ചൈനീസ് ചരക്കുക്കപ്പലിനെ ‘തടഞ്ഞ്’ നാവിക സേന; നടുക്കടലിൽ ‘നാടകീയ’ രംഗങ്ങൾ

navy-mockdrill
SHARE

ഇന്ത്യയുടെ സമുദ്രാതിർത്തിക്കപ്പുറത്ത് അറബിക്കടൽ. ബുധൻ ഉച്ചയ്ക്ക് 12.10. 'ചൈനയുടെ ചരക്കുകപ്പലി’നെ നാവിക സേനാ കപ്പൽ ‘ഐഎൻസ് സുനയന’ തടയുന്നു. നിരോധിക്കപ്പെട്ട വസ്തുക്കൾ ചരക്കു കപ്പലിലുണ്ടെന്ന ‘വിവരം’ ലഭിച്ചതായും കപ്പൽ പരിശോധിക്കണമെന്നും ചരക്കു കപ്പലിലേക്കു സന്ദേശം കൈമാറുന്നു. ചരക്കു കപ്പലിന്റെ ക്യാപ്റ്റൻ പരിശോധനയ്ക്കു സമ്മതം അറിയിക്കുന്നതോടെ 7 സൈനികർ ചെറിയ ബോട്ടിൽ ചരക്കു കപ്പലിലേക്ക്.

പരിശോധനയിൽ നിരോധിത വസ്തുക്കൾ കണ്ടെത്താത്തതിനെ തുടർന്ന്, കപ്പൽ പരിശോധിച്ചതായും നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും കപ്പലിലെ പരിശോധനയിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്നും കാണിക്കുന്ന ബോർഡിങ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ‘പരസ്പരം’ കൈമാറിയ ശേഷം ചരക്കുകപ്പലിനെ പോകാൻ അനുവദിക്കുന്നു. സൈനികർ നാവികസേനയുടെ നിരീക്ഷണക്കപ്പലായ 'ഐഎൻഎസ് സുനയന’യിലേക്കു മടങ്ങുന്നു. നാവികവാരാചാരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ (37 കിലോമീറ്റർ) മാറി നാവിക സേന നടത്തിയ മോക്ഡ്രില്ലിലായിരുന്നു ‘നാടകീയ’ രംഗങ്ങൾ.

വിസിറ്റ്, ബോർഡ്, സെർച്ച്, സീഷർ അഥവാ വിബിഎസ്എസ് എന്നു നാവികസേനാംഗങ്ങൾ വിളിക്കുന്ന പരിശോധനയായിരുന്നു ഇത്. പരിശോധനയ്ക്ക് എതിർ കപ്പൽ സമ്മതിച്ചില്ലെങ്കിൽ കളിമാറും. ബലമായിത്തന്നെ കപ്പലിൽ കയറുമെന്നു നാവികസേന. നാവികസേനയുടെ നിരീക്ഷണക്കപ്പലായ, ഐഎൻഎസ് സുനയന ചൈനീസ് ചരക്കുകപ്പലായും തീരരക്ഷാ സേനയുടെ ‘സാരഥി’ എന്ന കപ്പൽ ‘സുനയന’യുമായി മോക്ഡ്രില്ലിനു വേണ്ടി തൽക്കാലം പേരു മാറുകയായിരുന്നു. തീർ എന്ന പരിശീലന കപ്പലും ചേതക് ഹെലികോപ്ടറും ഡ്രില്ലുകളിൽ പങ്കെടുത്തു.

കടലിലെ സാഹസികത

കടലിൽ പെട്ടുപോയ, ‘മത്സ്യത്തൊഴിലാളി’യെ സാഹസികമായി രക്ഷപ്പെടുത്താനെത്തിയതു നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ. കടൽ നിരപ്പിനോട് ഏറെയടുപ്പിച്ചു ഹെലികോപ്റ്റർ നിയന്ത്രിച്ചു നിർത്തിയാണ്,  കടലിൽനിന്നു നിമിഷങ്ങൾക്കകം ആളെ ഉയർത്തിയെടുത്തത്. സൗകര്യം കുറഞ്ഞ, തീരരക്ഷാസേനയുടെ ‘സാരഥി’യുടെ ഹലോ ഡെക്കിൽ (ഹെലികോപ്ടർ ഇറങ്ങാനുള്ള സ്ഥലം) ചേതക് ഇറക്കിയും പറന്നുയർന്നും ചേതക്കിന്റെ ൈപലറ്റായ ലഫ്. കമാൻഡർ നവീൻ ആസാദ് മികവു കാട്ടി.

‘റെപ്ലനിഷ്മെന്റ് അറ്റ് സീ’

പേരു കേട്ടു ഞെട്ടേണ്ട. അത്യാവശ്യ ഘട്ടങ്ങളിൽ സാധനങ്ങളോ ആയുധങ്ങളോ ആളുകളെയോ മറ്റൊരു കപ്പലിലേക്കു കൈമാറുന്ന സാഹസികവും അപകടം പിടിച്ചതുമായ ഓപ്പറേഷനാണു ആർഎഎസ് അഥവാ റെപ്ലനിഷ്മെന്റ് അറ്റ് സീ.  ഇതിനായി, മണിക്കൂറിൽ 18 കിമീ വേഗത്തിൽ സുനയനയും തീറും സമാന്തരമായി നീങ്ങി. 2 കപ്പലുകളും തമ്മിലുള്ള അകലം 36 മീറ്ററിനടുത്ത്.  സുനയനയിൽ നിന്ന് എൽടി റൈഫിളിൽ (ലൈൻ ത്രോയിങ് റൈഫിൾ) നിന്ന് വെടിയുതിർത്ത്, നേരിയ ചരട് തീറിൽ എത്തിച്ചു.

ചരടിന്റെ അറ്റത്ത് കയർ കെട്ടി, പരസ്പരം വലിച്ചു കൈമാറി. ബലമുള്ള കയർ ഇരു ഭാഗത്തും ഉറപ്പിച്ചു.  കയറിൽ കപ്പി പിടിപ്പിച്ച്, കപ്പിയിൽ ഭാരം തൂക്കിയിട്ട്  കയറിന്റെ ബലപരിശോധനയായിരുന്നു അടുത്തത്. അതു വിജയിച്ചതോടെ, സുരക്ഷാ കവചമണിയിച്ച ശേഷം, നാവികസേനാംഗം കപ്പിയിൽ തൂങ്ങി തീറിൽനിന്നു സുനയനയിലേക്ക്. തുടർന്ന്, 2 മാധ്യമ പ്രവർത്തകർ തീറിലേക്കും തിരിച്ചും കടലിനു മുകളിലൂടെ. 

കായലിലും സുരക്ഷ

നിരീക്ഷണ, യുദ്ധക്കപ്പലായ സുനയന കായൽപോലുള്ള ചെറിയ ജലാശയങ്ങളിലുള്ളപ്പോൾ അവയ്ക്കു നേരെ ആക്രമണമുണ്ടായാൽ നേരിടുന്നതാണു ‘ഫോഴ്സ് പ്രൊട്ടക്‌ഷൻ മെഷർ’. മോക്ഡ്രില്ലിന്റെ ഭാഗമായി, വേമ്പനാട് കായലിൽ സുനയനയ്ക്കു നേരെ വന്ന ബോട്ടിനെ ചെറിയ ബോട്ടിലെത്തിയ നാവികസേനാംഗങ്ങൾ ‘വെടിയുതിർത്തു’ പിന്തിരിപ്പിച്ചു.

കടലിൽ 2 കപ്പലിനു തീപിടിക്കുകയോ പെട്രോളിയം ഉൽപന്നങ്ങൾ ചോർന്നു കടലിൽ പരക്കുകയോ ചെയ്താൽ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളും ‘സാരഥി’ അവതരിപ്പിച്ചു. തീറിന്റെ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ വരുൺ സിങ്, ഡിഫൻസ് പിആർഒ ശ്രീധർ വാരിയർ, സുനയനയുടെ കമാൻഡിങ് ഓഫിസർ കമാൻഡർ രോഹിത് ബാജ്പേയ്, സാരഥിയുടെ കമാൻഡിങ് ഓഫിസർ കമാൻഡന്റ് അരുൺ സിങ്, സുനയനയുടെ എക്സിക്യൂട്ടീവ് ഓഫിസർ അക്ഷയ് കുമാർ രാജ എന്നിവർ മോക്ഡ്രില്ലിനു നേതൃത്വം നൽകി.

ഇന്ത്യൻ നാവിക സേന രാജ്യത്തിന്റെയും മറ്റു രാജ്യങ്ങളുടെയും സുരക്ഷയ്ക്കായി കടലിൽ നിത്യേനയെന്നോണം നിർവഹിക്കുന്ന  ചുമതലകളിൽ ചിലതു മാത്രമാണ് ഇന്നലെ അവതരിപ്പിച്ചത്. കടലിലെ സുരക്ഷ രാജ്യത്തിനു തന്ത്രപ്രധാനമാണ്. ഇതിനൊപ്പം പ്രധാനപ്പെട്ടതാണു മത്സ്യത്തൊഴിലാളികളുടെയും ഇതുവഴിയുള്ള ചരക്ക്, യാത്രക്കപ്പലുകളുടെയും സുരക്ഷയും...’’ കമാൻഡർ ശ്രീധർ വാരിയർ, ഡിഫൻസ് പിആർഒ, കൊച്ചി

തയ്യാറാക്കിയത്: കെ. ജയപ്രകാശ് ബാബു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...