പിറക്കും മുൻപ് മരിച്ച ആദ്യകുഞ്ഞ്, ഇപ്പോൾ ഇരട്ടക്കുട്ടികളുടെ അമ്മ; ഹൃദയംതൊടും കുറിപ്പ്

mother-twins
SHARE

പ്രണയ വിവാഹത്തിനു ശേഷം പെട്ടന്നു തന്നെ അമ്മയാണെന്നറിയുക. പിറക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വയറ്റിലുള്ള കുഞ്ഞിനെ നഷ്ടപ്പെടുക. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ ഇരട്ടക്കുഞ്ഞുങ്ങളെ തീവ്രമായി ആഗ്രഹിക്കുക. ഒരു സ്വപ്നം പോലെ ഇരട്ടക്കുഞ്ഞുങ്ങൾ പിറക്കുക. സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ പങ്കുവച്ചിരിക്കുന്നത് മുംബൈ സ്വദേശിനിയായ ഒരു യുവതിയാണ്. 

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താൻ ജീവിതത്തിലൂടെ കടന്നുപോയ വിചിത്രമായ അനുഭവങ്ങളെപ്പറ്റി ആ പെൺകുട്ടി കുറിച്ചത്.

‘ഒരു വിവാഹസ്ഥലത്തുവച്ചാണ് ഞാൻ ആദ്യമായി എന്റെ ഭർത്താവിനെ കണ്ടത്. ഒരു വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോഴേക്കും ആ സന്തോഷ വാർത്തയുമെത്തി. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. ഞങ്ങളിരുവരും കടിഞ്ഞൂൽ കൺമണിയെ വരവേൽക്കാനായുള്ള തയാറെടുപ്പുകൾ നടത്തി. കുഞ്ഞിനെ നന്നായി പരിചരിക്കാനുള്ള പരിശീലനത്തിനായി പ്രീനേറ്റൽ ക്ലാസുകളിൽ ‍ഞാൻ പങ്കെടുത്തു. നിർഭാഗ്യമെന്നു പറയട്ടെ എന്റെ സന്തോഷങ്ങൾക്ക് വളരെക്കുറച്ച് ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഗർഭത്തിന്റെ 8–ാം മാസത്തിൽ എന്റെ കാലിൽ വലിയൊരു നീർക്കെട്ട് വന്നു. അത് വളരെ വേഗം എന്റെ കൈകളിലേക്കും മുഖത്തേക്കും പടർന്നു. ഉറക്കത്തിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ പോലുമാകാത്ത വിധം അതെന്നെ ബാധിച്ചു. ഒരു രാത്രിയിൽ എനിക്ക് നിയന്ത്രിക്കാനാകാത്തവിധം ബ്ലീഡിങ് ഉണ്ടായി. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും എന്റെ ബോധം നശിച്ചിരുന്നു. ഡോക്ടർമാർ എന്നെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പ്രീ എക്ലംസ്പിയ എന്ന രോഗാവസ്ഥയായിരുന്നു എനിക്ക്.

ഡോക്ടർ സോണോഗ്രാം ചെയ്തപ്പോൾ വയറ്റിലെ കുഞ്ഞിന് ഹൃദയസ്പന്ദനം ഇല്ല എന്നു തിരിച്ചറിഞ്ഞു. എനിക്ക് ബോധം വന്നപ്പോൾ കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് ഭർത്താവ് എന്നോട് പറഞ്ഞത്. വല്ലാതെ രക്തസമ്മർദ്ദം കൂടിയ എന്റെ മാനസിക നില കൂടി തകരാറിലാക്കണ്ട എന്നു കരുതിയാവും സത്യം അദ്ദേഹം എന്നോടൊളിച്ചു വച്ചത്. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കുഞ്ഞുമരിച്ച വിവരം അദ്ദേഹം എന്നോടു പറയുന്നത്. 

കാര്യങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്തു തോന്നിയെന്ന് എനിക്കിപ്പോഴും അറിയില്ല. ഞാൻ കരഞ്ഞതേയില്ല. മറ്റുള്ളവർ വിചാരിച്ചത് ഞാൻ അത്ര സ്ട്രോങ് ആയതുകൊണ്ടാണ് കരയാത്തതെന്നാണ്. പക്ഷേ .യഥാർഥത്തിൽ ഞാൻ എന്റെ വികാരത്തെ അമർത്തി വയ്ക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും കഠിനമേറിയ സമയമായിരുന്നു അത്. ആ സമയത്തൊക്കെ ഭർത്താവും, അദ്ദേഹത്തിന്റെ കുടുംബവും, എന്റെ കുടുംബവും എന്നോടൊപ്പം എല്ലായ്പ്പോഴുമുണ്ടായിരുന്നു. അവർ എന്നെ നന്നായി പിന്തുണച്ചു.

എന്റെ ആരോഗ്യസ്ഥിതി വച്ചു നോക്കുമ്പോൾ ഒരിക്കൽക്കൂടി ഗർഭിണിയാകുന്നത് ഒരു പ്രശ്നം തന്നെയായിരുന്നു. പക്ഷേ ഞാനെന്റെ ഊർജ്ജത്തിൽ ഫോക്കസ് ചെയ്തു. എന്റെ ആഗ്രഹം നിറവേറ്റാൻ ഈ ലോകം തന്നെ ഒപ്പമുണ്ടെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.  ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ട ‍ഞാൻ ആഗ്രഹിച്ചത് ഇരട്ടക്കുഞ്ഞുങ്ങളെയാണ്. ഒരു കുഞ്ഞിനെ തിരിച്ചെടുത്ത ദൈവം രണ്ടു കുഞ്ഞുങ്ങളെ നൽകുമെന്ന് ഞാൻ വിശ്വസിച്ചു.

2017 ൽ പ്രഗ്നൻസി റിസൾ‌ട്ട് കിട്ടിയപ്പോൾ എന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകാൻ പോവുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പെട്ടന്നു തന്നെ ഡോക്ടറിനെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു. എന്റെ വയറ്റിൽ ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് സന്തോഷത്തോടെ പറഞ്ഞത് ഞാൻ നന്നായി ഓർക്കുന്നുണ്ട്. ആദ്യം അതെനിക്ക് വിശ്വസിക്കാനായില്ല. ഞാനും ഭർത്താവും ആദ്യം ഒന്നു ഞെട്ടിയെങ്കിലും അത്രയും സന്തോഷകരമായ നിമിഷം ഞങ്ങളുടെ വീട്ടിൽ പിന്നെയുണ്ടായിട്ടില്ല.

ഇനിയൊരുവട്ടം കൂടെ ഗർഭം അലസാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ‍ഞാനെടുത്തു. 243 കുത്തിവെയ്പ്പുകളാണ് അതിനായി ഞാനെടുത്തത്. പോസിറ്റീവ് മനോഭാവത്തോടെ ജീവിക്കാൻ ‍ഞാൻ ശ്രദ്ധിച്ചു. ഭാഗ്യമെന്നു പറയട്ടെ ആരോഗ്യമുള്ള രണ്ട് സുന്ദരിപ്പെൺകുഞ്ഞുങ്ങൾക്ക് ഞാൻ ജന്മം നൽകി. കുഞ്ഞുങ്ങളിലൊരാളുടെ കരച്ചിൽ ആദ്യമായി കേട്ടപ്പോഴാണ് ഭർത്താവ് ഒന്നു നേരാംവണ്ണം ശ്വാസം വിട്ടത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...