പകൽ ആശാരി; രാത്രി ‘യക്ഷിവേഷം’; ശ്മശാനത്തിൽ ഉറക്കം; ആ ‘മൃതദേഹ’ത്തിലെ സത്യം

sasi-kannur
SHARE

കണ്ണൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം മൂന്ന് ദിവസം മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീവേഷത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നതിങ്ങനെ:

ശശിയെക്കുറിച്ച് ഏറെ വിചിത്രമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. പകൽ ആശാരിപ്പണിക്ക് പോകുകയും രാത്രി സ്ത്രീവേഷമണിയുകയും ചെയ്യുന്ന വിചിത്രസ്വഭാവത്തിന് ഉടമയാണ് ശശി. 

അവിവാഹിതനായ ഇയാൾ പകൽ കൃത്യമായി ജോലിക്ക് പോകും. എന്നാൽ രാത്രിയാകുമ്പോൾ സ്ത്രീകളെപ്പോലെ സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞ് നടക്കും. ശരീരത്തിൽ ആഭരണങ്ങളും അണിയാൻ ശശിക്ക് താൽപര്യമുണ്ടായിരുന്നു. സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ശശി സ്ത്രീ വേഷം കെട്ടിയ ഫോട്ടോകളുണ്ടായിരുന്നു. അതോടൊപ്പം വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. സ്ത്രീ വേഷം കെട്ടിക്കഴിഞ്ഞാൽ മേക്കപ്പ് സാധനങ്ങളടങ്ങിയ ഹാന്റ്ബാഗും കയ്യിൽ കരുതും. സ്ത്രീവേഷത്തിൽ നിന്നും ശശി പിന്നീട് യക്ഷി വേഷം കെട്ടാൻ തുടങ്ങിയതായും നാട്ടുകാരിൽ നിന്ന് അറിഞ്ഞു. യക്ഷിയുടെ ഭാവചലനത്തോടെ ജനസഞ്ചാരം കുറഞ്ഞ വഴികളിൽ ഇയാൾ ഇറങ്ങി നടക്കാറുണ്ടായിരുന്നു. യക്ഷികളെ അനുകരിച്ച് തുടങ്ങിയ ശശി മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്. 

നേരം പുലരുന്നതോടെ ശശി വീണ്ടും പുരുഷ വേഷം സ്വീകരിക്കും. മടി കൂടാതെ ജോലിക്ക് പോകും. നാട്ടുകാർക്ക് യാതൊരുവിധ ശല്യവുമുണ്ടാക്കിയിട്ടില്ല. ആഡൂരിൽവച്ച് നാട്ടുകാർ ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ പിടിച്ചിരുന്നു. അതോടെയാണ് ചുഴലിയിലേക്ക് മാറിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ പഴക്കമുണ്ട്. ശശിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാൽ ആത്മഹത്യയാണോയെന്ന സംശയവുമുണ്ട്. 

വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. സാരിയുടത്ത നിലയിലായതിനാൽ ആദ്യം സ്ത്രീയാണെന്നാണ് കരുതിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയുടെ ഫലം വരണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...