ഒറ്റ ഫോട്ടോ; കുഞ്ഞു മോത്തി ഇനി വിശന്നിരിക്കേണ്ട; പഠിക്കാം; ആ കനിവ് ഇങ്ങനെ

mothi-10
SHARE

കയ്യിലൊരു ചോറ്റുപാത്രവുമായി ഒന്നാം ക്ലാസിലേക്ക് ഒളിഞ്ഞ് നോക്കി നിന്ന ആ ചിത്രമാണ് മോത്തി ദിവ്യയെന്ന അഞ്ചുവയസുകാരിയുടെ ജീവിതം മാറ്റി മറിച്ചത്. ഒരു ചിത്രത്തിന് ആയിരം വാക്കുകളെക്കാളും ശക്തിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് തെലുങ്ക് ദിനപത്രമായ 'ഈനാടി'ന്റെ ഫോട്ടോഗ്രാഫർ ആവുല ശ്രീനിവാസ്. 

ഡെങ്കിപ്പനിയെ കുറിച്ചുള്ള സ്റ്റോറി എടുക്കുന്നതിനായി ഹൈദരാബാദിലെ ദേവർ ജാം സ്കൂളിലെത്തിയപ്പോഴാണ് ഒരു കൊച്ചു പെൺകുട്ടി കയ്യിലൊരു പാത്രവുമായി ഒന്നാം ക്ലാസിന്റെ ഉള്ളിലേക്ക് നോക്കി നിൽക്കുന്നത് ശ്രീനിവാസ് കണ്ടത്. സ്വന്തം പ്രായത്തിലുള്ള കുട്ടികൾ യൂണിഫോമിട്ട് ക്ലാസിനുള്ളിലിരിക്കുന്നത് നോക്കിയുള്ള ആ നിൽപ്പ് പകർത്തിയ ശേഷം ശ്രീനിവാസ് ആ കുട്ടിയോട് പോയി പേരും വീടുമെല്ലാം ചോദിച്ചു. അപ്പോഴാണ് കരളലിയിക്കുന്ന കഥ കുഞ്ഞുമോത്തി പറഞ്ഞത്. 

എല്ലാ ദിവസവും ഉച്ചഭക്ഷണത്തിന്റെ സമയത്ത് സ്കൂളിലേക്ക് കുഞ്ഞുമോത്തി അലൂമിനിയം പാത്രവുമായി വരും. സർക്കാർ സ്കൂളിലെ കുട്ടികൾക്ക് നൽകിയ ശേഷം ബാക്കിയുള്ള ഭക്ഷണം പാത്രത്തിൽ വാങ്ങി കഴിക്കും. കുട്ടിയുടെ കഥ കേട്ട ശ്രീനിവാസ് 'വിശപ്പിന്റെ നോട്ടം' എന്ന ക്യാപ്ഷനോടെ പിറ്റേദിവസത്തെ പത്രത്തിൽ ചിത്രം പ്രസിദ്ധീകരിച്ചു. വിവരങ്ങളും നൽകി. ഇത് ശ്രദ്ധയിൽപെട്ടതോടെ ഒരു എൻജിഒ മോത്തിയുടെ പഠനം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നു. 

ശുചീകരണത്തൊഴിലാളികളാണ് മോത്തിയുടെ മാതാപിതാക്കൾ. എന്തായാലും മോത്തിയെ പുത്തൻ യൂണിഫോമെല്ലാം അണിയിച്ച് സ്കൂളിൽ ചേർക്കാനും പഠനം തുടങ്ങാനും വിശപ്പ് മാറ്റാനുമെല്ലാം ആ ഒറ്റ ഫോട്ടോയ്ക്ക് കഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...