മരണത്തിന് മുന്നിലും ചിരിച്ചവർ; അതിജീവനത്തിന്റെ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് നന്ദു; ഹൃദ്യം

nandu-new-fb-page
SHARE

വേദനകൾക്കിടയിലും നന്നായി ഹൃദയം നിറഞ്ഞ് ചിരിക്കുകയും പ്രചോദനം തന്നവരെയും ഒാർത്തെടുത്ത് നന്ദു മഹാദേവ ‘അതിജീവന’ത്തിന് തുടക്കമിടുകയാണ്. കാൻസർ രോഗത്തിനെതിരെ പോരാടുന്നവരെ സഹായിക്കുക അവർക്കൊപ്പം നിൽക്കുക എന്ന ആശയം മുൻനിർത്തിയാണ് സമൂഹമാധ്യമങ്ങളിൽ ഇൗ കൂട്ടായ്മ എത്തുന്നത്. കാൻസർ രോഗം മാത്രമല്ല ജീവിതപ്രതിസന്ധികളിൽ അതിജീവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമായി ഈ കുടുംബം മാറുമെന്ന് സ്വപ്നം കണ്ടാണ് ഇതിന് തുടക്കമിടുന്നതെന്ന് നന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു.

കാൻസറിനെതിരെ ധീരമായി പോരാടിയ ചിലരുടെ ചിത്രങ്ങളും അവരുടെ പ്രത്യേകതകളും എഴുതിയ ചിത്രവും നന്ദു പങ്കുവച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് മരിച്ച ലാൽസൻ പുള്ളിനെ അതിജീവനത്തിന്റെ ജീവനാഡി എന്നും ശാലിനിയെ അതിജീവനത്തിന്റെ കിലുക്കാംപെട്ടി എന്നും അരുണിമയെ അതിജീവനത്തിന്റെ ചിരിക്കുടുക്ക എന്നും വിശേഷിപ്പിച്ചാണ് നന്ദു ഒാർമകൾ പങ്കുവയ്ക്കുന്നത്.

കുറിപ്പ് വായിക്കാം:

പോരാടി ജയിച്ചവരെക്കാളും ഹീറോസ് ആണ് മരണം മുന്നിൽ വന്നു നിന്നാലും പുഞ്ചിരിയോടെ മുന്നോട്ട് പോകണം എന്ന് സ്വജീവൻ ബലിയർപ്പിച്ചു നമ്മളെ പഠിപ്പിച്ചവർ !!

ശ്വാസം കിട്ടാതെ പിടയുമ്പോഴും പ്രതീക്ഷ കൈവിടരുത് എന്ന് നമുക്ക് മനസ്സിലാക്കി തന്നവർ. കുറെ നാൾ ജീവിക്കുന്നതിൽ അല്ല ജീവിത വിജയം മറിച്ച് ജീവനോടെ ഉള്ള സമയത്ത് സന്തോഷത്തോടെയും ധീരതയോടെയും ഓരോ നിമിഷവും ആഘോഷിക്കുന്നതാണ് ജീവിത വിജയം എന്നു നമ്മളെ പഠിപ്പിച്ചവൻ. നന്മ ചെയ്യുന്നവർ ജനമനസ്സുകളിൽ എന്നും ജീവിക്കും അവർ അനശ്വരത കൈവരിക്കും എന്നു നമുക്ക് ചൂണ്ടിക്കാട്ടി തന്നവർ. പ്രതിസന്ധികളിൽ തളരാതിരിക്കാൻ പുഞ്ചിരിയെക്കാൾ വലിയ ആയുധമില്ല എന്നു കാട്ടിയവർ !!

ഇവരാണ് ഞങ്ങളുടെ ഹീറോസ്‌.. ഇവരാണ് ഞങ്ങളുടെ ഊർജ്ജം.. ഇവരാണ് ധീരരായ പോരാളികൾ..ഇവരാണ് അതിജീവനത്തിന്റെ ആത്മാവ്.. ഇരുളിൽ പുഞ്ചിരിയുടെ പ്രകാശം പരത്തി മുന്നോട്ട് പോയ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് അതിജീവനത്തിന്റെ ശക്തമായ പ്രവർത്തനങ്ങളുടെ പ്രയാണം ഇവിടെ ആരംഭിക്കുകയാണ്. വേദന അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആയി അതിജീവനം എപ്പോഴും ഉണ്ടാകും. ക്യാൻസർ മാത്രമല്ല ജീവിതപ്രതിസന്ധികളിൽ അതിജീവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമായി ഈ കുടുംബം മാറാൻ നമുക്ക് ഒന്നായി കൈകോർക്കാം. അകാലത്തിൽ നമ്മളെ വിട്ടുപോയ ഹൃദയങ്ങൾക്ക് ആദരാഞ്ജലികൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...