ഇവിടെ ഗുഡ്മോണിങ്ങ് ടീച്ചർ ഇല്ല; ആലിംഗനവും കൈ ചേര്‍ത്തടിക്കലും ഷെയ്ക് ഹാൻഡും

School
SHARE

രാവിലെ സ്കൂളിലെത്തിയാൽ അധ്യാപകരോട് ഗുഡ് മോണീങ്ങ് ടീച്ചര്‍ എന്നു നീട്ടിപ്പറയുന്ന പതിവുരീതി ഇവിടെയില്ല. ക്ലാസുകളുടെ വാതിൽക്കൽ കുട്ടികളെയും നോക്കി അധ്യാപകർ കാത്തുനിൽക്കുന്നുണ്ടാകും. കുട്ടികൾ അധ്യാപര്‍ക്ക് നമസ്തേ പറഞ്ഞും ആലിംഗനം ചെയ്തും കൈകൾ ചേർത്തടിച്ചും ഷെയ്ക് ഹാൻഡ് നൽകിയും അഭിവാദ്യം ചെയ്യും. 

കോലഴി ചിന്മയ വിദ്യാലയത്തിലാണ് ഈ വേറിട്ട അഭിവാദനരീതി ഈ വർഷം മുതല്‍ നടപ്പിലാക്കിയത്. ഡെപ്യൂട്ടി ഡയറക്ടർ ശോഭന ദേവദാസിന്റെ മനസില്‍ വിരിഞ്ഞ ആശയം നിറകയ്യടികളോടെ സ്വീകരിച്ച് അധ്യാപകർ നടപ്പിലാക്കി. വിദ്യാർഥികളുമായുള്ള മാനസിക അടുപ്പം ഏറെ വർധിപ്പിക്കാൻ പുതിയ അഭിവാദനരീതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. സ്കൂളിൽ വരാൻ മടിയുള്ളവരും പുതിയ രീതി നടപ്പില്‍ വന്നതോടെ നല്ല കുട്ടികളായി മാറിയെന്നും ഇവർ പറയുന്നു. 

ഓരോ ക്ലാസ് മുറിയുടെയും വാതിലിൽ നമസ്തേ, ആലിംഗനം, ഷെയ്ക് ഹാൻഡ്, കൈ ചേർത്തടിക്കൽ എന്നിങ്ങനെ നാലു ചിത്രങ്ങൾ തൂക്കിയിട്ടുണ്ടാകും.  ഓരോ കുട്ടിക്കും ഇഷ്ടമുള്ള ചിത്രം അധ്യാപകരെ തൊട്ടുകാണിച്ചശേഷം അതേ രീതിയിൽ അഭിവാദ്യം ചെയ്തു ക്ലാസിൽ പ്രവേശിക്കാം. അധ്യാപകരോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്ന അഭിവാദന രീതിയായ ആലിംഗനത്തോടാണ് ഏറെ കുട്ടികൾക്കും പ്രിയം. എങ്കിലും ഓരോ ദിവസവും ഓരോ രീതിയിലാണ് പലരും അഭിവാദ്യം ചെയ്യുകയെന്നും അധ്യാപകർ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...