ പതിനായിരം തരാം, കയറ്’’. 

ശബ്ദമുയർത്തിയതോടെ വായടച്ച് അയാൾ സ്കൂട്ടറെടുത്തു നീങ്ങി.

12.10

സിഎച്ച് മേൽപാലം ബസ് സ്റ്റോപ്പ്. 

ഫൊട്ടോഗ്രഫർമാരുമായി ഇതുവരെയുള്ള അനുഭവം ചർച്ച ചെയ്തു നിൽക്കുമ്പോൾ ആദ്യത്തെ പൊലീസ് വാഹനമെത്തി. ഇരുചക്ര വാഹനത്തിൽ 2 പേർ.  സിനിമ കഴിഞ്ഞിറങ്ങിയതാണെന്നും ബൈക്കിലുള്ളയാൾ ഭർത്താവാണെന്നും കാറിലെത്തിയ പരിചയക്കാരോടു സംസാരിച്ചു നിന്നതാണെന്നും പറഞ്ഞതോടെ മടങ്ങി. അൽപം കഴിഞ്ഞ് പട്രോളിങ് സംഘത്തിന്റെ മറ്റൊരു വാഹനമെത്തി അരികിൽ നിർത്തി. 

‘‘എങ്ങോട്ടാണ്?’’  

‘‘ബീച്ചിലേക്കാ’’ 

മിനിറ്റുകൾക്കുള്ളിൽ വനിതാ പൊലീസ് അടങ്ങിയ മൂന്നാം സംഘം ജീപ്പിലെത്തി. ആദ്യത്തെ സംഘത്തിന്റെ ചോദ്യങ്ങൾ ആവർത്തിച്ചു. മറുപടിയിൽ ചെറിയൊരു മാറ്റം വരുത്തി, ബൈക്കിലുള്ളത് സുഹൃത്താണെന്നു പറഞ്ഞതോടെ  പൊലീസ് ഉദ്യോഗസ്ഥ ചാടിയിറങ്ങി. പേരും അഡ്രസും അച്ഛന്റെ നമ്പറും കുറിച്ചെടുത്തു. അച്ഛനെ ഫോണിൽ വിളിച്ചു. 

‘‘മകൾ ടൗണിലൂടെ കറങ്ങി നടക്കുന്നുണ്ട്; നിങ്ങൾ അറിഞ്ഞുകൊണ്ടാണോ?’’ 

അറിയാമെന്ന മറുപടിയും കൂടെയുള്ള സുഹൃത്തിന്റെ പേരും അപ്പുറത്തുനിന്നു  കിട്ടിയതോടെ ഉദ്യോഗസ്ഥർ തൃപ്തരായി. ഒരു പെൺകുട്ടി ഒറ്റയ്ക്കു നടക്കുന്നുണ്ടെന്നു കൺട്രോൾ റൂമിൽ വിവരം കിട്ടിയതറിഞ്ഞ് എത്തിയതാണെന്നും 6 സംഘം പൊലീസ് പരിസരത്ത് പരിശോധന നടത്തുന്നുണ്ടെന്നും വിശദീകരണം. 

– ആ കുട്ടികൾ തന്നെയാകണം പൊലീസിനെ വിളിച്ചത്. ഒറ്റയ്ക്കു നടന്നു തുടങ്ങി 15 മിനിറ്റിനകം വിവരമറിഞ്ഞ്  പാഞ്ഞെത്തിയ പൊലീസ് പ്ലസ് മാർക്ക് അർഹിക്കുന്നു. ഇടപെടലിലെ ആ ‘സദാചാര പൊലീസ്’ ഛായ പക്ഷേ, ഇത്തിരി മൈനസ് ആണ്.

12.18: റെയിൽവേ സ്റ്റേഷനു മുൻവശം

ദീവാർ ഹോട്ടലിന്റെ ഭാഗത്തേക്കു നടക്കുമ്പോൾ മുൻപു വന്ന കെഎ റജിസ്ട്രേഷൻ സ്കൂട്ടർ മൂന്നാമതുമെത്തി. ‘പതിനഞ്ചായിരം ഓക്കേ ആണോ’ എന്നു ചോദ്യം.  തൊട്ടുപിന്നാലെ 2 വാഹനങ്ങളിൽ പൊലീസ് പട്രോളിങ് സംഘമെത്തിയതോടെ സ്കൂട്ടർ ‘സ്കൂട്ടായി’.

മേലേ പാളയം റോഡിലേക്കു കയറുമ്പോൾ ഹോട്ടൽ പരിസരത്തു നിന്ന ഓട്ടോ ഡ്രൈവർമാരുൾപ്പെടെ ആശങ്കയോടെ നോക്കുന്നു. ഹോട്ടൽ പരിസരത്തുനിന്നു തന്നെ ഒരു കാർ പിന്നാലെ കൂടിയിട്ടുണ്ട്. തീർത്തും വിജനമായ ഭാഗത്തെത്തിയപ്പോൾ അരികിൽ നിർത്തി. 

‘‘കയറ്, എവിടേക്കാണെന്നു പറഞ്ഞാൽ മതി കൊണ്ടുവിടാം’’. 

ദുരുദ്ദേശ്യം  മുഖത്തു വ്യക്തം. ഫൊട്ടോഗ്രഫറുടെ കാർ അടുത്തെത്തിയതോടെ ‘കൊണ്ടുവിടാൻ’ എത്തിയയാൾ കത്തിച്ചുവിട്ടു.

12.24

പാളയം ജംക്​ഷൻ മുറിച്ചുകടക്കാൻ നിൽക്കുമ്പോൾ സ്കൂട്ടറിലൊരു യുവാവ് അടുത്തുവന്നു നിർത്തി. 

‘‘എങ്ങോട്ടാണ്?’’

‘‘സുഹൃത്തിനെ കാത്തുനിൽക്കുകയാണ്’’

‘‘ഇവിടം സേഫ് അല്ല, തൊട്ടപ്പുറത്തു പള്ളിയുണ്ട്. അതിനു മുന്നിൽ പോയി നിന്നോളൂ’’ 

‘‘ഇവിടെയാണ് സുഹൃത്ത് എത്തുക’’

യുവാവ് അപ്പോൾ മുന്നിലെ ഓട്ടോ സ്റ്റാൻഡിലേക്കു വിരൽ ചൂണ്ടി. 

‘‘എങ്കിൽ അവിടെ ചെന്നു നിൽക്കൂ. ആൾത്തിരക്കുള്ള സ്ഥലമെങ്കിലുമാണല്ലോ’

12.28

ഓട്ടോ സ്റ്റാൻഡിനു മുന്നിലൂടെ പാളയം ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുമ്പോൾ സ്കൂട്ടറിലെത്തിയ മധ്യവയസ്കൻ വണ്ടി നിർത്തി ഫുട്പാത്തിലേക്കു കയറിവന്നു. പോക്കറ്റിൽനിന്ന് ഏതാനും 500 രൂപ നോട്ടുകൾ കയ്യിലെടുത്തു പിടിച്ചു.

‘‘എങ്ങോട്ടാണ്, കയറിക്കോളൂ കൊണ്ടുവിടാം.’’ ഇതു കണ്ടിട്ടാവണം, തൊട്ടുമുൻപ് സുരക്ഷിതയാകാൻ ഉപദേശിച്ച സ്കൂട്ടർ യാത്രക്കാരൻ വീണ്ടുമെത്തി. ഒപ്പം ഒരു ഓട്ടോറിക്ഷയും. ‘ബസ് സ്റ്റാൻഡിൽ ആക്കിത്തരണോ’ എന്നു ബൈക്ക് യാത്രക്കാരൻ. 

താൻ ബസ് സ്റ്റാൻഡ് വഴിക്കാണെന്നും 20 രൂപ തന്നാൽ മതിയെന്നും ഓട്ടോക്കാരൻ. വേണ്ടെന്നു മറുപടി നൽകി. ‘‘പൈസയില്ലെങ്കിൽ ഒന്നും തരേണ്ട, മോള് കയറിക്കോ ഇവിടെ നിൽക്കുന്നത് പന്തിയല്ല’’. ഓട്ടോച്ചേട്ടന്റെ സ്നേഹപൂർണമായ ഉപദേശം.

12.32

പാളയം മാർക്കറ്റ്. ആൾത്തിരക്കുള്ളതിനാലാകണം, മുൻപത്തെപ്പോലെ വാഹനങ്ങളൊന്നും അടുക്കുന്നില്ല. ചില തുറിച്ചുനോട്ടങ്ങളുണ്ട്. ബൈക്കിൽ 2 പൊലീസുകാർ അരികിലെത്തി നിർത്തി. ഭാഷ പരുഷമാണ്.  ‘‘നിങ്ങളെ കുറേ സമയമായി അവിടെയുമിവിടെയും കാണുന്നു, എന്താണ് ഉദ്ദേശ്യം?’’ 

ഉള്ളതു പറഞ്ഞു– ‘‘പത്രപ്രവർത്തകയാണ്. കൂടെ ആളുണ്ട്. കുഴപ്പമൊന്നുമില്ല’’ ചുറ്റും ആളുകൂടിയതോടെ ഉദ്യോഗസ്ഥന് ആവേശം. ‘‘നട്ടപ്പാതിരയ്ക്കാണോ പത്രപ്രവർത്തനം? മര്യാദയ്ക്ക് വീട്ടി‍ൽ പൊക്കോണം.’’

ഒട്ടൊരു  ആക്രോശം തന്നെ.  ഒപ്പമുണ്ടായിരുന്ന റിപ്പോർട്ടറും ഫൊട്ടോഗ്രഫറും കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ അവരോടായി തട്ടിക്കയറ്റം. പേരും വിശദാംശങ്ങളും ചോദിക്കുന്നതിനിടെ തിരിച്ചും പേരു ചോദിച്ചതോടെ ‘പൊലീസിനോടു പേരു ചോദിക്കുന്നോ’ എന്നായി. സഹ പൊലീസ് ഉദ്യോഗസ്ഥൻ ഒരുവിധത്തിൽ സമാധാനിപ്പിച്ച് തിരികെക്കൊണ്ടുപോകുമ്പോഴും കൈചൂണ്ടി ആക്രോശം– ‘‘നിന്നെയൊക്കെ പാഠം പഠിപ്പിക്കുന്നുണ്ട്.’’  

രാത്രി പന്ത്രണ്ടേ മുക്കാലോടെ ഓഫിസിൽ മടങ്ങിയെത്തുമ്പോൾ, അതുവരെയുള്ള അനുഭവങ്ങൾ പഠിപ്പിച്ചതിതാണ്; അർധരാത്രി ഒറ്റയ്ക്കൊരു പെൺകുട്ടിയെ കണ്ടാൽ, ദുരുദ്ദേശ്യവുമായി ഈച്ച പൊതിയുംപോലെ വാഹനങ്ങൾ പൊതിയാൻ മിനിറ്റുകൾ മതി. അതേസമയം, അവളെ എത്രയും വേഗം സുരക്ഷിതയാക്കുന്നതിൽ വ്യഗ്രതയുണ്ട് ചെറുപ്പക്കാരുൾപ്പെടെ വലിയൊരു വിഭാഗത്തിന്. 

മുന്നറിയിപ്പ് നൽകാനും സുരക്ഷിത സ്ഥലത്തെത്തിക്കാനും അപകടത്തിലല്ലെന്ന് ഉറപ്പാക്കാനും കഴിയുന്നതൊക്കെ ചെയ്യാൻ സന്മനസ്സുള്ള ഒട്ടേറെപ്പേർ.   പൊലീസ് കൺട്രോൾ റൂമിൽ വിവരമറിഞ്ഞാൽ മിനിറ്റുകൾക്കകം സ്ഥലത്തു പാഞ്ഞെത്തുന്ന പട്രോളിങ് സംഘമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഭാഷയാണ്. എന്നാൽ നാട്ടുകാർക്കു കരുതലിന്റെ ഭാഷയും.

ഏത് ആശങ്കയുടെ നടുവിലും ആശ്വാസമായി ആദ്യമെത്തുക നഗരത്തിലെ യുവതലമുറയാണെന്നതും  ഈ യാത്ര സമ്മാനിച്ച തിരിച്ചറിവ്. ‘ആരാ, എന്താ, എങ്ങോട്ടാ’ എന്ന ചോദ്യം ചെയ്യലുകളൊന്നുമില്ലാതെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ വ്യഗ്രത കാട്ടുന്നവർ. സ്വന്തം വാഹനത്തിൽ കയറാൻ ആശങ്കയുണ്ടാകുമെന്നു മനസ്സിലാക്കി ഓട്ടോ വിളിക്കാൻ സ്റ്റാൻഡിലേക്കോടുന്നവർ.

‘ഒരു പണിയുമില്ലാതെ ചുറ്റിത്തിരിയുന്നവന്മാർ’ തന്നെയാണ് ഒരു ദുർഘട നിമിഷത്തിൽ ആദ്യത്തെ കൈത്താങ്ങു നീട്ടുകയെന്നും മനസ്സിലായി. പ്രളയകാലത്തുൾപ്പെടെ എത്രയോ വട്ടം  തെളിയിക്കപ്പെട്ട യുവതയുടെ നന്മ. 

ഉവ്വ്, കഴുകൻമാരുണ്ട്. ഈ നഗരത്തിൽ കരുതലുമുണ്ട്.

നഗരത്തിൽ ഒറ്റപ്പെട്ടുപോയിൽ വിളിക്കാൻ പിങ്ക് പൊലീസ്:1090

MORE IN SPOTLIGHT
SHOW MORE
Loading...
Loading...