പ്രസവിച്ചയുടൻ അമ്മയെ കൊണ്ടുപോയി, കരളലിയിക്കുന്ന കരച്ചിലുമായി 6 പട്ടിക്കുഞ്ഞുങ്ങൾ

tvm-puppies
SHARE

തിരുവനന്തപുരം: കണ്ണുതുറന്നു ലോകം കാണുന്നതിനു മുൻപ്  അമ്മയെ പിരിഞ്ഞ സങ്കടത്തിലാണ് 6 മക്കൾ. പിറന്നു വീണു നിമിഷങ്ങൾക്കകം മക്കളെ പിരിഞ്ഞ വേദനയിൽ, ഇനി മക്കൾക്കരികിലേക്കു തിരിച്ചു വരാനാകുമോയെന്നു പോലും അറിയാതെ ഉഴലുകയായിരിക്കും ആ അമ്മപ്പട്ടി. കോർപറേഷന്റെ പട്ടിപിടിത്തക്കാർക്കറിയില്ലല്ലോ ആ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഉള്ളുരുകൽ.  നാലു ദിവസം മുൻ‌പാണ് സംഭവം.

ആഭ്യന്തര വിമാനത്താവളത്തിലെ പേര മരത്തിന്റെ തണലിൽ തെരുവു നായ 6 കുട്ടികളെ പ്രസവിച്ചു. ഒരു മണിക്കൂർ പോലും തികയും മുൻപ് കോർപറേഷന്റെ പട്ടി പിടിത്തക്കാർ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി നായയെ പിടികൂടി. പ്രസവിച്ച നായയാണെന്നു പട്ടി പിടിത്തക്കാരോടു പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്നു സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർമാർ പറയുന്നു. ആ  നിമിഷം മുതൽ നിർത്താതെ കരയുകയാണു കണ്ണു പോലും തുറക്കാത്ത ആ 6 കുഞ്ഞുപട്ടികൾ.

മഴയും വെയിലുമേൽക്കാതിരിക്കാൻ പഴയ ടെലിഫോൺ ബോക്സിനുള്ളിലേക്ക് നായ്ക്കുട്ടികളെ ഡ്രൈവർമാർ മാറ്റി. ഫീഡിങ് ബോട്ടിൽ വാങ്ങി വിശപ്പടക്കാൻ പാലു നൽകുന്നതും അവർ തന്നെ. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ ദിവസങ്ങൾക്കകം പിടികൂടിയ സ്ഥലത്തു തിരികെ കൊണ്ടു വിടുകയാണ് പതിവ്.

എന്നാൽ നാലാം ദിവസം കഴിഞ്ഞിട്ടും ആ അമ്മപ്പട്ടി തിരികെയെത്തിയിട്ടില്ല. കുഞ്ഞു പട്ടികളുടെ കരളലിയിക്കുന്ന കരച്ചിലാണ് ഇപ്പോഴത്തെ വേദന. തെരുവിൽ ജനിച്ചതു കൊണ്ടു മാത്രം അമ്മയുടെ സ്നേഹം നിഷേധിച്ച കാരണത്താൽ ഭാവിയിൽ ഇവ ആക്രമണകാരികളായില്ലെങ്കിലേ അത്ഭുതമുള്ളൂ !

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...