‘നിങ്ങള്‍ എന്റെ പെങ്ങളെ കൊന്നു’; കെഎസ്ആർടിസിക്കെതിരെ ബിജിലിന്റെ പ്രതിഷേധം

ksrtc-protest
SHARE

ആലപ്പുഴ: ‘കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല. #ജസ്റ്റിസ് ഫോർ ഫാത്തിമ നജീബ് മണ്ണേൽ’ എന്ന കുറിപ്പ് നമ്പർ പ്ലേറ്റിനു ചുവട്ടിലെഴുതിയാണ് ബിജിൽ എസ്.മണ്ണേലിന്റെ കാർ ഇപ്പോൾ നിരത്തിലിറങ്ങുന്നത്.

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം ജീവൻ പൊലിഞ്ഞ സഹോദരിയോടും ഒരു കൈ നഷ്ടമായ സഹോദരനോടുമുള്ള സ്നേഹം കാരണമാണ് ബിജിൽ ഒരു മാസത്തോളമായി സമൂഹമാധ്യമങ്ങളിലുൾപ്പെടെ കെഎസ്ആർടിസിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്നത്. ബിജിലിന്റെ സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം നിരവധി പേർ ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 11 ന് രാത്രി ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയ്ക്കു സമ‍‍ീപമാണ് ബിജിലിന്റെ പിതാവിന്റെ അനുജൻ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചത്. അപകടത്തിൽ നജീബിന്റെ മകൾ ഫാത്തിമ (20) മരിച്ചു. ഫാത്തിമയുടെ സഹോദരൻ മുഹമ്മദ് അലിയുടെ വലതു കൈയും അപകടത്തിൽ നഷ്ടമായി.അലിയാണ് വാഹനം ഓടിച്ചിരുന്നത്.അപകടം നടന്നയുടൻ കെഎസ്ആർടിസി ഡ്രൈവർ കടന്നുകളഞ്ഞു.

അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. പിന്നീട് രണ്ടു തവണ തന്റെ വാഹനത്തിനു നേരെ കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ വന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളുടെ അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കേണ്ടവർ നടപടിയെടുക്ക‍ുകയും മരിച്ച പെങ്ങൾക്കു നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കെഎസ്ആർടിസിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജിൽ മനോരമയോടു പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...