കാഴ്ചയില്ല; അച്ഛൻ ലോകം കാണുന്നത് മകളിലൂടെ; ഊഷ്മള കാഴ്ച; ജീവിതം

wayanad-kelu-praveena
SHARE

നന്നേ ചെറുപ്പത്തിൽ കാഴ്ച നഷ്ടപ്പെട്ടതാണ് കേളുവിന്. പക്ഷേ അകക്കണ്ണിലെ വെളിച്ചം കൊണ്ട് കേളുവിന് പ്രകൃതിയെ അറിയാം, നാട്ടിലെ ഓരോ കോണുകളുമറിയാം. ഇവയോരോന്നും ഈ അച്ഛന് അന്യമല്ലാതാക്കുന്നത് മകൾ പ്രവീണയാണ്, അവരുടെ ആത്മബന്ധമാണ്. 

3 വയസ്സുള്ളപ്പോഴാണ് കേളുവിന് കാഴ്ച നഷ്ടപ്പെട്ടത്. കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണിൽ മണൽ കയറിയാണ് കാഴ്ച നഷ്ടമായത്.  ചികിത്സിച്ച് ഭേദമാക്കാനുള്ള പണമില്ലായിരുന്നു. ജനിച്ച് ഒരു മാസം പ്രായമായപ്പോൾ അമ്മയെ നഷ്ടപ്പെട്ടിരുന്നു. പിന്നെ ഇളയമ്മയോടൊപ്പമായിരുന്നു ജീവിതം. 

ദുരിതനാളുകൾ പലത് കഴിഞ്ഞു. ഇതിനിടെ ജീവിതത്തിലെ നല്ല പാതിയായി അമ്മുവെത്തി. ഇരുട്ടിലേക്ക് പ്രകാശം പരത്തിയായിരുന്നു മകൾ പ്രവീണയുടെ വരവ്. 

അങ്കണവാടിയിൽ പോകാൻ തുടങ്ങിയതോടെയാണ് പ്രവീണ അച്ഛന്റെ സന്തത സഹചാരിയായത്. ദിവസവും കൊണ്ടു വിടുന്നതും പഠനം കഴിയുന്നതു വരെ കാത്തിരുന്ന് മകളെ കൂട്ടിക്കൊണ്ടു വരുന്നതും കേളുവിന്റെ ജോലിയായി. കുടുംബത്തിന്റെ വിശപ്പു മാറ്റാൻ അങ്കണവാടിയിൽ നിന്ന് കിട്ടുന്ന ഭക്ഷണം പ്രവീണ വീട്ടിലെത്തിക്കും. പ്രവീണയുടെ കൂട്ട് കേളുവിന് വലിയ തണലായി മാറി. ആ നടത്തം ആരംഭിച്ചിട്ട് 9 വർഷമായി. ദിവസം കഴിയുംതോറും ആ കൂട്ട് ദൃഢമാകുകയാണ്. മകൾ കാണുന്നത് അതേപടി മനസ്സിൽ പതിയുന്നുവെന്ന് കേളു പറയുന്നു.

മകളുടെ സ്കൂളിലെ ആവശ്യങ്ങൾക്കെല്ലാം കേളു ഓടിയെത്തും. കൂട്ടുകാർക്കിടയിൽ അഭിമാനത്തോടെ പ്രവീണ അച്ഛനെയും കൊണ്ടു നടക്കും. തന്റെ പഠനവിവരങ്ങൾ അറിയാൻ അധ്യാപകരെ കാണിച്ചു കൊടുക്കും. വീടിനു പുറത്തേക്കുള്ള യാത്രകളിലെല്ലാം മകൾ തന്നെയാണ് കൂട്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളും കഥകളും മകളുമായി പങ്കുവച്ചായിരിക്കും യാത്ര. ഓരോ ദിവസവും മകളുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ മകളും അച്ഛനോടു പറയും. അവരുടെ മാത്രം ലോകമാണ് ഇങ്ങനെയുള്ള യാത്രകൾ. 

മകൾക്ക് എന്തു വേണമെന്ന് പറഞ്ഞാലും വാങ്ങിക്കൊടുക്കും ഈ അച്ഛൻ.  കുഞ്ഞുകുട്ടിയാണെങ്കിലും ഉത്തരവാദിത്തമുള്ള രക്ഷകയായി അച്ഛനെ കൂട്ടി നടക്കുകയാണു പ്രവീണ. കുടുംബം പുലർത്താൻ ജോലികൾക്കു പോകേണ്ടതിനാൽ ഭർത്താവിനു കൂട്ടായി നടക്കാൻ കഴിയുന്നില്ല എന്ന ദുഃഖം മകളിലൂടെ മാറുന്നുവെന്ന് അമ്മു പറയുന്നു. കുസൃതിയുടെ ലോകത്തുള്ള കുഞ്ഞനുജൻ പ്രണാദിനു വേണ്ട കരുതലുകൾ നൽകാനും പ്രവീണ ശ്രദ്ധിക്കാറുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...