തോളിൽ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കൾക്ക് സസ്പെൻഷൻ; എന്താല്ലേ?; കുറിപ്പ്

walayar-04-11
SHARE

വാളയാർ കേസിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആ പ്രതിഷേധത്തിൽ ഒരുകൂട്ടം വിദ്യാർഥികളും പങ്കുചേർന്നിരുന്നു. വാളയാർ സഹോദരിമാർക്ക്‌ പിന്തുണ അറിയിച്ച്‌ ക്ലാസിൽ ചാർട്ട്‌ പേപ്പറിൽ പോസ്‌റ്റർ വരച്ച്‌ ഒട്ടിച്ച വിദ്യാർത്‌ഥികളെ പ്രിൻസിപ്പല്‍ സസ്പെൻഡ് ചെയ്തതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. 

ഇപ്പോഴിതാ ആ കുഞ്ഞുങ്ങൾക്ക് പിന്തുണയറിയിച്ച് കുറിപ്പെഴുതുകയാണ് ഡോക്ടർ ഷിംന അസീസ്. ആ കുട്ടികൾ സ്‌കൂൾ അടിച്ച്‌ പൊളിച്ചിട്ടില്ല, റോഡിലിറങ്ങി പാമ്പാട്ടം നടത്തിയിട്ടില്ല,. അനീതി കണ്ടു, അവരുടെ കുഞ്ഞനിയത്തിമാർക്ക്‌ വേണ്ടി മനസ്സ്‌ നൊന്തു ചിത്രമെഴുതി, അതിനവർക്ക് സസ്പെൻഷൻ സമ്മാനിച്ചതിലെ വിരോധാഭാസവും ഡോക്ടർ കുറിച്ചിടുന്നു.

എല്ലാവരും തോളിൽ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന്‌ ആ മക്കൾ ഇപ്പോ സസ്‌പെൻഷൻ മേടിച്ച്‌ വീട്ടിലിരിക്കുന്നു ! ഹെന്താല്ലേ?- ഷിംന ചോദിക്കുന്നു.

കുറിപ്പ് വായിക്കാം: 

തിരുവനന്തപുരം വിളവൂർക്കൽ ഗവ: ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്‌ ടു ക്ലാസിൽ വാളയാർ സഹോദരിമാർക്ക്‌ പിന്തുണ അറിയിച്ച്‌ ക്ലാസിൽ ചാർട്ട്‌ പേപ്പറിൽ പോസ്‌റ്റർ വരച്ച്‌ ഒട്ടിച്ച വിദ്യാർത്‌ഥികൾക്ക്‌ സസ്‌പെൻഷൻ. കുട്ടികളുടെ പ്രവർത്തി വഴി ആ സ്‌കൂളിലെ അച്ചടക്കം തേഞ്ഞ്‌ ഇല്ലാതായതിനാണെന്ന്‌ പ്രിൻസിപ്പൽ മൊഴിഞ്ഞത്രേ. സർക്കാർ സ്‌ഥാപനത്തിൽ ഇതിനൊക്കെ ചില രീതികളുണ്ടെന്ന്‌.

ആ മക്കൾ നിയമവിരുദ്ധമായി യാതൊന്നും ചെയ്‌തില്ല- സ്‌കൂൾ അടിച്ച്‌ പൊളിച്ചിട്ടില്ല, റോഡിലിറങ്ങി പാമ്പാട്ടം നടത്തിയിട്ടില്ല,. അനീതി കണ്ടു, അവരുടെ കുഞ്ഞനിയത്തിമാർക്ക്‌ വേണ്ടി മനസ്സ്‌ നൊന്തു ചിത്രമെഴുതി, അവരുടെ ക്ലാസിലെ ഭിത്തിയിൽ പതിച്ചു. മക്കളെയോർത്ത്‌ അഭിമാനമുണ്ടെന്ന്‌ സസ്‌പെൻഷൻ കിട്ടിയ കുട്ടിയുടെ പിതാവ്‌ പറഞ്ഞെന്നും വാർത്തയിൽ കണ്ടു. സന്തോഷം.

എല്ലാവരും തോളിൽ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന്‌ ആ മക്കൾ ഇപ്പോ സസ്‌പെൻഷൻ മേടിച്ച്‌ വീട്ടിലിരിക്കുന്നു ! ഹെന്താല്ലേ?

വേറേം ഒരു ഐറ്റം ഇന്നലെ സ്‌ട്രീമിൽ കണ്ടു, മറ്റൊരു ദുരന്തം. മൂന്ന്‌ വർഷമായി പല ജില്ലകളിലായി റിപ്രൊഡക്‌റ്റീവ്‌ ഹെൽത്ത്‌ ക്ലാസെടുക്കുന്നു. നാലാം ക്ലാസ്‌ കുട്ടികൾ മുതൽ മദ്ധ്യവയസ്‌കർ വരെ ശ്രോതാക്കളായി മുന്നിലിരുന്നിട്ടുണ്ട്‌.

ആരോടും "ആൺപെൺ സമത്വമൊക്കെ പറയാൻ കൊള്ളാം, ചാടിത്തുള്ളി നടക്കുന്ന പെൺകുട്ടികളെ ആണിന്‌ ഇഷ്‌ടമാവില്ല. അച്ചടക്കമാണ്‌ അത്യാവശ്യം" എന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയൊട്ട്‌ പറയുകയുമില്ല.

ആണിന്‌ ഇഷ്‌ടപ്പെടാനല്ല പെണ്ണ്‌ ജീവിക്കുന്നത്‌, പെണ്ണിന്‌ ഒരു നിലനിൽപ്പുണ്ട്‌. ആണിനും അതേ. രണ്ട്‌ പേരും ഒരിക്കലും ഈക്വൽ അല്ല, യുനീക്‌ ആണ്‌ എന്നേ പറയാനാവൂ. പെണ്ണിന്‌ ആടാൻ തോന്നിയാൽ ആടും, പാടാനും ചാടാനും തോന്നിയാൽ അതും ചെയ്യും. സ്വന്തമല്ലാത്ത കാരണത്താൽ ഒരു അവയവം മുളച്ച്‌ പോയ മെറിറ്റിൽ അയാളെക്കൊണ്ട്‌ ഇഷ്‌ടപ്പെടുത്തി കുളസ്‌ത്രീ ആവണം എന്നൊക്കെ മൈക്കിന്‌ മുന്നിൽ ഞെളിഞ്ഞ്‌ നിന്ന്‌ പറയുന്ന ആ അച്ചടക്ക അമ്മച്ചിയും തല്ലിക്കെടുത്താൻ നോക്കുന്നത്‌ വിദ്യാർത്ഥികളുടെ ആത്മവിശ്വാസമാണ്‌. ഇവരെയൊക്കെ ആരാണ്‌ സ്‌കൂളിൽ വിളിച്ച്‌ കേറ്റുന്നത്‌?അതിന്‌ കൈയടിക്കാൻ കുറേ ജന്മങ്ങളും !!

ഇനിയും ഇപ്പഴത്തെ കുട്ടികളെ ഒന്നിനും കൊള്ളൂല, യൂസ്‌ലെസ്‌ ഫെല്ലോസ്‌ എന്ന്‌ പറയാൻ തോന്നുന്നുണ്ടോ? അന്നേരം, ഇത്തരം ഉദാഹരണങ്ങൾ സ്‌മരിക്കുന്നത്‌ വളരെ നല്ലതാണ്‌. രണ്ടല്ല, ഇങ്ങനത്തെ നൂറെണ്ണമുണ്ട്‌ പറയാൻ. എഴുതുന്ന ആളും ഒരു മെഡിക്കൽ കോളേജിലെ അധ്യാപികയാണ്‌. പഠിച്ചില്ലെങ്കിൽ വഴക്ക്‌ പറയുകയും ആടാനും പാടാനും എഴുതാനും ചിന്തിക്കാനും സ്വയവും മറ്റുള്ളവരേയും സ്‌നേഹിക്കാനും കുട്ടികളെ പഠിപ്പിക്കുന്നൊരാൾ. 'സാരമില്ല' എന്ന്‌ പറയാനും രോഗികളോട്‌ ചിരിക്കാനും മറക്കരുതെന്ന്‌ പറയുന്നൊരാൾ...

പഠിക്കാൻ മുന്നിൽ വന്നിരിക്കുന്ന വിദ്യാർത്‌ഥിയിലെ കനല്‌ തല്ലികെടുത്തുന്നതല്ല അധ്യാപനം. പകരം, ലോകം തിളക്കമാർന്നതാക്കാൻ മക്കളെ കഴിവുള്ളവരാക്കുന്ന 'തന്നോളം വളർന്നാൽ തോളിൽ കൈയിട്ട്‌' ശരിയും തെറ്റും ചൂണ്ടിക്കാണിക്കുന്നവരാകണം. അവര്‌ വാനോളം വളരുന്നത്‌ കണ്ട്‌ കുശുമ്പ് കുത്താതെ നിറഞ്ഞ്‌ ചിരിക്കാനാവണം...

അഭിമാനമാകണം വിദ്യാർത്ഥികൾ. അല്ലാതെ കാൽച്ചോട്ടിൽ ചിറക്‌ ചവിട്ടി പിടിച്ച്‌ 'പറക്കരുത്‌' എന്ന്‌ പറയുന്നവരെ വിളിക്കേണ്ടത്‌ അധ്യാപകരെന്നല്ല, വേറെ വല്ലതുമാണ്‌.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...