ചുരത്തില്‍ ചരക്കുലോറി കുടുങ്ങി; വരനും ബന്ധുക്കളും നടന്നത് 3 കിലോമീറ്റർ

Nadukani Churam
SHARE

എടക്കര: നാടുകാണി ചുരം പാതയിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് 15 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. താഴെ നാടുകാണിക്കു സമീപം പോബ്സൺ‍ എസ്റ്റേറ്റ് ഗേറ്റിനു മുൻവശത്തെ വളവിലാണ് അടയ്ക്കാ ലോഡുമായി കേരളത്തിൽനിന്നു ചുരം കയറിയെത്തിയ ലോറി കുടുങ്ങിയത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ പൂട്ടുകട്ട പതിക്കുന്നതിന് നിർമാണ സാധനങ്ങൾ ഇറക്കിയിട്ടതിനാൽ അരികു ചേർത്ത് പോകുന്നതിനിടെ ഇടതുവശത്തെ ചക്രങ്ങൾ കുഴിയിലിറങ്ങി ലോറി കുടുങ്ങുകയായിരുന്നു. 

കുത്തനെ കയറ്റവും വളവുമുള്ള സ്ഥലമായതിനാൽ ലോറി മാറ്റാൻ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മറുവശത്ത് സൗകര്യമൊരുക്കി എട്ടോടെ ചെറുവാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയെങ്കിലും ഏറെ കഴിയും മുൻപേ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ഇരുഭാഗത്തും കുരുക്കിൽപെട്ട വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു. ഗതാഗതം നിയന്ത്രിക്കാൻ തമിഴ്നാട്, കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. വൈകിട്ട് അഞ്ചോടെയാണ് ലോറി നീക്കംചെയ്ത് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.

വിശന്നുവലഞ്ഞ് വിദ്യാർഥികൾ 

വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച 4 ബസുകളും കുരുക്കിൽപെട്ടു. പുലർച്ചെ നാലിനെത്തിയ ഇവർ വൈകിട്ട് നാലിനാണ് കുരുക്കി‍ൽനിന്നു രക്ഷപ്പെട്ടത്. ഇരുന്നൂറോളം വിദ്യാർഥികളുണ്ടായിരുന്നു. ഇവർ ഭക്ഷണം പോലും കിട്ടാതെ ദുരിതത്തിലായി. ഇതിനിടെ വിനോദയാത്രയ്ക്കു പോവുകയായിരുന്ന വിദ്യാർഥികളുടെ സംഘവും മണിക്കൂറുകളോളം കുരുക്കിൽപെട്ടു.

വരനും ബന്ധുക്കളും നടന്നത് 3 കിലോമീറ്റർ

പെരുവഴിയിലായ വരനും ബന്ധുക്കളും കാൽനടയായി യാത്ര തിരിച്ചു വാഹനം മാറിക്കയറിപ്പോയി. തൃശൂർ സ്വദേശിയായ വരനും അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമാണ് ലോറി കുടുങ്ങിയ സ്ഥലത്തുനിന്ന് 3 കിലോമീറ്ററോളം നടന്ന് നാടുകാണിയിൽ എത്തി ടാക്സി വിളിച്ച് പോയത്. വധുവിന്റെ നാടായ ഊട്ടിയിൽ 12.55ന് ആയിരുന്നു മുഹൂർത്തം. ഗതാഗതതടസ്സം തീർന്ന് മുഹൂർത്തത്തിന് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ടാക്സിയിൽ പോയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...